Saturday, December 6, 2014

ഒരു ആസ്വാദനം

കഴിഞ്ഞ പത്തു ദിവസമായി തിരക്കിട്ട ജോലിയായിരുന്നു.  ജോലിയെല്ലാം കഴിഞ്ഞു രാത്രിയില്‍വളരെ വൈകി റൂമില്‍ എത്തിച്ചേര്‍ന്നാലും ഒന്നും ചെയ്യാന്‍തോന്നാത്തത്ര മടുപ്പും........ഒടുവില്‍ഒരു ചെറിയ പുസ്തകം എടുത്തു ഒറ്റയിരിപ്പില്‍വായിച്ചു തീര്‍ത്തു........

ഒരു ആസ്വാദനം : -


വേരുകള്‍ - മലയാറ്റൂര്‍ രാമകൃഷ്ണന്‍


മരങ്ങളുടേതെന്ന പോലെ മനുഷ്യരുടെയും വേരുകള്‍ മണ്ണിലാണ് എന്ന ഒരു വാചകമാണ് എന്നെ ഈ പുസ്തകത്തിലേക്കെത്തിച്ചത്.  


ഓണ്‍ലൈന്‍ കൂട്ടായ്മ്മകളിലെല്ലാം ഗൃഹാതുരത്വ ചിന്തകളും രചനകളും ചിത്രങ്ങളുമെല്ലാം എന്നും സ്ഥാനം പിടിക്കുന്ന  ഇന്നത്തെ കാലത്ത്; ഞാന്‍ ജനിക്കുന്നതിനു മുന്‍പേ എഴുതപ്പെട്ട ഈ ചെറിയ ഒരു നോവല്‍ അതിന്റെ വിഷയം (ഗൃഹാതുരത്വം )കൊണ്ടും അവതരണ ഭംഗി കൊണ്ടും വളരേയേറെ ശ്രദ്ധയാകര്‍ഷിക്കുന്നു. 


തിരക്കുപിടിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതം വരച്ചു കാണിക്കുന്ന ഈ നോവല്‍ ആദ്യ ഭാഗങ്ങളില്‍ ഈ നോവലിസ്റ്റിന്റെ തന്നെ രചനകളായ യന്ത്രത്തിന്റെയും, യക്ഷിയുടെയും സമാനതകള്‍ കൈവരിക്കുന്നുണ്ടോ എന്ന് സംശയിച്ചേക്കാം. എന്നാല്‍ കഥ പുരോഗമിക്കുംതോറും ഏതൊരു മനുഷ്യന്റെയും സ്വപ്‌നങ്ങള്‍ പോലെ തന്നെ സ്വന്തമായി ഒരു വീട് വെക്കണം എന്ന ആഗ്രഹം മൂക്കുമ്പോള്‍; സാഹചര്യവശാല്‍ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റാതെ വരികയും, ലോണ്‍ എടുക്കാനും  വസ്തുക്കള്‍ വില്‍ക്കാനും മുതിരുന്ന നായകന്‍,  തന്റെ പൂര്‍വ്വിക സ്വത്തുക്കള്‍ വില്‍ക്കുന്നതിനു വേണ്ടി ഏറെ നാളുകള്‍ക്കു ശേഷം ജനിച്ചു വളര്‍ന്ന നാട്ടിലേയ്ക്ക് എത്തിച്ചേരുന്നതായാണ് കഥ മുന്നേറുന്നത്.


പ്രധാന കഥാപാത്രത്തിന്റെ സഹോദരിമാരായ അമ്മുലുവിനെയും ലക്ഷ്മിയേയും പരിചയപ്പെടുമ്പോള്‍  നമ്മുടെ തന്നെ ചുറ്റുപാടുകളിലും വീട്ടിലും കണ്ടു മറന്ന ചില ജീവിതാനുഭവങ്ങള്‍ നമുക്ക് തിരികെ ലഭിച്ചേക്കാം. പാലക്കാട്ടെ കല്‍പ്പാത്തിയിലെ ഒരു ബ്രാഹ്മിണ്‍ കുടുംബമാണ് കഥാ പശ്ചാത്തലം. അതിമനോഹരമായ തമിഴ് മൊഴികളോടൊപ്പം പഴമയുടെ നന്മകളും, പോരായ്മകളും, ഇല്ലായ്മകളും  എന്നിങ്ങനെ ഏതൊരു വീട്ടിലും നടക്കുന്ന സംഭവ വികാസങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 


കുറെ നാളുകള്‍ക്കു ശേഷം ഗ്രാമത്തിലേയ്ക്ക് വന്നിരിക്കുന്ന നായകന് കപ്പയും, ചമ്മന്തിയും, ചേമ്പിന്‍ താളും , നാളികേരവും, തേന്‍വരിക്ക ചക്കയും, പറമ്പില്‍ വളരുന്ന ആയുര്‍വേദ സസ്യങ്ങളുമൊക്കെ തന്റെ കുട്ടിക്കാലവും പിന്നെ അച്ചന്റെ ഓര്‍മ്മകളും സമ്മാനിക്കുമ്പോള്‍; ഏറെ നാള്‍ കഴിഞ്ഞു കയ്യില്‍ കിട്ടിയ സഹോദരനോട് പരിഭവങ്ങളും പരാതികളും കുശുമ്പുകളും എണ്ണിപ്പറയുന്ന സഹോദരിമാര്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയുടെ നേര്‍പ്രതീകങ്ങളായി കഥയില്‍ അവതരിക്കപ്പെടുന്നു. തങ്ങളുടെ അനിയന്റെ പഠനത്തിനു വേണ്ടി ഭാരിച്ച ജോലികള്‍ ഏറ്റെടുക്കുന്ന സഹോദരിമാര്‍ പിന്നീടു നായകന്‍റെ തണലില്‍ ജീവിച്ചു പോകുകയാണ്. 

നഗരജീവിതത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കുവാന്‍ വേണ്ടി നായകന്‍ ഒരു വേള നാട്ടിലെ തന്റെ വേരുകള്‍ നിലനില്‍ക്കുന്ന വീടും പറമ്പും വില്‍ക്കുവാന്‍ തയ്യാറാകുമ്പോള്‍; അവിടെ താമസിക്കുന്ന സഹോദരിയുടെ കാര്യങ്ങള്‍ പോലും മറന്നു പോകുന്നു. എന്നാല്‍ പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ടി വരും എന്നറിയാവുന്ന സഹോദരി, പണ്ടത്തെ പോലെ തന്റെ ആ പ്രിയ സഹോദരന് വേണ്ടി ഇതൊരു ബാദ്ധ്യതയും ഏറ്റെടുക്കാന്‍ തയ്യാറായവണ്ണം ആ വീട് വാങ്ങുവാന്‍ പ്രാപ്തനായ ഒരാളെ അന്വേഷിച്ചു കണ്ടു പിടിച്ചു കൊടുക്കുന്ന സാഹചര്യം; നമ്മള്‍ ഗ്രാമീണരുടെ  ജീവിതത്തില്‍ കുടുംബവും രക്തബന്ധങ്ങളും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന  സ്വര്‍ഗ്ഗം  എത്രയോ മനോഹരമെന്ന് നമുക്ക് പരോക്ഷമായി കാണിച്ചു തരുന്നു..........


നിധി കാക്കുന്ന ഭൂതം എന്ന കണക്കെ കഥയില്‍ കടന്നു വരുന്ന കാരണവരും പ്രാരാബ്ധം കൊണ്ട് അവിടെ ജോലി ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടിയുമെല്ലാം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു.  സ്വത്തുകള്‍ കുമിഞ്ഞു കൂടുമ്പോള്‍ ബാധിക്കുന്ന ചിത്തഭ്രമവും മറ്റും രസകരമായ സംഭവങ്ങളാണ്. 


കൂട്ടുകുടുംബങ്ങളും നല്ലതും ചീത്തയുമായ വശങ്ങള്‍ വെളിപ്പെടുത്തുന്ന ഈ രചനയില്‍ മറ്റൊരു ഘട്ടത്തില്‍ പ്രതിപാദിക്കുന്ന പുഴയും മണല്‍പ്പരപ്പും, അമ്പലവും പാമ്പിന്‍ കാവും, നെല്‍ വയലുകളും മൊട്ടക്കുന്നുകളും എല്ലാം ചേര്‍ന്ന് നമ്മുടെ മനസ്സില്‍ നാം എന്നോ കുഴിച്ചു മൂടിയ ഗ്രാമീണ സൗന്ദര്യത്തിനെ അതിന്റെ ഉദാത്തമായ ഭാവവ്യത്യാസങ്ങളോടെ പകര്‍ത്തിയിരിക്കുന്നു. ഒടുവില്‍ തലമുറകളുടെ പാരമ്പര്യം പേറുവാന്‍ അതിയായ മോഹം ഉള്ളില്‍പ്പേറുന്ന നായകന്‍ തന്റെ ശിഷ്ടകാലം മുഴുവന്‍ നാട്ടില്‍ ചിലവഴിക്കുവാന്‍ തീരുമാനിക്കുകയാണ്. 


മലയാള സാഹിത്യത്തിലെ IAS എഴുത്തുകാരനായ ഇദ്ദേഹത്തിനു സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ഈ കഥ ഇന്നത്തെക്കാലത്തും ജനഹൃദയങ്ങളെ കീഴടക്കുകയാണ്.......


നല്ലൊരു വായനാനുഭവം ഉറപ്പു തരുന്ന ഈ നോവല്‍ ഒന്ന് വായിച്ചു നോക്കൂ..............


ഹരീഷ് കാക്കനാട്ട്


No comments: