Wednesday, February 18, 2015

വിളപ്പില്‍ശാല



പതിവ് പോലെ അവിടെ വര്ണ്ണക്കൊടികള്‍ പാറിച്ചു കൊണ്ട് എല്ലാ പാര്‍ട്ടികളും ഒത്തുകൂടിയിരുന്നു. ഏതോ മന്ത്രി വരുന്നുണ്ട് പോലും വിളപ്പില്‍ ശാലയുടെ ദയനീയാവസ്ഥ കേന്ദ്രത്തില്‍ അറിയിക്കാന് വേണ്ടിപോകുന്ന വഴിയാണ്; അതിനുമുന്‍പ്‌ ആ സ്ഥലം ഒന്ന് കണ്ടേച്ചു പോയേക്കാമെന്നു കരുതി. നല്ലൊരു ജനക്കൂട്ടം ദുര്‍ഗന്ധമെല്ലാം സഹിച്ചു കൊണ്ട് അവിടെ കൂടിയിരുന്നെങ്കിലും അങ്ങ് ഒരു മൂലയില്‍ കിടക്കുന്ന ഈ മൃതുദേഹത്തിന്റെ അടുത്തേയ്ക്ക് ആരും വന്നെത്തി നോക്കിയില്ല. ഈച്ചകള്‍ അല്ലാതെ പിന്നെ മേരിയും പിന്നെയവളുടെ കൊച്ചന്‍ എസ്തപ്പാനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരാണെങ്കില്‍ എന്തുചെയ്യണം എന്നറിയാതെ ഈശോയെ വിളിച്ചു മാനം നോക്കി കരഞ്ഞുകൊണ്ടേയിരിക്കുന്നു. 

എസ്തപ്പാനു ഇടയ്ക്കിടെ അകലെയുള്ള ലഹളകളില്‍ പോയി എത്തി നോക്കിവരണം എന്നുണ്ട്; പക്ഷെ അമ്മച്ചി ഇടയ്ക്കിടെ കരച്ചില്‍ നിര്‍ത്തി ചീത്ത പറയുന്ന കാരണം അവന്‍ ചുറ്റുവട്ടങ്ങളില്‍ കറങ്ങി നടന്നു
പഞ്ചായത്ത് മെമ്പറെ വിളിച്ചുകൊണ്ടുവരാം എന്ന് പറഞ്ഞ പോയ അപ്പനെത്തെടി മേരി ഇടയ്ക്കിടെ അകലെയെങ്ങോട്ടോ നോക്കി മൂക്ക് ചീറ്റുന്നുണ്ടായിരുന്നു. അവളുടെ വീട്ടിലെ ടി വിയും, തുന്നല്‍ മഷീനും, ഇടയ്ക്കെ വാര്‍ക്കാകുന്ന മിക്സിയുമെല്ലാം കൊണ്ട് വന്നു തന്നിരുന്ന അവളുടെ കേട്ടിയോനാണ് ദാ മരിച്ചു കിടക്കുന്നത്. കച്ചറ പറക്കുന്ന കൂട്ടത്തില്‍ കിട്ടിയ മദ്യക്കുപ്പി ആര്‍ത്തിയോടെ മോന്തിയപ്പോള്‍ വിഷം കലര്‍ന്ന കുപ്പിയാണെന്ന് അറിഞ്ഞില്ലായിരുന്നു.

നേരം കുറെ കഴിഞ്ഞപ്പോള്‍ ഏതോ ചിലര്‍ ഒരു കൂട്ടമായി അവരുടെയടുത്തെയ്ക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ എസ്തപ്പാന്‍ മരിച്ചു കിടക്കുന്ന അപ്പച്ചന്റെ മേത്തു കയറി കളി തുടങ്ങി. ആ കൂട്ടങ്ങള്‍ അടുത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു വലിയ കാര്യം ലഭിച്ച സന്തോഷമയിരുന്നു എല്ലാവരുടെയും കണ്ണുകളില്‍. തൊണ്ടയിടറി പൊട്ടുമാറുച്ഛത്തില്‍ അവര്‍ മുദ്രാവാക്യം വിളിതുടങ്ങി. ഒന്നും മനസ്സിലാകാതെ കുട്ടിയെ എടുക്കാന്‍ തുനിഞ്ഞ മേരി കണ്ടതോ; ഏതോ ഒരു തുണിക്കഷണം കൊണ്ട് അച്ഛന്റെ വായിലെ ചോര തുടക്കാന്‍ നോക്കുന്ന മകനെയാണ്.....ആ തുണിയുടെയും വന്ന പാര്‍ട്ടിയുടെ കോടിയുടെയും നിറം ഒന്നായിരുന്നു......

പിന്നെ എല്ലാം പെട്ടെന്നായിരുന്നു....വിലാപയാത്രയ്ക്ക് ശേഷം പൊതു ദര്‍ശനവും കഴിഞ്ഞു അവര്‍ വീണ്ടും വിളപ്പു ശാലയില്‍ മറവു ചെയ്തു കടന്നു പോയി.

No comments: