Saturday, December 13, 2014

കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി...............



പുകമറകള്‍ നീണ്ടു നിന്ന കുറച്ചു നാളുകള്‍ക്കു ശേഷം നല്ലൊരു വെളുത്ത പ്രഭാതമായിരുന്നു അന്നു വിരിഞ്ഞത്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് നമ്മള്‍ മനുഷ്യര്‍ വിശ്വസിച്ചു പോരുന്നു..............

ഇന്നെന്തു പറ്റിയിവള്‍ക്ക്, പനിയൊക്കെ വിട്ടുപോയിട്ടും കുഞ്ഞിമോള്‍ പതിവിലും വിട്ടുറങ്ങുന്നത് കണ്ടപ്പോള്‍ സുലോചനയ്ക്കത്ഭുതമായി.
പുതപ്പു മാറ്റി കുഞ്ഞുമോളെ എടുക്കാന്‍ തുനിഞ്ഞപ്പോള്‍, അവളുറക്കപ്പിച്ചയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അയ്യേ!!! ഇതെന്താത്, ഇത്ര വലിയ കുട്ടി, നേരം വെളുത്തിട്ടും ഉറങ്ങാണോ???
എണീയ്ക്ക് മോളേ, നേരം വൈകി.
ദേ, അച്ഛന്‍ ഒറ്റയ്ക്കിന്നു പശൂനെ കുളിപ്പിക്കാന്‍ പോകും ട്ടാ... ഇന്നെന്താ നിനക്ക് പതിവില്ലാണ്ടൊരുറക്കം. പനിയൊക്കെ മാറീല്ലോ!!!.
തന്റെ പണികള്‍ക്കിടയില്‍ മോളെയുണര്‍ത്താന്‍ ശ്രമിച്ചു നോക്കിയതായിരുന്നു സുലോചന.

മോളെ എണീയ്ക്ക്; മുറ്റമടിക്കണ്ടേ പോന്നുമോള്‍ക്ക്‌. ദേ, നിന്റെ കുറ്റിച്ചൂല് ആ കുറുഞ്ഞി തട്ടിത്തട്ടി ചീത്തയാക്കീട്ടുണ്ട്. നിന്നോടുള്ള ദേഷ്യമാണവള്‍ക്ക്. അവളെ നീ ഇടയ്ക്കിടെതല്ലുന്നത് അവള്‍ക്കു പിടിക്കുന്നില്ല കേട്ടോ.
ദേ....ഇനീം നീയെണീറ്റില്ലെങ്കില്‍ അമ്മപോയി മുറ്റമടിക്കും. പിന്നെ കിടന്നു കിണുങ്ങീട്ട് കാര്യമില്ല.

സാധാരണ അതിരാവിലെ ആറുമണിയ്ക്ക് തന്നെ നാല് വയസ്സുകാരി കുഞ്ഞുമോള്‍ എണീറ്റിരിയ്ക്കും. പിന്നെ ഒരു ചെറിയ കുറ്റിച്ചൂലുമെടുത്ത് മുറ്റമടിയ്ക്കല്‍ എന്ന കലാപരിപാടിയാണ് ആദ്യം. അമ്പലപ്രാവിനെ കല്ലെറിയുക, ഉറുമ്പിന്‍ കൂട്ടത്തെ ചവിട്ടി കൊല്ലുക, പൂവുകള്‍ ഉണ്ടായോന്നു നോക്കുക, ടോമി കൂട്ടില്‍ തന്നെ അപ്പിയിട്ടെങ്കില്‍  വലിയ വടി എടുത്തു പിടിച്ചു അവനെ ചോദ്യം ചെയ്യുക അങ്ങനെ നീളും കലാപരിപാടികള്‍. അപ്പോഴേയ്ക്കും പശുവിനെ കുളിപ്പിക്കാന്‍ അച്ഛന്‍തോട്ടിലേയ്ക്കു പോകുമ്പോള്‍ അവളും പാതി പണി കളഞ്ഞിട്ടോടും. പിന്നെ ഒന്ന് രണ്ടു മണിക്കൂര്‍ നീരാട്ടാണ്. സ്കൂള്‍ ഉള്ള സമയത്ത് ഈ നീരാട്ട് നടക്കില്ല കേട്ടോ. സ്കൂളില്ലെങ്കില്‍ പിന്നെ പറയണോ പൂരം. നാല് വയസ്സുകാരിയുടെ വിക്രിയകള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പറമ്പിലും മറ്റുമായി കൂട്ടുകാരൊത്തു “വീട്” കളിക്കലാണ്പ്രധാന പരിപാടി. കാലത്തിറങ്ങിയാല്‍ നേരം ഉച്ചയാകും കയറുവാന്‍. ഇതിനിടയില്‍എന്തെങ്കിലും അമ്മ വായില്‍ കുത്തിത്തിരുകിയാലായി ഭക്ഷണം കഴിക്കല്‍. പൂച്ചയുറക്കം പോലത്തെ ഉച്ചയുറക്കവും കഴിഞ്ഞു, പശുവിനെ കറക്കാന്‍ കയറു പിടിച്ചു കൊടുക്കുന്ന മഹത്തായ ജോലിയും ചെയ്തശേഷമാണ് നാട്ടുവര്‍ത്തമാനം ശേഖരിക്കാന്‍  അമ്മയുടെ കൂടെ ഉച്ച സര്‍ക്കീട്ട് പോകുക.  കുഞ്ഞുട്ടേട്ടന്‍ കളിക്കാന്‍ കൂട്ടാത്തതിലുള്ള അവളുടെ വിഷമം അങ്ങിനെയാണ് നീങ്ങുക. ഈ സമയത്താകും, അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ വിളമ്പാറുള്ള പരാതികളും വിഷമങ്ങളും കണ്ടുപിടിക്കുക”.

പിന്നെയും കുറെ കഴിഞ്ഞു അവള്‍ എണീക്കാഞ്ഞപ്പോള്‍ കവിളിലും കഴുത്തിലുമെല്ലാം തൊട്ടു നോക്കി പനിയൊന്നുമില്ല എന്നുറപ്പുവരുത്തി സുലോചന. കുറച്ചു വെള്ളമെടുത്തു കണ്ണിലെ പീള കെട്ടിയത് തുടച്ചിട്ടു വായ്‌ കൂടി തുടക്കാന്‍ നോക്കിയപ്പോള്‍, കുഞ്ഞുമോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അവ്യക്തമായിരുന്നെങ്കിലും പിന്നേം പിന്നേം കുഞ്ഞുമോള്‍ പറഞ്ഞു കൊണ്ടേയിരുന്നു.“ കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി”............

അമ്പടി കുഞ്ഞ്യോളെ........എന്ന് പറഞ്ഞു അവസാനത്തെ സൂത്രമായി സ്പൂണില്‍ കുറച്ചു പാലെടുത്ത് ചുണ്ടത്തു വെച്ചപ്പോള്‍ ചാടിയെണീക്കുകയായിരുന്നു കുഞ്ഞുമോള്‍. എണീറ്റതും, പരിസരം പരിചയമല്ലാത്ത പോലെ ചുറ്റും നോക്കിയിട്ട് അമ്മേ എന്ന് പറഞ്ഞു ഒരു പൊട്ടിക്കരച്ചില്‍. മാത്രമല്ല പെട്ടെന്നെഴുന്നേറ്റു മുറ്റത്തെയ്ക്ക് എന്തോ തേടിയിട്ടെന്നപോല്‍ ഓടുകയായിരുന്നവള്‍. 

തേടിയതെന്തോ മുറ്റത്തു കാണാഞ്ഞിട്ടു, അപ്പോഴേക്കും ഭയന്നു പിന്നാലെ ഓടി വന്ന അമ്മയോടു അച്ഛനെവിടെ അമ്മെ??? എന്നാണവള്‍ വലിയ വായില്‍ കരഞ്ഞുകൊണ്ട്‌ തിരക്കിയത്. ചെറിയ ഒരു "വലിയ ഭയം" കുഞ്ഞുമോളില്‍ കാണാമായിരുന്നു. എങ്കിലും സുലോചനയ്ക്കപ്പോഴാണ് സമാധാനമായത്.
അയ്യേ ഇതിനാണോ കുഞ്ഞ്യോള് കരഞ്ഞോടിയത്.
മോള്‍ക്ക്‌ പനിയാണെന്ന് വിചാരിച്ചു അച്ഛന്‍ വിളിക്കാഞ്ഞതല്ലേ.  പനീ വിട്ടിട്ടല്ലേയുള്ളൂ. ഇനിപ്പോ പശൂനെ കുളിപ്പിക്കാന്‍ നാളെ പോകാട്ടോ.
കുഞ്ഞുമോള് വരൂ....അമ്മ ദോശ തരാ....ട്ടോ.
അച്ഛനെവിടെ അമ്മെ ?????? അവള്‍ പിന്നെയും ചോദിച്ചു. ചെറിയ ഒരു ചിണുങ്ങല്‍ അവളില്‍ ഇല്ലാതിരുന്നില്ല.
ഇതെന്തു പറ്റി കുഞ്ഞ്യോള്‍ക്ക്. 
നേരം എത്രായീന്നറിയാമോ???.....അച്ചനെപ്പോഴേ ജോലിയ്ക്ക് പോയ്‌.
വൈകുന്നേരം ജോലി കഴിഞ്ഞു കുഞ്ഞ്യോളെ കാണാന്‍ വേഗം വരൂട്ടോ എന്ന് പറഞ്ഞു സുലോചന അടുക്കളയിലേയ്ക്ക് വലിഞ്ഞു.
“എന്തോക്കൊയെ ചിന്തകളും പേടികളും ആ കുഞ്ഞും മനസ്സിനെ പിടികൂടിയിരുന്നു. പക്ഷെ അതൊന്നും തുറന്നു ചോദിക്കാന്‍ ഉള്ള ഭാഷ അവള്‍ വശത്താക്കിയിരുന്നില്ല”.

എങ്കിലും അച്ഛന്‍ ഇത്രയം പെട്ടെന്ന് വന്നെങ്കില്‍ എന്നവള്‍ ആശിച്ചു. പതിവില്ലാതെ മടിച്ചുകൊണ്ട് പിന്നാമ്പുറങ്ങളില്‍ അവളുടേതായ ലോകത്തേയ്ക്ക് അവള്‍ ഇറങ്ങി ചെന്നെങ്കിലും ഒന്നിനും ഒരുഷാറു തോന്നിയില്ല ആ കുഞ്ഞുമോള്‍ക്ക്.

“ഇന്നലെ പാലുകാച്ചല്‍ കഴിഞ്ഞ വീടാണ്, തകര്‍ന്നു കിടക്കുന്നത്. പുതിയ വീട്ടില്‍ ആദ്യം തന്നെ ഈശ്വരന് വേണ്ടി പാല് കാച്ചണം എന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ഹും......, ഇതെല്ലാം കുഞ്ഞുട്ടേട്ടന്റെ പണിയാകും. ഇനി നെഹേം, അമ്പീം കൂടി വന്നിട്ട് വേണം അത് ശരിയാക്കാന്‍ എന്ന് അവള്‍ തീരുമാനിച്ചു”.
ചിലപ്പോള്‍ കുറുഞ്ഞിയുടെ പണിയാകാനും സാദ്ധ്യതയുണ്ടെന്നു കണ്ട് അപ്പുറത്തോട്ടു ചെന്ന് തൊഴുത്തിന് മുന്നില്‍ ചെന്ന് നോക്കിയപ്പോള്‍ അതാ കുറ്റിച്ചൂല് പിച്ചിപ്പറിച്ചിട്ടിരിക്കുന്നു. എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ വൈക്കോല്‍ തൊട്ടിയില്‍ കിടന്നുറങ്ങുകയാണ് അവളുടെ പ്രധാന ശത്രു കുറിഞ്ഞിപ്പൂച്ച.
ഹും..... കാണിച്ചു തരാടീ നിന്നെയെന്നു പറഞ്ഞു കുഞ്ഞുമോള്‍ കൂട്ടുകാരെ വിളിക്കാന്‍ ഉറക്കച്ചടവെല്ലാം വിട്ടിട്ടോടിപ്പോയി.
പോകുന്ന വഴി വീടിന്റെ പിന്നിലെത്തിയപ്പോള്‍ പെട്ടെന്നെന്തോ ഓര്‍മ്മ വന്നിട്ടെന്നപോലെ രാധൂന്റെ വീട്ടിലേയ്ക്ക് എത്തിനോക്കാന്‍ തോന്നിയവള്‍ക്ക്‌. വേലിപ്പടര്‍പ്പുകള്‍ക്ക് അവളെക്കാള്‍ പോക്കമുണ്ടെങ്കിലും സ്ഥിരം അങ്ങോട്ട്‌ കടക്കാറുള്ള ചെറിയ ഇഴയില്‍ക്കൂടി നോക്കിയപ്പോള്‍, ചെറിയ ഒരു ഭയം അവളെ പിടികൂടാതിരുന്നില്ല. അവിടെനിന്നും പുക ഇപ്പോഴും ഉയരുന്നുണ്ടോ എന്നറിയാനായിരുന്നു അവളുടെ എത്തിനോട്ടം.
രാധൂനെയൊട്ടു അവിടെയൊന്നും കാണാനുമില്ല.

രാധൂന്റെ അച്ഛനെ ദഹിപ്പിച്ചിട്ടു രണ്ടു മൂന്നു നാളെ ആയിരുന്നുള്ളൂ. പെട്ടെന്നൊരു ദിവസം കാലത്ത് രാധൂന്റെ അമ്മയുടെ ഓളിയിട്ടുള്ള കരച്ചില്‍ കേട്ടു അച്ഛനുമമ്മയും അവിടെയ്ക്ക് വെപ്രാളപ്പെട്ട് ഓടിപ്പോകുന്നത് കണ്ടു. അവരുടെ നെട്ടോട്ടം കണ്ടപ്പോള്‍ ചെറിയ പേടി തോന്നാതിരുന്നില്ല. കുഞ്ഞുട്ടേട്ടനോടും ഇവിടെ ഇരുന്നാല്‍ മതി എന്ന് പറഞ്ഞതിനാല്‍ കുഞ്ഞുമോള്‍ അവിടെ തന്നെ ഇരുന്നു അവര്‍ വരുവോളം. അതുകൊണ്ട് തന്നെ അവിടെ എന്തിനാണ് അവര്‍ കരയുന്നത് എന്ന് മനസ്സിലാക്കാനായില്ല കുഞ്ഞുമോള്‍ക്ക്. പിന്നെ കുറെ കഴിഞ്ഞു കുഞ്ഞുട്ടേട്ടനോട് അച്ഛന്‍ പറയുന്നത്‌ കേട്ടു; രാധൂന്റെ അച്ഛന്‍ മരിച്ചൂന്ന്.
 
ഇടയ്ക്കിടെ അച്ഛനും അമ്മയും കൂടി സംസാരിക്കുമ്പോഴോ, അല്ലെങ്കില്‍ ഉച്ച സര്‍ക്കീട്ട് സമയത്തെ വര്‍ത്തമാനത്തിലോ മാത്രമേ അവള്‍ ആള്‍ക്കാര്‍ മരിക്കുന്നതിനെ പറ്റി കേട്ടിട്ടുള്ളൂ. അതെന്താണെന്ന് ശരിക്കും ഇപ്പോള്‍ രാധൂന്റെ അച്ഛന്‍ മരിച്ചപ്പോഴാണ് മനസ്സിലായത്‌. ആളുകള്‍ മരിച്ചാല്‍ പിന്നെ അവരെ കാണാന്‍ പറ്റില്ലത്രേ. മാത്രമല്ല അവര്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റില്ല. അതും പോരാഞ്ഞു അവരെ പെട്ടെന്ന് തന്നെ കത്തിച്ചു കളയും, അങ്ങനെ ചെയ്താലേ സ്വര്‍ഗത്തില്‍ എത്തുള്ളൂന്നാണ് അമ്മ പറയുന്നത്.

ഒന്നുമാത്രം കുഞ്ഞുമോള്‍ക്ക് മനസ്സിലായില്ല. രാധൂം അവളുടെ അമ്മയും പിന്നെ ആരൊക്കെയോ കൂടി  ഓളിയിട്ടു കരഞ്ഞിട്ടും കുറേയാള്‍ക്കാര്‍ ചേര്‍ന്ന് ഒരു തുണിയില്‍ പൊതിഞ്ഞു അവളുടെ അച്ഛനെ തീയിട്ടു കത്തിച്ചു. ആരും അവരോടു വേണ്ടാ എന്ന് പറഞ്ഞില്ല.
ഹോ! എന്തൊരു വലിയ തീയായിരുന്നു. ആകാശത്തോളം വലിയ തീ, അത്രത്തോളം പുകയും ഉണ്ടായിരുന്നു. കുഞ്ഞുട്ടേട്ടന്റെ കൂടെ കുറെ കഴിഞ്ഞ് അവിടെപ്പോയപ്പോള്‍ ആകെക്കൂടിയുള്ള ബഹളം അവളെ പേടിപ്പെടുത്തിയിരുന്നു. രാധൂനെ കാണാനോ അവളുടെ അടുക്കല്‍ പോകാനോ അവള്‍ക്കു സാധിച്ചില്ല. കുഞ്ഞുമോളേം കുഞ്ഞുട്ടേട്ടനേം കണ്ടപ്പോള്‍ രാധൂന്റെ അമ്മ കൂടുതല്‍ ഉച്ചത്തില്‍ കരയുകയാണുണ്ടായത്.
അതുകൊണ്ടായിരിക്കാം അച്ഛനെന്തോ കുഞ്ഞുമോളോട് കുറച്ചു  ദിവസത്തേയ്ക്ക് രാധൂനെ കാണണ്ടാന്നും അവിടെ പോയി കളിക്കണ്ടാന്നും പറഞ്ഞത്..... അവള്‍ക്കെന്തോ കാര്യമായ പേടി തോന്നി.  

പക്ഷെ കുഞ്ഞുട്ടേട്ടന്‍ അതിനെപ്പറ്റി പറഞ്ഞ കാര്യങ്ങളില്‍ പാതിയും അവളുടെ കുഞ്ഞിമണ്ടയില്‍ കയറിയില്ല.
രാധൂന്റെ വീട് പണിയാനും, ടീവീം, ഫ്രിഡ്ജും വാങ്ങാനും അവളുടെ അച്ഛന് ആരോ കുറെ പൈസ കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ പൈസ തിരിച്ചു ചോദിച്ചെന്നും, പാവം അവളുടെ അച്ഛന്റെ കയ്യില്‍ പൈസ ഇല്ലാഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും കുറെ സാധനങ്ങളും ടീവീം ഫ്രിഡ്ജും എടുത്തോണ്ട് പോയിയെന്നും മറ്റുമാണ് നാട്ടുകാര്‍ പറയുന്നത് എന്ന് കുഞ്ഞുട്ടേട്ടന്‍ വീട്ടില്‍ പറയുന്ന കേട്ടു.
“അത് കുഞ്ഞ്യോളും കണ്ടതായിരുന്നു. അത് പിന്നെ കേടു വന്നിട്ട് നേരെയാകാന്‍ കൊണ്ട് പോയതെന്നായിരുന്നു കുഞ്ഞ്യോളുടെ അച്ഛന്‍ അവളോടന്നു പറഞ്ഞത്”.

പിന്നെ കുറച്ചു നാള്‍ മുന്‍പ് പീടികപ്പടിയില്‍ വെച്ച് പൈസ കൊടുക്കാഞ്ഞതിനാല്‍ ആരോക്കെയോ ചേര്‍ന്ന് രാധൂന്റെ അച്ഛനെ തല്ലിയത്രേ. അത് കഴിഞ്ഞും അവര്‍ വീട്ടില്‍ കേറി വന്നു എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു പേടിപ്പെടുത്തി.
അതും കുഞ്ഞ്യോള്‍ക്ക് ഓര്‍മ്മയുണ്ട്. അന്ന് രാത്രി മുഴുവന്‍ കുഞ്ഞ്യോളും അച്ഛനും അമ്മയും കുഞ്ഞെട്ടനും രാധൂന്റെയവിടെയാണ് കിടന്നുറങ്ങിയത്. 

പിന്നെ രണ്ടു നാള്‍ കഴിഞ്ഞാണ് രാധൂന്റെ അച്ഛന്‍ കയറില്‍ കെട്ടിത്തൂങ്ങിയത്. കയറില്‍ തൂങ്ങിയാല്‍ ആളുകള്‍ മരിക്കുമോ??????അങ്ങനെയാണോ ആളുകള്‍ മരിക്കുനത്??വയസ്സയാലല്ലേ ആളുകള്‍ മരിക്ക്യാ????അങ്ങനെ കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു കുഞ്ഞ്യോളുടെ മനസ്സില്‍.

അതുമാത്രമല്ല, മനുഷ്യനെ കത്തിക്കുമ്പോള്‍ അതിന്റെ പുക ശ്വസിച്ചാല്‍ കൊച്ചുകുട്ടികള്‍ക്ക് അസുഖം വരുമത്രേ. അങ്ങനെയാണ് കുഞ്ഞ്യോള് പനിപിടിച്ചു കിടന്നത് എന്ന് അമ്മ പറഞ്ഞിരുന്നു.
ആ പുക മുഴുവന്‍ കഴിഞ്ഞാലേ മരിച്ചയാള് സ്വര്‍ഗത്തിലോട്ടു പോകുള്ളൂ. അത്രയും നാള്‍ അവിടെ അലഞ്ഞു തിരഞ്ഞു നടക്കും ഭൂതമായിട്ടു. കുഞ്ഞുട്ടേട്ടന്‍ പറഞ്ഞതാണിതെല്ലാം.
ഇതെല്ലാം കേട്ടതില്‍ പിന്നെ കുഞ്ഞിമോള്‍ രാപ്പകല്‍ അമ്മയുടേം അച്ഛന്റേം പുറകില്‍ നിന്നും മാറീട്ടില്ല.
അല്ല രാധൂന്റച്ചന്‍ പാവമായിരുന്നില്ലേ???
പാവേനെ ചോദിച്ചപ്പോ പാവേടെ കുഞ്ഞുടുപ്പ്‌ കൂടി തന്നതല്ലേ എനിയ്ക്ക്.
എന്നെ വല്ല്യേ ഇഷ്ടായിരുന്നു. എന്നാലും രാധൂന്റച്ചന്‍ ഭൂതമാകുമ്പോള്‍ എന്നെ പിടിക്ക്യോ?????

കുഞ്ഞ്യോളെ പനി വീണ്ടും വരൂട്ടാ.... നീ വെയില് കൊണ്ടാല്‍.
രണ്ടു ദിവസം കൂടി അടങ്ങിയിരിക്ക്‌.
അമ്മ അടുക്കളിയില്‍ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
നെഹേനേം അമ്പീനേം വിളിക്കാന്‍ പോണോ, അതോ രാധൂനെ കാണാന്‍ പോണോ എന്ന ശങ്കയായിരുന്നു അവള്‍ക്കു. എന്നാല്‍ ഭയമില്ലാതെയുമില്ല. അതിനാല്‍ അമ്മയുടെ കൂടെ അടുക്കളയില്‍ കളിക്കാന്‍ തീരുമാനിച്ചു അവള്‍.
അന്ന് പിന്നെ അവള്‍ പുറത്തു കളിക്കാനൊന്നും പോയില്ല. ഏഴാം ക്ലാസില്‍ പഠിക്കുന്ന അവളുടെ കുഞ്ഞുട്ടേട്ടന്‍ വരാന്‍ കാത്തിരുന്നു. സാധാരണ കുഞ്ഞുട്ടേട്ടന്‍ ട്യൂഷനും കഴിഞ്ഞു അച്ഛന്റെ കൂടെയാണ് വരാറുള്ളത്. ഇന്ന് പക്ഷെ സ്കൂള്‍ ഒന്നും ഇല്ലാത്തതിനാല്‍ എങ്ങടോ കളിക്കാന്‍ പോയിരിക്കാണ്. 

പിന്നെയെപ്പോഴോ കാത്തിരുന്നു മുഷിഞ്ഞു കിടന്നുറങ്ങിപ്പോയ അവള്‍ കുഞ്ഞേട്ടന്റെ വര്‍ത്തമാനങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്.
“അമ്മേ, ദേ അച്ഛനോട് പറയണം ആ ചേട്ടന്മാരോട് കൂട്ട് കൂടരുതെന്നു. സുനുക്കുട്ടന്‍ പറഞ്ഞതാണ് അവര്‍ ആളെക്കൊല്ലികളാണത്രേ. അവരാണ് രാധൂന്റെ അച്ഛനെ പീടികപ്പടിയില്‍ വെച്ച് കൊല്ലാന്‍ നോക്കിയത്. ആദ്യമെല്ലാം ചിരിച്ചു കാട്ടി അവര്‍ അടുത്ത് കൂടും. പിന്നെ പൈസ കടം തരും ധാരാളം. പിന്നെ പൈസ തിരിച്ചു കൊടുക്കാഞ്ഞാല്‍ ആളെ തല്ലിക്കൊല്ലും.  അവര്‍ പീടികപ്പടിയില്‍ അച്ഛനോട് ചേര്‍ന്ന് സംസാരിക്കുന്നത് ഞാന്‍ കണ്ടു. അവര്‍ നിരബന്ധിച്ചിട്ടു പിന്നെ അച്ഛന്‍ അവരുടെ കടയില്‍ നിന്നും പൈസ വാങ്ങും. അമ്മയല്ലേ പറയാറ് അച്ഛനോട് ഒന്നും ചോദിക്കരുത്. നമ്മള്‍ പൈസയില്ലാത്തവരാണെന്നൊക്കെ. അമ്മ ഇന്ന് തന്നെ അച്ഛനോട് പറയണം. അവരോടു മിണ്ടരുതെന്നും പൈസ വാങ്ങരുതെന്നും.”
കുഞ്ഞുത്തേത്താ, അച്ഛന്‍ വന്നോ???? അവള്‍ കുഞ്ഞുട്ടേട്ടന്റെ അരികത്ത് പറ്റിച്ചേര്‍ന്നുനിന്ന് ചോദിച്ചു.
എന്തിനാ, നിന്റെ മിട്ടായിയ്ക്കാണോ??? ദേ ഒരു കാര്യം പറഞ്ഞേക്കാം അച്ഛന്റെ കയ്യില്‍ നയാ പൈസയില്ല. നീ എന്നും മിട്ടായി, ഉടുപ്പ്, പാവ എന്നൊക്കെ പറഞ്ഞാല്‍ അച്ഛന്‍ ഇവിടെ നിന്നെടുത്തു വാങ്ങും. അവസാനം ആരുടേങ്കിലും കയ്യില്‍ നിന്നും പൈസ കടം വാങ്ങും. ചിലപ്പോള്‍ രാധൂന്റെ അച്ഛനെ കൊല്ലാന്‍ നോക്കിയ ആ കള്ളന്മാര്‍ പൈസേം കൊടുക്കും. അതുകൊണ്ട് ഒരൊറ്റ സാധനം നീ ചോദിക്കരുത്. കേട്ടോടീ......കുഞ്ഞുട്ടേട്ടന്‍ കൂടുതല്‍ ഉച്ചത്തില്‍ അവളെ ചീത്ത പറഞ്ഞു...

ഡാ......നിര്‍ത്തെടാ. അടി വാങ്ങും നീ.
നീയെന്തോക്കെയാ കുഞ്ഞ്യോളോടു പറയണത്. അവള്‍ കൊച്ചു കുട്ടിയല്ലേ. അല്ലെങ്കിലെ പേടിച്ചു വിറച്ചിട്ടു പനി മാറിയതെയുള്ളൂ. അതുപോരാണ്ട് നിന്റെ വക വേറെയും. സുലോചന കുഞ്ഞുട്ടനെ ചീത്ത പറഞ്ഞു ഓടിപ്പിച്ചു.
അപ്പോഴേക്കും കുഞ്ഞു മോള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഇത് കേള്‍ക്കേണ്ട താമസം ഉച്ചത്തില്‍ കരയാനും തുടങ്ങി.
അയ്യേ!!!! മോള് പേടിച്ചോ, അവന്‍ നിന്നെ പിടിപ്പിച്ചതല്ലേ. അവനു ഞാന്‍ അച്ഛനോട് പറഞ്ഞിട്ട്‌ നല്ല അടി വാങ്ങിക്കൊടുക്കാട്ടോ; കേട്ടോ മോളേ.....
കുഞ്ഞ്യോള്‍ക്ക് വൈകുന്നേരം വരുമ്പോള്‍ അച്ഛന്‍ പാപ്പം കൊണ്ട് വരാംന്നു പറഞ്ഞിട്ടുണ്ടല്ലോ........സുലോചന കുഞ്ഞു മോളേ കൊഞ്ചിക്കാന്‍ നോക്കി. എന്നിട്ടും തേങ്ങിക്കൊണ്ടിരുന്ന കുഞ്ഞുമോളെ സുലോചന മാറോട് ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു.
വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍, ആദ്യം തന്നെ കുഞ്ഞുമോള്‍ എല്ലാ പരാതിയും ബോധിപ്പിച്ചു. പിന്നെ അവള്‍ക്കായി കൊണ്ട് വന്ന ബ്രെഡ്‌ കഴിച്ചിട്ടാണ് അവള്‍ സമാധാനിച്ചത്‌. പക്ഷെ പതിവിനു വിപരീതമായി അച്ഛനോട് ചേര്‍ന്ന് കളിക്കാനവള്‍ നിന്നില്ല. ആകെ ഒരു നനഞ്ഞ കിളിക്കുഞ്ഞിനെപ്പോലെ അച്ഛനോട് ചേര്‍ന്ന് വേഗമുറങ്ങിയവള്‍.

രാത്രി വൈകിയും അച്ഛനുമമ്മയും എന്തോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെയെപ്പോഴോ അമ്മ പതിയെ കരയുന്ന ശബ്ദം കേട്ടു കുഞ്ഞു മോള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍, അമ്മയ്ക്ക് കുഞ്ഞ്യോളുടെ പനി പകര്‍ന്നതാണെന്നാണ് അച്ഛന്‍ കുഞ്ഞുമോളോട് പറഞ്ഞത്. 

നാളെ ഡോക്ടറെ കാണാന്‍ ഒരുമിച്ചു പോകാമെന്നും കുഞ്ഞ്യോള് ഇപ്പോള്‍ പോയിക്കിടക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോളും അവളുടെ മനസ്സു മുഴുവന്‍ പിന്നാമ്പുറത്തെ വേലിപ്പടര്‍പ്പിലേയ്ക്കായിരുന്നു.  രാത്രിയുടെ മറവുകള്‍ പുകച്ചുരുളിനെ മറച്ചിട്ടുണ്ടായിരുന്നു.  പക്ഷെ ആ രാത്രികള്‍ക്ക് ആ കുഞ്ഞു മനസ്സിന്റെ ഭയപ്പാടുകളെ മായ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

കുഞ്ഞുട്ടേട്ടനെ ചേര്‍ന്ന് കിടന്നപ്പോള്‍ എന്തോ ഉറക്കം അവളെ പെട്ടെന്ന് കീഴടക്കി. ആ കുഞ്ഞു മനസ്സിനെ അവളുടെ പകല്‍ സമയത്തെ ചിന്തകളും മറ്റും ഇരുട്ടിന്റെ നിഗൂഡമായ അറകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ആ അബോധമനസ്സില്‍ രാത്രിയുടെ നാടകങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അവയുടെ തയ്യാറെടുപ്പുകള്‍ എന്നപോലെ ആ കുഞ്ഞു ചുണ്ടുകള്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. പതിയെ പതിയെ രാത്രി കൊഴിഞ്ഞു കൊണ്ടേയിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലേയ്ക്കും വഴുതിവീണു.

എന്നും കുഞ്ഞുട്ടേട്ടനോട് ഓരോ കാര്യത്തിനും തല്ലു കൂടുകയും, കാര്യം നടക്കാന്‍  കൊഞ്ചിക്കൊഞ്ചി പിന്നാലെ നടക്കുകയും അത് നടക്കാതെ വരുമ്പോള്‍ പിന്നെ ചിണുങ്ങലില്‍ത്തുടങ്ങി അവസാനം വാശി പിടിച്ചു കരയുകയാണ് പതിവ്.
പക്ഷെ അന്ന് രാത്രിയിലെപ്പോഴോ തന്റെ കുഞ്ഞുട്ടേട്ടന്റെ ദേഹത്ത് കാലു കയറ്റിവെച്ച് കിടക്കുമ്പോള്‍, കുഞ്ഞുമോള്‍ പെട്ടെന്നുറക്കത്തില്‍ വാവിട്ടു കരയുവാന്‍ തുടങ്ങി. ഉച്ചത്തിലുള്ള ആ കുഞ്ഞിന്റെ കരച്ചിലിന് രാത്രിയുടെ നിശബ്ദതയെ കീറിമുറിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
എന്തോ ഉറക്കത്തില്‍ കേട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന കുഞ്ഞ്യോളുടെ അച്ഛനുമമ്മയും ഓടിവന്നു നോക്കുമ്പോള്‍ കുഞ്ഞുട്ടന്‍ സുഖമായി ഉറങ്ങുകായിരുന്നു. പക്ഷെ, അവന്റെ മേത്തു കാല്‍ വെച്ച് കിടക്കുന്ന കുഞ്ഞു മോള്‍  എന്തൊക്കെയോ ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു ഇടവിട്ടിടവിട്ട് കരയുന്നുമുണ്ടായിരുന്നു. പതിവില്ലാതെ വിയര്‍ക്കുകയും വിറയ്ക്കുകയുമായിരുന്നു കുഞ്ഞുമോള്‍. 

പനി വിട്ടതാണോ അതോ കൂടിയതാണോ എന്നറിയാതെ അവര്‍ രണ്ടുപേരും വല്ലാതെ വിഷമിച്ചു പോയി. സുലോചനയാണെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തയവസ്ഥയില്‍ നിന്ന് കരയാനും തുടങ്ങി.
പെട്ടെന്ന് തന്നെ വിളക്കിന്റെ തിരി കൂട്ടി, നിലത്തു പായയില്‍ കിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്തു നിറയെ ഉമ്മ കൊണ്ട് പൊതിഞ്ഞു അവളുടെ അച്ഛന്‍.
ഇല്ല മോളെ ഒന്നൂല്ല്യടാ.... കുഞ്ഞ്യോള് പേടിക്കണ്ടാട്ടോ അച്ചനില്ലേടാ ഇവിടെ...... മോള് സ്വപ്നം കണ്ടുപേടിച്ചോ?????? ദേ കണ്ണ് തുറന്നെ....അച്ഛനും അമ്മയുമല്ലേ നിക്കണത്....ഒന്ന് നോക്കിക്ക്യെ മോളേ.......

“ഈ ചാണകം മെഴുകിയ നിലത്തു കിടന്നാല്‍ ആര്‍ക്കാ തണുപ്പടിക്കാത്തെ; അതാ ഞാന്‍ പറഞ്ഞത് കാശ് കുറച്ചു കടം വാങ്ങിയാലും നിലം നേരയാക്കണമെന്നും, കട്ടിലും മറ്റു സാധങ്ങളും വാങ്ങാമെന്നും. അപ്പോള്‍ അമ്മയ്ക്കും മോനും ലോകത്തില്ലാത്ത തരം ഒടുക്കത്തെ ഭയം” ഇപ്പോളെന്തായി കുഞ്ഞിതാ നിലത്തു കിടന്നു തണുത്തു വിറയ്ക്കുന്നു. പോരാത്തതിന് മഴക്കാലം കൂടി വരാന്‍ പോകുന്നു.

കുഞ്ഞ്യോളുടെ അച്ഛന്‍ സുലോചനയെ നോക്കി ദേഷ്യമമര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. പതിയെപ്പതിയെ കുഞ്ഞു മോളുടെ പുറത്തുതട്ടി അവളെ ഉറക്കാന്‍ ശ്രമിക്കുകയായിരുന്നു അവളുടെ അച്ഛന്‍.
മോളുറങ്ങിക്കോട്ടാ.......വാവോ.....വാവോ......
ഇല്ല്യടാ....നാളെ തന്നെ നമ്മള്‍ക്ക് ഡോക്കിട്ടരെ കാണും എന്നിട്ട് വരണ വഴി അച്ഛന്റെ കുഞ്ഞു മോള്‍ക്ക്‌ പുതിയ കട്ടിലും കിടക്കയും രണ്ടു മൂന്നു പാവയും എല്ലാം വാങ്ങിത്തരില്ലേ......
അച്ഛന്റെ പുന്നാരയല്ലെടാ.....കരയാതെ മോളേ.......ചാച്ചി ഒറങ്ങിയ്ക്കോട്ടാ........
“കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി “...............
കുഞ്ഞി മോള്‍ വീണ്ടുമെന്തോക്കെയോ പിച്ചും പേയും പറയുകയാണെന്ന് കരുതി സുലോചന അവളെ അച്ഛന്റെ കയ്യില്‍ നിന്നും വാങ്ങാന്‍ നോക്കി.
പക്ഷേ!!!!! അവള്‍ വരാന്‍ കൂട്ടാക്കിയില്ല. അച്ഛനെ കഴുത്തിനു ചുറ്റും മുറുക്കിപ്പിടിച്ച കുഞ്ഞുമോള്‍ ആ പിടി വിടാന്‍ സമ്മതിച്ചേയില്ല. മാത്രമല്ല കുറച്ചൊന്നു കുറഞ്ഞിരുന്ന കരച്ചില്‍ കൂടിയതേയുള്ളൂ.....
അച്ഛാ ഞാന്‍ നെലത്തൊറങ്ങാം. എനിച്ചു പുല്ലായ മതി. എനിച്ചു ഒന്നും വേണ്ടാ........അച്ഛന്‍ പാവല്ലേ, അച്ചന്റെല് പൈസില്ലാ...... കുഞ്ഞുത്തെത്ത  ചീത്ത പറഞ്ഞു... അച്ഛനും മരിച്ചും.....

കുഞ്ഞുമോള്‍ എന്തൊക്കെയാണ് പറയുന്നതെന്നറിയാതെ അവളുടെ അച്ഛന്‍ സുലോചനയോട് ആംഗ്യത്തില്‍ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. സുലോചനയാണേങ്കിലോ ഇതെല്ലാം കണ്ടും കേട്ടും വായും പൊളിച്ചു നില്‍ക്കുകയായിരുന്നു.
അച്ഛന്റെ മോളുറങ്ങ്.........വാവുറങ്ങടാ.......നാളെ നേരം വെളുക്കട്ടേട്ടോ. നമ്മള് റ്റാറ്റ പോകില്ലേ......
റ്റാറ്റ പോണ്ടാ........കുഞ്ഞ്യോള്‍ക്ക് റ്റാറ്റ പോണ്ടാ.......
നെച്ചു കത്തില് (കട്ടില്‍) വേണ്ട.....പുല്ലായ (പുല്ലു പായ) മതി.......അച്ഛന്‍ മരിച്ചും.........
അവള്‍ വീണ്ടും വീണ്ടും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ഛന്റെ മേലുള്ള പിടുത്തം മുറുക്കി........
തൊണ്ടയില്‍ എന്തോ വന്നു കുടുങ്ങിയ നിലയില്‍ എല്ലാം കേട്ടു സ്തംഭിച്ചു പോയ കുഞ്ഞ്യോളുടെ അച്ഛന്‍ ഒരു നിമിഷം അവളെ ഇറുക്കി പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞുപോയി. 

അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പോയിട്ട് സ്വയം ഒന്ന് കരച്ചിലടക്കാന്‍ പറ്റാതെയായി അയാള്‍ക്ക്‌.......അത് കണ്ടു സുലോചനയും പൊട്ടിക്കരയുന്നുണ്ടായിരുന്നു.....തന്റെ കുഞ്ഞ്യോളുടെ തങ്കമനസ്സിനെ ഓര്‍ത്തുകൊണ്ട്‌...............മൂവരും പരസ്പരം കെട്ടിപ്പിടിച്ചു മതിയാവോളം പൊട്ടിക്കരഞ്ഞു........കുഞ്ഞുമോളും അച്ഛനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കരച്ചിലുകള്‍ക്കിടയിലും.
പുലര്‍കാലങ്ങളില്‍ പെയ്യാറുള്ള ചില ചാറ്റല്‍ മഴകള്‍ പോലെ ആ കരച്ചിലുകളുടെ അവസാനം അവരെ ശാന്തമായ നിദ്രയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത പോലെയുള്ള നല്ലൊരു പ്രഭാത്തത്തിലെയ്ക്കാവട്ടെ അവര്‍ കണ്ണ് തുറക്കുന്നത്.........

ശുഭം
ഹരീഷ് ചാത്തക്കുടം






No comments: