Saturday, December 20, 2014
ഹൃദയങ്ങള്‍ കീഴടക്കട്ടെ..............
നേരം വൈകിയെന്നു കരുതി പെട്ടെന്ന് ഞെട്ടിയുണര്‍ന്നപ്പോഴാണ് തന്‍റെ കണ്ണുകള്‍ പീളകെട്ടി തുറക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരിക്കുന്നു എന്ന് അയാള്‍ക്ക് മനസ്സിലായത്. തപ്പിത്തടഞ്ഞു ബാത്റൂമിലേയ്ക്ക് പോകുന്ന വഴിയെ ഇന്നലെ ഡോക്ടര്‍ കൂടിയായ മകന്‍ പറഞ്ഞ കാര്യം പെട്ടെന്ന് മനസ്സില്‍ കടന്നുവന്നു.
"ഇനിയിപ്പോള്‍ മനസ്സു ചെല്ലുന്നിടത്തെയ്ക്ക് ശരീരം കൊണ്ടുപോകാന്‍ നോക്കണ്ടാ.... കുറച്ചൊക്കെ നിയന്ത്രണമാകാം. വയസ്സ് കുറച്ചായില്ല്യേ.....??? എടുപിടീന്ന് കാര്യങ്ങള്‍ കയ്യിലെത്തണമെന്നു വെച്ചാല്‍, എല്ലായ്പ്പോഴും ശരീരത്തിലെ യന്ത്രങ്ങള്‍ അതിനു കൂട്ടാക്കീന്നു വരില്ല്യാ...."
അടങ്ങിയൊതുങ്ങി ഒരിടത്തു മരണം കാത്തു കിടന്നൂടെ എന്നായിരുന്നു ഉദ്ദേശിച്ചത്. അത് കുറച്ചു മാന്യമായി പറഞ്ഞു എന്ന് മാത്രം.
സമയം വൈകിയിരിക്കുന്നു. കാര്യങ്ങള്‍ കുറേ ചെയ്യാനുണ്ട്. ഇന്നലെ പെയ്ത മഴ വഴിയില്‍ അവിടെയിവിടെയായി വഴുക്കലുകള്‍ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. എന്നിരുന്നാലും പ്രായത്തിനെ വകവെയ്ക്കാതെ മുരളിയുടെ ചായക്കടയിലേയ്ക്ക് അയാള്‍ ധൃതിയില്‍ വെച്ചുപിടിച്ചു.
"എന്താ മാന്നായരെ (മാധവന്‍ നായരെ) ഇന്ന് പതിവില്ലാത്ത ഒരു അമാന്തം??"
രാജനും മറ്റുള്ളവരും അയാളെത്തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് എല്ലാവരും നേരത്തേ എത്തിയിരിക്കുന്നു. അത് പതിവുള്ളതല്ല. ഒരുപക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ മകന്‍ നിര്ബന്ധിച്ചു നടത്തിയ ചില ചെക്കപ്പുകള്‍ തന്‍റെ താളങ്ങളെ ബാധിച്ചിരിക്കുന്നു എന്നയാള്‍ക്ക് തോന്നി. എന്നാലും അയാളതിനു വഴങ്ങിക്കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
അവരുടെ അടുത്തെത്തിയതും ഇത്രയും നാള്‍ കാണാതിരുന്നതിന്റെ പരിഭവം പറയാനൊന്നും നേരമുണ്ടായിരുന്നില്ല മാധവന്‍ നായര്‍ക്ക്......എന്തായി മുരളിയുടെ മകളുടെ കാര്യം??? കാര്യങ്ങള്‍ അയാളെ അറിയിച്ചോ????
"ഇല്ലെടോ...അതിന് അയാളെ എവിടുന്ന് കണ്ടു പിടിക്കാനാ???? എവിടെയെങ്കിലും ബോധമില്ലാതെ കിടക്കുന്നുണ്ടാകും.....അല്ലാതെന്താ???? എന്നാലും ആ കുട്ടിയുടെ കാര്യം നന്നേ പരുങ്ങലിലാണെന്നാണ് പറയുന്നത്. രണ്ടാം സ്റ്റേജിന്റെ പകുതിയലല്ലേ കാര്യങ്ങള്‍ അറിഞ്ഞത് തന്നെ. ഇന്നലെ തന്നെ അവിടേയ്ക്ക് കുറച്ചു പൈസ എത്തിച്ചിട്ടുണ്ട്. ബാക്കി ഇപ്പോള്‍ തന്നെ കൊടുത്തയക്കാം. പക്ഷെ ഇവിടെ പൈസയല്ലല്ലോ പ്രധാനം. ഡോക്ടര്‍മാര്‍പോലും കയ്യൊഴിഞ്ഞു. ദൈവ കൃപ മാത്രമാണ് ഇനി രക്ഷ!!" രാജന്‍ ആകെപ്പാടെ തളര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പറഞ്ഞത്.........
ദേ...മുരളി വരുന്നുണ്ട്..... ആരും ഒന്നും മിണ്ടരുത്. നമുക്കങ്ങട് മാറി നില്ക്കാം. ഇന്നലെ കുടിച്ചത് ഇറങ്ങിയിട്ടില്ല എന്ന് വരവ് കണ്ടാല്‍ തന്നെ അറിയാം. കൂട്ടത്തില്‍ കുറച്ചു കാഴ്ച ശക്തിയുള്ള ഗോപാലന്‍ നായരാണ് മുരളിയെ അകലെ നിന്നും കണ്ടത്.
മുരളി വളരെ നിസ്സംഗ മനോഭാവത്തോടെ നടന്നടുത്തുകൊണ്ട് അവരുടെ മുന്നിലേയ്ക്ക് തന്നെ ചെന്നു നിന്നു. എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്ന അയാളുടെ മനസ്സ് യാതൊരു സൂചനയും ആ മുഖത്തു പ്രതിഫലിപ്പിച്ചിരുന്നില്ല. മാത്രമല്ല വേഷത്തിലും മറ്റും ആകെ പരവശനായിക്കണ്ട അയാള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അവരുടെ മുന്നില്‍ ചെന്നു നില്ക്കുകയായിരുന്നു. ആകെ തളര്‍ന്ന അയാളുടെ വളരെ ദയനീയമായ നോട്ടം ചുറ്റുമുള്ളവരുടെ മുഖത്തേയ്ക്ക് എത്താന്‍ പോലും ശക്തമായിരുന്നില്ല.
എങ്കിലും വളരെ അടുത്ത നിമിഷത്തില്‍ തീരെ പ്രതീക്ഷിക്കാതെ തന്നെ അവരുടെ മുന്നില്‍ മുട്ടുകുത്തിനിന്നു കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരയാന്‍ തുടങ്ങുകയായിരുന്നു അയാള്‍. മുരളിയെപ്പോലെ ഒരാളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. കരച്ചില്‍ എന്ന് പറഞ്ഞാല്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍;......... കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുന്ന ആ ദീന രോദനം മഴയൊഴിഞ്ഞു നിന്ന പ്രകൃതിയില്‍ വലിയ ശബ്ദത്തിള്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു...
എന്താണ് ചെയ്യേണ്ടതെന്നറിയാതെ മുരളി മാറി മാറി ഓരോരുത്തരുടേയും കാലുകള്‍ പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അവ്യക്തമായെന്നവണ്ണം എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു.
"ഞാന് ഒരു പാപിയാണല്ലോ ഈശ്വരാ........ന്റെ മോളുട്ടിയ്ക്ക് ഈ ഗതി വന്നപ്പോ ; കണ്ണിക്കണ്ട ഷാപ്പില് നെരങ്ങുകയായിരുന്നല്ലോ ഭഗവാനെ ഞാന്‍. ഇത്രയ്ക്കു പാപിയാണോ മാധവേട്ടാ ഞാന്‍ ?????? എന്റെ പൊന്നുമോളുടെ രോഗവിവരം പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഒരച്ഛനാണോ ഞാന്‍.......??" അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അവരുടെ കാല്‍ക്കലില്‍ വീണുരുണ്ടു കരയുകയായിരുന്നു.......
"മാധവേട്ടാ......എന്നോട് പൊറുക്കണേ...നിങ്ങളൊക്കെ എന്നെ സഹായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളോടൊക്കെ ദ്രോഹമല്ലേ ചെയ്തോണ്ടിരുന്നത്??????? എന്നാലും അന്നേരം ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ??? ഈ നശിച്ച ജന്മം കൊണ്ട് ഞാനെന്താണ് നേടിയത് എന്റീശ്വരാ. നിലത്തു കിടന്നുരുളുന്ന അയാളുടെ ദേഹമാകെ ചെളിപുരണ്ടു വൃത്തികേടായി മാറി............ "
അപ്പോഴേക്കും രാജനും ഗോപാലന്‍ നായരും കൂടി മുരളിയെ പിടിച്ചെഴുന്നേല്പ്പിച്ചു. ഗോപാലനായര്‍ മുരളിയെ നെഞ്ചോടു ചേര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മുരളിയാണെങ്കിലോ കൊച്ചുകുട്ടികളെപ്പോലെ വലിയവായില്‍ കരഞ്ഞുകൊണ്ടിരുന്നു. തലേന്നോ മറ്റോ കഴിച്ചിരുന്ന മദ്യം വായില്‍ക്കൂടി ദുര്‍ഗന്ധമായി വമിക്കുന്നുണ്ടായിരുന്നു..........
******************
റിട്ടയേര്‍ഡ് എക്സൈസ് ഉദ്യോഗസ്ഥന്‍ മാധവന്‍ നായര്‍, വ്യവസായ പ്രമുഖന്‍ രാജന്‍ കുറുപ്പ്, എക്സ് ആര്‍മി ഗോപാലന്‍ നായര്‍ എന്നിവര്‍ സമകാലീനരും മനസ്സു കൊണ്ട് ചെറുപ്പക്കാരുമായ വൃദ്ധന്മാരാണ്. സാധാരണ എല്ലാവരേയുംപോലെ ഇവരും വിശ്രമ ജീവിതത്തില്‍ സമയം തള്ളി നീക്കാന്‍ കഷ്ടപ്പെടുന്നു. എന്നിരുന്നാലും എന്നും രാവിലെ ഏഴുമണിയോടെ ഇവര്‍ മുരളിയുടെ ചായക്കട സ്ഥിതിചെയ്യുന്ന മൂലയില്‍ ഒത്തുകൂടും. ഒരു ചായ കുടിച്ച ശേഷം നടക്കാനിറങ്ങും. പിന്നെ വീണ്ടും ആ മൂലയില്‍ ലോകവര്‍ത്തമാനങ്ങളുമായി ഉച്ചയൂണ് വരെ ചിലവഴിക്കുകയാണ് പതിവ്. ഉച്ചയൂണിന്റെ ഒരുമണിക്കൂര്‍ ഇടവേളയ്ക്കു ശേഷം സന്ധ്യവരെ വീണ്ടും ആ കവലയില്‍ എന്തെങ്കിലും നേരമ്പോക്കുകളുമായി ചിലവഴിക്കും.
രാവിലെ പതിനൊന്നുമണി കഴിഞ്ഞാല് മുരളി കടയടച്ചു പോകും. പിന്നെ വൈകീട്ട് മൂന്നു മണിക്കേ വരികയുള്ളൂ. അതുകൊണ്ട് പതിനൊന്നു മണി കഴിഞ്ഞാല് മുരളി തിരിച്ചു വരുന്നതുവരെ കടയും പരിസരവും ഇവര്‍ക്ക് സ്വന്തം. അതിനു മാസ വാടക 500 രൂപ മുരളിക്ക് വേറെ കൊടുക്കുന്നുമുണ്ട്. കട അടച്ചിട്ടിരിക്കുന്ന സമയങ്ങളില് ഇവര് മൂന്നുപേരും കടയുടെ ഉള്ളിലിരുന്നു പഴയ കാര്യങ്ങള് അയവിറക്കുന്നതോടൊപ്പം ചീട്ടു കളിക്കുകയും സിഗരട്ട് വലിയ്ക്കുകയും ചെയ്യാം. കൂട്ടത്തില്‍ വല്ലപ്പോഴും മദ്യ സേവയും. ഇതൊക്കെ ചെയ്യാന്‍ വെയിലുകൊള്ളാതെ സുഖമായിരിക്കാന്‍ ഒരിടം. മാത്രമല്ല നാട്ടുകാരുടേയോ മറ്റോ ശ്രദ്ധ അങ്ങോട്ട്ചെല്ലുകകയില്ലല്ലോ?????
കാര്യം മാസാമാസം അഞ്ഞൂറ് രൂപ കിട്ടിയിരുന്നെങ്കിലും ദിവസങ്ങള്‍ ചെല്ലുംതോറും ഈ കിളവന്മാര്‍ അവിടെ വന്നു കുത്തിയിരിക്കുന്നത് മുരളിക്കിഷ്ടമില്ലാതെയായി. എന്നിരുന്നാലും രൂപ അഞ്ഞൂറൊട്ട് കളയാനും വയ്യ. വേറെ ഒന്നുമല്ല; പൂത്ത പണം കൈയ്യിലുള്ള ഈ കിളവന്മാരോടുള്ള അസൂയ തന്നെയാണ് ശരിക്കുമുള്ള കാരണം. ഒരു ജോലിയും ചെയ്യാതെ അവര്‍ മൂന്നുപേരും തിന്നും കുടിച്ചും നടക്കുന്നത് കാണുമ്പോള്‍ മുരളിക്ക് സഹിക്കുന്നില്ല.
മുരളിയെപ്പറ്റി പറയുകയാണെങ്കില്‍, ഇന്നാട്ടിലെ പ്രധാന വാര്‍ത്താപ്രക്ഷേപണ കേന്ദ്രമാണവന്‍. അവന്റെ ചായക്കടയില്‍ നിന്നുമാണ് അന്നാട്ടിലേയ്ക്കുള്ള എല്ലാ കഥകളും വാര്‍ത്തകളും ഉത്ഭവിക്കുന്നതും വിതരണം ചെയ്യപ്പെടുന്നതും. വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടാകുമ്പോള്‍ അവന്‍ തന്നെ വാര്‍ത്തകള്‍ ഉണ്ടാക്കിവിടും. മിക്കവാറും ഈ മൂന്നുപേരെ പറ്റിയാകും കഥകള്‍ പടച്ചു വിടുക. കൂടുതല്‍ ഇമ്പം വേണ്ടുന്ന അവസരങ്ങളില്‍ ഇവരുടെ പണ്ടത്തെ ലീലാവിലാസങ്ങള്‍ എന്ന പേരില്‍ വെള്ളമടിയുടേയും സ്ത്രീ വിഷയങ്ങളുടെയും കഥകള്‍ അയാള്‍ കൂട്ടിച്ചേര്‍ക്കും. ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് അന്നന്നേയ്ക്കുള്ള സംസാരവിഷയങ്ങള്‍ അങ്ങിനെ മുടക്കമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. അതോടു കൂടി മുരളിയുടെ കച്ചോടവും പൊടിപൊടിച്ചു കൊണ്ടിരുന്നു.
**************
ഒരിക്കല്‍ കുറച്ചു പലഹാരങ്ങളുടെ ഓര്‍ഡര്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ക്കായി മുരളി നേരത്തേതന്നെ കടയിലേയ്ക്കെത്തി. ചാരിയിട്ടിരുന്ന വാതില് തുറന്നു അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ചയില്‍ അയാള്‍ സ്വര്‍ഗ്ഗ ലോകത്ത് എത്തുകയായിരുന്നു. മാധവന്‍ നായരും, രാജന്‍കുറുപ്പും പിന്നെ എക്സ് ആര്‍മി ഗോപാലന്‍ നായരും മേശയുടെ മുകളില്‍ കയറിയിരിക്കുന്നു. അവരുടെ നടുവിലായി, വീടുകള്‍ തോറും കയറിയിറങ്ങി പലഹാരങ്ങളും മറ്റും കച്ചവടം നടത്തുന്ന നാടിന്റെ പൊന്നോമനയായ അമ്മിണി അവരോടു സംസാരിച്ചിരിക്കുന്നു. അവരുടെ സഭയില് മദ്യക്കുപ്പിയും ഗ്ലാസും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. മുരളിയെ കണ്ടതും പെട്ടെന്നുണ്ടായ ഭയത്തില്‍ അമ്മിണി പലഹാരങ്ങളുടെ കുട്ടയും തലയിലേറ്റി സ്ഥലം വിട്ടു. പതിവില്ലാതെ മുരളിയെ അന്നേരം കണ്ടപ്പോള്‍ അവര്‍ മൂന്നുപേരും അമ്പരന്നു പോയിരുന്നു. അവരുടെ മുഖത്തുണ്ടായ ആ അമ്പരപ്പ് തന്നെ ധാരാളമായിരുന്നു മുരളിക്ക്. പെട്ടെന്നുണ്ടായ ഷോക്കില്‍ ഒന്നും പറയാതെ അവര്‍ മൂന്നു പേരും അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കി.
ഇതെല്ലാം കണ്ടുനിന്ന മുരളി നിലത്തൊന്നുമല്ലായിരുന്നു അപ്പോള്‍ നിന്നിരുന്നത്. അന്ന് വൈകുന്നേരം ചായക്കച്ചവടം പൊടിപൊടിച്ചു. പതിവുകാര് മാത്രമല്ലാതെ കേട്ടറിഞ്ഞവര്‍ പോലും ഓടിയെത്തി രണ്ടും മൂന്നും ചായ അകത്താക്കി. അത്രയ്ക്ക് ചൂടേറിയ വിഭവങ്ങളായിരുന്നു അന്ന് ചായയുടെ കൂടെ വിളമ്പിയത്.
മൂന്നുപേരുടെയും മക്കള്‍ ഉണ്ടാക്കാത്ത പൊല്ലാപ്പുകളില്ല. എവിടെയും ആദ്യം സംഭവിക്കുന്ന പോലെ മൂന്നുപേരുടെയും മക്കള്‍ പരസ്പരം കുറ്റങ്ങള്‍ ചാര്‍ത്തി. അവരിലൊരാള്‍ അമ്മിണിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. മറ്റൊരാള്‍ പോലീസില് അമ്മിണിയെപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍ ചെന്നപ്പോള്‍ അവരുടെ അച്ചന്മാരും കുടുങ്ങും എന്നുള്ളതിനാല്‍ പത്തിമടക്കി. പക്ഷെ ആ വൃദ്ധന്മാര്‍ എത്രയും പെട്ടെന്നു തന്നെ വീട്ടു തടങ്കലിലായി.....
എന്തായാലും മുരളിയും കൂട്ടരും നാടൊട്ടുക്ക് ആഘോഷപൂര്‍വ്വം കൊണ്ടാടുകയായിരുന്നു ഈ സംഭവം.......
******************
എക്സ് ആര്‍മി ഗോപാലന്‍ നായരുടേതായിരുന്നു ആ പദ്ധതി. മക്കള്‍ക്കെന്തായാലും അവരുടെ പൈസ ആവശ്യമില്ല. എടുത്താലും തീരാത്തത്ര ഭൂസ്വത്ത് വേറെയും. അങ്ങിനെയുള്ളപ്പോള്‍ ഈ വയസ്സാന്‍ കാലത്ത് മൂന്നുപേരും കൂടി രഹസ്യമായി ഒരു ചാരിറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ തോന്നിയ കിറുക്ക് തന്നെയായിരുന്നു അത്. മൂന്നുപേരുടെയും പെന്‍ഷന്‍ പണം മാത്രം മതിയായിരുന്നു ഒരു വലിയ തുകയ്ക്ക്. വേറെ ആരെയും കൂട്ടത്തില്‍ ചേര്‍ക്കാതെ ആരോടും ഉപദേശങ്ങള്‍ തേടാതെ ആവിശ്യമുള്ള ആളുകളെ കണ്ടെത്തി സഹായങ്ങള്‍ എത്തിച്ചു കൊടുക്കുക. അതില്‍ നിന്നും യാതൊരു വിധത്തിലുള്ള പുണ്യമോ ലാഭമോ അവര്‍ക്ക് വേണ്ടിയിരുന്നില്ല. അവസാനകാലത്ത് എന്തെങ്കിലും നന്മകള്‍ ചെയ്തു മരണമടയാം എന്ന സദുദ്ദേശം മാത്രം.
ജീവിത്തത്തില്‍ പല തരത്തിലും കഷട്പ്പെടുന്ന അന്നാട്ടുകാരില്‍ ചിലരെ കണ്ടെത്തുന്നതിനുള്ള ഒരേ ഒരു മാര്‍ഗ്ഗമായി അവര്‍ കണ്ടെത്തിയത് അമ്മിണിയെ ആയിരുന്നു. കാരണം അവര്‍ക്ക് മൂന്നുപേര്‍ക്കും നേരിട്ട് രംഗത്തിറങ്ങാന്‍ അവരുടെ മക്കളുടെ അഭിമാനം സമ്മതിക്കുമായിരുന്നില്ല. മാത്രമല്ല അനാവശ്യമായി പൈസ ചിലവാക്കുന്നു എന്ന് മക്കളറിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം മുളയിലെ അവസാനമാകും എന്നറിയാവുന്നതാണ്.
പലഹാരങ്ങള്‍ വീടുകള്‍ തോറും കൊണ്ടുനടന്നു വില്ക്കുന്ന 40 വയസ്സ് കടന്ന ഒരു വിധവയാണു അമ്മിണി. ആദ്യപടി എന്ന നിലയില് അവരുടെ കച്ചവടം മെച്ചമാക്കുന്നതിനു വേണ്ടി കുറച്ചു പൈസ കൊടുത്ത് കൂടെ നില്ക്കുവാന്‍ അവരെ നിര്‍ബന്ധിച്ചു. പദ്ധതി എങ്ങിനെയാണെന്നാല്‍; നേരത്തെ കണ്ടു വെച്ചിരിക്കുന്ന ചില ആളുകളുടെ വിവരം അവര്‍ അമ്മിണിക്ക് കൈമാറിയിട്ടുണ്ടാകും. അവരില്‍ അത്യാവശ്യ സഹായം വേണ്ടുന്ന ആളുകളുടെ കുടുംബ വിവരങ്ങള്‍ ശേഖരിച്ചു കൊടുക്കണം. അവരുടെ പ്രശ്നങ്ങള്‍, രോഗങ്ങള്‍, കുടുംബ പശ്ചാത്തലം എന്നിങ്ങനെ പല വിവരങ്ങളും പടിപടിയായി അമ്മിണി എത്തിച്ചു കൊണ്ടിരിക്കും. ഏവര്‍ക്കും പൈസ ഉണ്ടായാല്‍ തീരാവുന്നതായ പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നത് അവര്‍ക്കും ഉപകാരമായി. അത്തരക്കാര്‍ക്കു ഈ മൂന്നുപേരില്‍ ഒരാള്‍ രഹസ്യമായി ചെന്ന് പൈസ കൊണ്ടെന്നു കൊടുക്കും. പ്രത്യുപകാരമായി അവര്‍ മൂന്നുപേര്‍ക്കും വേണ്ടിയിരുന്നത് ഇക്കാര്യങ്ങള് രഹസ്യമായി സൂക്ഷിക്കണം എന്ന ആവശ്യം മാത്രം . നാട്ടുകാര്‍ ആരെങ്കിലും പണത്തിന്റെ സ്രോതസ്സു ചോദിക്കുകയാണെങ്കില്‍ നഗരത്തിലെ ഒരു ചാരിറ്റി ക്ലബ്ബിന്റെ പേര് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് അവരെയെല്ലാം.
സുഗുണന്റെ മകള്‍ക്ക് എഞ്ചിനീയറിംഗ് സീറ്റ് വാങ്ങിക്കൊടുത്തതും, പത്മനാഭന്റെ അമ്മയുടെ കണ്ണ് മാറ്റി വെച്ച് കൊടുത്തതും, മേരിയമ്മയുടെ വീടിന്റെ ജപ്തി ഒഴിവാക്കി കൊടുത്തതുമെല്ലാം ഇവര്‍ തന്നെയാണ്. മന്തന്‍ വാസുവിന്റെ കാലിലെ മന്തു ചികിത്സിച്ചു മാറ്റാന്‍ മുന്കൈ എടുത്തതും അത് മാറിയപ്പോള്‍ അയാള്‍ക്ക് ചെറിയ ഒരു ഓലപ്പുര വെച്ച് കച്ചവടം നടത്താന് സഹായിച്ചതും ഈ മൂന്നുപേരുടെ നല്ല മനസ്സാണ്. ഇവര്‍ ആകെ നേരിടുന്ന വെല്ലുവിളിയെന്തെന്നാല്‍ ഇത്തരം കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുക എന്നതാണ്. കാരണം വഴിയില് വെച്ച് കാണുമ്പോഴൊക്കെ ഉപകാരസ്മരണ പുതുക്കാന്‍ അക്കൂട്ടര്‍ വരുമ്പോള്‍ വല്ലാത്ത സന്തോഷം ആണ് തോന്നുന്നതെങ്കിലും; ഇതെല്ലാം വീട്ടില്‍ മക്കളറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകളാണ് ഇവരെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നത്.
*******************
ഈയിടെയായി മുരളിയുടെ കച്ചവടം കൂടുന്നതനുസരിച്ച് അയാളുടെ ദുശ്ശീലങ്ങളും കൂടി വന്നു. കള്ളുകുടി കൂടിയത് കാരണം അതിരാവിലെ കട തുറക്കാന് വൈകുന്നു. മാത്രമല്ല രഹസ്യ ബന്ധങ്ങള്‍ വേറെയും ഉണ്ടെന്ന് കേള്‍ക്കുന്നു. ഇരിക്കുന്ന വീട് പണയം വെച്ച് വാങ്ങിയ പൈസ കച്ചവടത്തില് നിക്ഷേപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും കള്ളുഷാപ്പിലും മറ്റു പലയിടത്തുമായി നിക്ഷേപിക്കേണ്ടി വന്നു. അങ്ങിനെചെയ്യുന്ന ഏതൊരാളിനെപ്പോലെയും അയാളുടെ ജീവിതവും അഭിവൃദ്ധിയില്‍ നിന്നും താഴോട്ടു കൂപ്പുകുത്തിത്തുടങ്ങി. വഴക്കും വക്കാണവും അവരുടെ വീട്ടില്‍ നിത്യസംഭവങ്ങളായി. പതിയെപ്പതിയെ പട്ടിണിയിലേയ്ക്കും ആ കുടുംബം കൂപ്പുകുത്തിത്തുടങ്ങി....
ഇതിനിടയില് മുരളിയുടെ മകള്‍ക്ക് നല്ല പനി പിടിപെട്ടു. പനിയെന്നു പറഞ്ഞാള്‍ നല്ല ചുട്ടുപൊള്ളുന്ന പനി. മരുന്ന് വാങ്ങാന്‍ പട്ടണത്തില്‍ പോയ മുരളി പലപ്പോഴും നാലുകാലിന്മേല്‍ ആയിരുന്നു മടങ്ങിവന്നിരുന്നത്. ഒരാഴ്ച കഴിഞ്ഞും ഒട്ടും കുറവില്ലാണ്ടായപ്പോള്‍ മുരളിയുടെ ഭാര്യ വനജ തന്നെ മകളെ നാട്ടിലെ ആയുര്‍വ്വേദ വൈദ്യന്റെയടുത്തു കൊണ്ടുപോയി. അയാള്‍ കൊടുത്ത കഷായങ്ങള്‍കൊണ്ടും ശരിയാകാതെ വന്നപ്പോള്‍ കുട്ടിയുടെ നില കൂടുതല്‍ പരിതാപകരമായി. അങ്ങിനെയിരിക്കെ ഒരു ദിവസം ആ പെണ്‍കുട്ടി ചോര ശര്‍ദ്ദിച്ചു മയങ്ങി വീഴുകയാണ് ഉണ്ടായത്. കാര്യങ്ങള്‍ എല്ലാം കേട്ടറിഞ്ഞ അമ്മിണി അന്നേരം തന്നെ മാധവന് നായരുടെ വീട്ടിലേയ്ക്ക് ഓടിച്ചെന്നു വിവരമറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ മാധവന്‍ നായര്‍ അത്യാവശ്യം വേണ്ട പണം എടുത്തു കൊടുത്തു. ബാക്കി നാളെ ഹോസ്പിറ്റലില്‍ എത്തിച്ചോളാം എന്നും അറിയിച്ചു.
മാധവന്‍ നായരുടെ മകന്റെ ഹോസ്പിറ്റലില്‍ ആയിരുന്നു ആ കുട്ടിയെ അഡ്മിറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ അവര് മൂന്നുപേര്‍ക്കും അവിടേക്ക് ചെല്ലുവാന്‍ പറ്റുമായിരുന്നില്ല. അത് കാര്യങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിച്ചു. എങ്കിലും ആവശ്യമുള്ള പൈസ അവര്‍ എത്തിച്ചു കൊടുത്തു.
വളരെ ദയനീയമായിക്കൊണ്ടിരുന്ന മുരളിയുടെ ജീവിതത്തിലേയ്ക്ക് വലിയൊരു ആഘാതം നല്ക്കിക്കൊണ്ടാണ് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നത്. ജീവിതം എന്തെന്നറിയാത്ത ആ കുരുന്നു പെണ്‍കുട്ടിക്ക് വിധി കരുതി വെച്ചിരുന്നത് ക്യാന്‍സര്‍ എന്ന ഭീകരമായ രോഗമാണ്. ജീവിതം എന്തെന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത ആ കുരുന്നിനെ ഈശ്വരന്‍ തിരിച്ചു വിളിക്കാന്‍ പോകുന്നു. അതും വളരെ പെട്ടെന്നു തന്നെ.........
കുടിച്ചു ബോധംകെട്ടു ഏതോ അഴുക്കുചാലില് കിടന്നുറങ്ങിയിരുന്ന മുരളി ഈ വാര്‍ത്തകള്‍ അറിഞ്ഞത് തന്നെ നാലു നാളുകള്‍ക്കു ശേഷമായിരുന്നു. അതിനുള്ളില്‍ത്തന്നെ മാധവന്‍ നായരും ഗോപാലന്‍ നായരും പിന്നെ രാജന്‍ കുറുപ്പും കൂടി ആ കുട്ടിയെ നഗരത്തിലെ മറ്റൊരു പ്രസിദ്ധമായ ആശുപത്രിയില്‍ കൊണ്ടുപോയി കീമോതെറാപ്പി ചെയ്യിപ്പിച്ചു. ഇനിയും രണ്ടു മൂന്നെണ്ണം ചെയ്യണം അതിനു കുറച്ചു സാവകാശം വേണം. കുട്ടിയുടെ ആരോഗ്യസ്ഥിതി ഒട്ടും അനുകൂലമല്ല. തത്കാലം കുട്ടിയുടെ അമ്മയുടെ കൂടെ അമ്മിണിയെ നിര്‍ത്തിയിട്ടു അവര് മൂന്നുപേരും നാട്ടിലേയ്ക്ക് തിരിച്ചു. ബാക്കി കാര്യങ്ങള്‍ എല്ലാം ഹോസ്പിറ്റലില്‍ അവര് ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു.....
ഒരു വശത്ത് ചികിത്സയുടെ കാര്യങ്ങള് തെറ്റില്ലാതെ നടന്നപ്പോള്; ഇതെല്ലാം മണത്തറിഞ്ഞ മക്കള്‍ ആ വൃദ്ധന്മാരെ കണക്കറ്റു ചീത്ത പറയുകയായിരുന്നു. മാത്രമല്ല മറ്റു അനാവശ്യ ചിലവുകളെപ്പറ്റിയും മനസ്സിലാക്കിയ അവര്‍ അവരെ മൂന്നുപേരെയും വീട്ടു തടങ്കലില്‍ വെക്കുക പോലും ചെയ്തു.
ഒടുവില് രണ്ടാഴ്ചയോളം കഴിഞ്ഞപ്പോള്‍ സഹിക്ക വയ്യാതെ, മാധവന്‍ നായര്‍ മകനെതിരെ പൊട്ടിത്തെറിച്ചപ്പോഴാണ് പുറത്തേയ്ക്കിറങ്ങാന്‍ അനുമതി കിട്ടിയത് തന്നെ. മാത്രമല്ല അയാള്‍ പോയി തന്റെ കൂട്ടുകാരന്റെ മക്കളോടും പോലിസിനെ വിളിക്കുമെന്ന് ഭീഷണി മുഴക്കി. അങ്ങിനെ കൂട്ടുകാരും സ്വതന്ത്രരായി. പക്ഷെ അന്നുരാത്രി തന്നെ നഗരത്തിലെ ആശുപത്രിയിലേയ്ക്ക് പോകാന് അവര്‍ക്ക് കഴിഞ്ഞില്ല. നഗരത്തിലേയ്ക്ക് പോകാതെ കാര്യങ്ങള് ഒന്നുമറിയില്ല എന്നിരിക്കെ അവരുടെ ആധി ഓരോ നിമിഷവും കൂടുകയേ ഉണ്ടായുള്ളൂ.......
പക്ഷെ ഭാഗ്യവശാല്‍ മാധവന്‍ നായരുടെ വീട്ടിലേയ്ക്ക് വന്ന ഒരു ഫോണ്‍ കാള്‍ മാധവന്‍ നായര്‍ തന്നെ എടുക്കാന്‍ ഇടയായി. അമ്മിണിയായിരുന്നു അത്. നാളുകള്‍ കുറച്ചായി അമ്മിണി അവരെ ആരെയെങ്കിലും കാണുവാനോ സംസാരിക്കുവാനോ ശ്രമിക്കുന്നു. കുറച്ചു പൈസ കൂടി അത്യാവശ്യമുണ്ട്. നാളെ കാലത്ത് ഇങ്ങോട്ട് വരാമെന്നും അപ്പോഴേക്കും എങ്ങിനെയെങ്കിലും പൈസ തയ്യാറാകണമെന്നും പറഞ്ഞു. പെട്ടെന്ന് തന്നെ മാധവന്‍ നായര്‍ മറ്റു രണ്ടുപേരെയും വിവരമറിയിച്ചു. നാളെ കാലത്ത് പതിവുപോലെ മുരളിയുടെ ചായക്കടയ്ക്ക് മുന്നില് കണ്ടു മുട്ടാം, അവിടെ വെച്ച് അമ്മിണിയ്ക്കു പൈസ കൈമാറാം എന്നും തീരുമാനിച്ചു.
*****************
ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടിരിക്കുന്ന മുരളിയുടെ കരച്ചില്‍ അവരുടെ നെഞ്ചില് വലിയ ഒരു വേദനയായി ഘനീഭവിക്കുന്നുണ്ടായിരുന്നു. ആ കുരുന്നു പെണ്‍കുട്ടിയുടെ മുഖഭാവമായിരുന്നു മുരളിയുടെ കരയുന്ന മുഖത്തിനും. അതുകൊണ്ടുതന്നെ അവര്‍ മൂന്നുപേര്‍ക്കും മുരളിയോടു പെട്ടെന്ന് തന്നെ സഹതാപം തോന്നി.......
മുരളിയോടു അവന്റെ ഭാര്യ വനജ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. മാത്രമല്ല അവര്‍ മൂന്നുപേരും ചെയ്തു വരുന്ന സഹായങ്ങളെപ്പറ്റി അമ്മിണിയും വിശദീകരിച്ചു. വിശദീകരിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി. കാരണം ആ നാട് മുഴുവന് ഈ വയോവൃദ്ധന്മാരെയും അമ്മിണിയേയും തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നു......
കാര്യങ്ങള്‍ എല്ലാം എല്ലാവരും അറിഞ്ഞെങ്കിലും ആ കുരുന്നു പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയില്‍ മനസ്സ് വേദനിച്ച നാട്ടുകാര്‍ മുഴുവനും ആകെ ശോകമൂകമായ അന്തരീക്ഷത്തില്‍ നില്ക്കുമ്പോഴാണ് മാധവന്‍ നായരുടെ മകന്‍ വളരെ വേഗത്തില്‍ കാറില്‍ വന്നിറങ്ങി ഓടിപ്പെടഞ്ഞു വരുന്നത് കണ്ടത്. ഹോസ്പിറ്റലില്‍ നിന്നും കിട്ടിയ അടിയന്തിര സന്ദേശം കൈമാറുന്നതിന് വേണ്ടിയാണു അയാള് വന്നത് തന്നെ. മുരളിയുടെ മകളുടെ രോഗാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിത്തുടങ്ങി. മാത്രമല്ല അയാളുള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘടന ആ കുട്ടിയുടെ തുടര്‍ന്നുള്ള ചികിത്സ ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനുവേണ്ടി വെല്ലൂരിലേയ്ക്ക് കുട്ടിയെ മാറ്റാന്‍ പോകുന്നു. അതിനത്യാവശ്യമായി മുരളിയുടെ സാന്നിധ്യം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ മുരളിയെത്തേടി വന്നതാണ് മാധവന് നായരുടെ മകന്‍........
ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ആ ഡോക്ടറുടെ മുഖത്ത് വലിയൊരു പ്രതീക്ഷ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും അന്നേരം അച്ഛന്റെ മുഖത്തേയ്ക്കു നോക്കുവാന് ധൈര്യം വന്നിരുന്നില്ല ആ ഡോക്ടര്‍ക്ക്. എങ്കിലും അയാളുടെ കണ്ണുകളില്‍ തളം കെട്ടി നിന്നിരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ ആ സുമനസ്സുകളോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു...............
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും കൂടെക്കൂട്ടി മാധവന്‍ നായരുടെ മകന്‍, മുരളിയേയും അമ്മിണിയേയും കൂട്ടി കാറില്‍ പോകുന്നത് നോക്കി നില്ക്കുമ്പോള്‍ ആ മൂന്നു വൃദ്ധന്മാരുടെയും ഹൃദയങ്ങളില്‍നിന്നും വാര്‍ദ്ധക്യം അടര്‍ന്നു വീഴുകയായിരുന്നു..............
ഹരീഷ് - കാക്കനാട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment