Wednesday, November 26, 2014

ആമുഖം

അനിയന്‍കുട്ടന്‍റെ ലോകം.........

എഴുത്തിന്റെയും വായനയുടേയും ലോകത്തിലേയ്ക്ക് എത്തിനോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ ചെറിയ ഭയം തോന്നിയിരുന്നു. ആകാംക്ഷകള്‍ കൂടിക്കലര്‍ന്ന ആ ഭയത്തോടെയായിരുന്നു ഇതുവരെ ഈ വിശാലമായ ലോകം പുറമേ നിന്നു ഞാന്‍ നോക്കിക്കണ്ടിരുന്നത്. പക്ഷെ ഒരിക്കല്‍ സധൈര്യം പിച്ചവെച്ചു നടന്നു മുന്നേറിയപ്പോള്‍ എത്തിപ്പെട്ട, പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഈ ലോകത്തില്‍ എനിക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. മാത്രമല്ല അതെല്ലാം ആവോളം ആസ്വദിക്കാനും സ്വന്തമാക്കാനും ഉപയോഗിക്കാനും നിറയെ സ്വാതന്ത്ര്യവും.....

സമയം ഏറെയെടുത്തെങ്കിലും ഇന്ന് ഞാന്‍ നാമകരണം എന്ന വളരെ ശ്രമം വേണ്ടുന്ന ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അതിനു വേണ്ടുന്ന പലതും ഞാന്‍ മുന്നേ പറഞ്ഞ ലോകത്ത് നിന്നും ശേഖരിച്ചു വെച്ചിട്ടുണ്ട്. എന്നിരുന്നാലും അതെല്ലാം വേണ്ട രീതിയില്‍ തന്നെ ചേര്‍ത്തു വെക്കാന്‍ സാധിക്കുമോ എന്ന ശങ്കയാണ് ഈ ദീര്‍ഘകാല താമസത്തിന് കാരണം. ഇതുവരെ കൂടെയുണ്ടായിരുന്നവര്‍ പലരും സ്വന്തംമായി കയ്യൊപ്പ് ചാര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഞാനോ ഇന്നും അക്ഷരങ്ങളെ ശരിയായി തിട്ടപ്പെടുത്താന്‍ ശങ്കിച്ച് നില്‍ക്കുന്നു.......


എന്തായാലും പിന്തിരിയാന്‍ എനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ,  പേരിട്ടു വിളിക്കാവുന്ന ഒന്നും തന്നെ  എനിക്ക് നല്‍കാന്‍ സാധിക്കില്ല എന്നറിയാമെങ്കിലും എന്റെ നിസ്സഹായാവസ്ഥ ഒന്നിടവിടാതെ ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ പോവുകയാണ്.....


അതെല്ലാം നിങ്ങള്‍ക്ക് ദഹിക്കാവുന്ന കാരണങ്ങളാണെങ്കില്‍; നിങ്ങള്‍ക്ക് തന്നെ നാമകരണം ചെയ്യാവുന്നതാണ്......


ഇനി, "അനിയന്‍കുട്ടന്റെ ലോകം" എന്ന ശീര്‍ഷകം എന്താണെന്ന് വെച്ചാല്‍; എന്റെ ചെറിയ ഒരു മോഹം എന്നെ പറയേണ്ടതുള്ളൂ. കാരണം തറവാട്ടിലെ എന്റെ തലമുറയില്‍പ്പെടുന്നവരില്‍ ഏറ്റവും മൂത്തവന്‍ ഞാനാണ്. എനിക്ക് അനിയന്മാരും അനിയത്തിമാരുമായിട്ടു പത്തുപതിനഞ്ചുപേര്‍ ഉണ്ട്. എന്നാല്‍ പേരിനൊരു ചേട്ടനില്ല.....അതുകൊണ്ട് തന്നെ പലപ്പോഴായി എന്റെ മനസ്സില്‍ രൂപപ്പെടാറുള്ള ജ്യേഷ്ഠസഹോദര ലാളനകളെയാണ് ഞാന്‍ സ്വയം ഒരു അനിയന്‍കുട്ടനായി കണ്ടുകൊണ്ട് ഇവിടെ നിങ്ങള്‍ക്കായി വെളിപ്പെടുത്തുന്നത്....


തൃശൂര്‍ ജില്ലയില്‍ അതിമനോഹരമായ ചാത്തക്കുടം എന്ന ഗ്രാമത്തിലെ ഒരു പ്രവാസിയായ യുവാവാണ് ഞാന്‍........ഓണവും വിഷുവും തിരുവാതിരയുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്ക് മറയാന്‍ ശ്രമിക്കുന്ന ഒരു നാട്ടിന്‍പുറത്തിനെ, അതിയായി സ്നേഹിക്കുന്നവന്‍.....
ഇനിയുമുണ്ടേറെ പറയുവാന്‍; എന്നെക്കുറിച്ചും എന്റെ നാടിനെക്കുറിച്ചും.....അതെല്ലാം വഴിയെ....

ഹരീഷ് കാക്കനാട്ട്

No comments: