എന്തെന്നാല്‍, കൂടുതലും എന്റെ ചുറ്റുപാടുകളെക്കുറിച്ചായിരിക്കും. എന്നും എന്റെ ജീവിതം കടപ്പെട്ടിരിക്കുന്ന ചാത്തക്കുടം എന്ന സുന്ദര ഗ്രാമത്തിനെപ്പറ്റിയും, എന്നെ ഞാനാക്കി മാറ്റിയ എന്‍റെ കുടുംബത്തിനെപ്പറ്റിയും, എന്‍റെ കൂട്ടുകാരെപ്പറ്റിയും, പിന്നെ ഞാന്‍ ആമുഖത്തില്‍ പറഞ്ഞപോലെ ഞാന്‍ ആരാധിച്ചിരുന്ന ചില പ്രത്യേക വ്യകതിത്വങ്ങളെപറ്റിയുമായിരിക്കും. എന്നുവെച്ചു എല്ലാം ഞാന്‍ തുറന്നെഴുതാന്‍ പോകുന്നില്ല. കാരണം ഗ്രാമത്തിന്‍റെ നിഷ്കളങ്കത അതേപ്പടി മനസ്സില്‍ കൊണ്ടുനടക്കുന്ന ചിലര്‍ക്ക് ഞാന്‍ എഴുതുന്നതെല്ലാം ഇഷ്ടപ്പെടണമെന്നില്ല. നേര്‍വഴിക്കു പറയുകയാണെങ്കില്‍ ആരുടേയും സ്വകാര്യത അല്ലെങ്കില്‍ ആത്മാഭിമാനം ഹനിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
മൂന്നില്‍ രണ്ടുഭാഗം വരുന്ന പുഞ്ചവയല്‍പ്പാടങ്ങള്‍, അഗാധമായ ഗര്‍ത്തങ്ങളായിമാറുന്ന വന്ധ്യംകരണത്തിനു വഴങ്ങിക്കൊടുക്കാതിരിക്കുവാന്‍ സമരം ചെയ്യുന്ന നാട്. മീനവെയിലിനെ പൊരുതിത്തോല്‍പ്പിക്കാന്‍ തെങ്ങിന്‍ത്തോപ്പുകള്‍ക്കും കിണറുകള്‍ക്കും പിന്നെ കുളത്തിനും ആവോളം വെള്ളം നല്‍കുന്ന പ്രകൃത്ത്യാലുള്ള പുഴയും, അതിന്റെ നന്മയെ പങ്കുവെച്ചു നല്‍കാന്‍ പഴമയുടെ പാരമ്പര്യവും പേറി നിലകൊള്ളുന്ന ഡാമും എന്റെ നാടിന്റെ ചന്തം കൂട്ടുന്നു.
മനുഷ്യരുടെ ആവേശങ്ങളെ എന്നും നെഞ്ചിലേറ്റുന്ന ഈ ഗ്രാമത്തിന്റെ കെട്ടുറപ്പുകള്‍ നേരിട്ട് കണ്ടു ബോദ്ധ്യപ്പെടുവാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം എഴുന്നള്ളുന്ന "ശ്രീ ധര്‍മ്മ ശാസ്താവും" ; കുട്ടികള്‍ക്ക് കലപില കൂട്ടി കളിച്ചു രസിക്കുവാന്‍ വിശാലമായ അമ്പലമുറ്റവും, അലകടലുകള്‍ ആര്‍ത്തിരമ്പിയാല്‍ പോലും ദേഹമിളക്കാത്ത മുത്തശ്ശനാല്‍മരം പഞ്ചാരിയുടെ മാധുര്യം നുണയുമ്പോള്‍ നിന്നു തുള്ളിച്ചാടുന്ന കാഴ്ചകളും തലമുറകള്‍ കൈമാറി കണ്ടു കൊണ്ടിരിക്കുന്ന സുകൃതങ്ങളാണ്....
തൃശ്ശിവപേരൂര്‍ നഗരത്തില്‍ നിന്നും ഇരിഞ്ഞാലക്കുടയിലേയ്ക്കു പോകുന്ന വഴിയില്‍ പൂച്ചിന്നിപ്പാടം എന്നാ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു എന്റെ ദേശം "ചാത്തക്കുടം". എടുത്തു പറയുവാന്‍ വലിയ ചരിത്രങ്ങള്‍ അവകാശപ്പെടാനില്ലാത്ത എന്‍റെ ദേശത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യപുരാതനമായ "ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം" ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ നെടുംതൂണാണ്. മീനമാസത്തില്‍ നടന്നു വരുന്ന തിരുവാതിരപ്പുറപ്പാട് ആണ് ഞങ്ങളുടെ പ്രധാന ഉത്സവം. അമ്പലത്തിനേക്കാള്‍ പ്രാധാന്യം അമ്പലമുറ്റത്തെ ആല്‍ത്തറയ്ക്കാണെന്നാണ് ഞാന്‍ പറയുക. കാരണം പണ്ട് മുതലേ ആളുകള്‍ എന്നും ഇപ്പോഴും ഒത്തുകൂടിയിരുന്ന ഈ തണലില്‍ വെച്ചാണ് ജീവിതങ്ങള്‍ പച്ചപിടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി ആഗോള കാര്യങ്ങള്‍ വരെ കൊത്തിക്കൊറിച്ചിരുന്നത്.
എന്തിനേറെ പറയുന്നു....
ഇനി മുതല്‍ ഞാന്‍ ഓരോന്നായി ഇവിടെ അടയാളപ്പെടുത്താം.....
ഒരുപക്ഷെ എന്‍റെ നാടിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പ്പര്യമില്ലാത്തവര്‍ക്ക് മുഷിവു തോന്നിയേക്കാം. അതുകൊണ്ട് മറ്റുചില വിഷയങ്ങളും ഇടയില്‍ ഞാന്‍ ചേര്‍ക്കുന്നതായിരിക്കും.
ഹരീഷ് കാക്കനാട്ട്
No comments:
Post a Comment