ഈയിടെയായി മലയാളികള്‍ക്ക് ഏറെ അടുപ്പമുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗമാണ് ബംഗാളികള്‍. ബ്രിട്ടീഷ് ഇന്ത്യയിലെ സുപ്രസിദ്ധ മെട്രോ നഗരമായിരുന്ന ബംഗാളിനെ നമുക്കറിയാമായിരുന്നു എന്നിരുന്നാലും, ബംഗാളികളുമായുള്ള സഹാവാസത്തോടെ അവരുടെ ജീവിതവും സംസ്കാരവും നമ്മെ ഒട്ടേറെ അത്ഭുതപ്പെടുത്തി എന്നുള്ളതാണ് വസ്തുത.
ഹൂഗ്ലി നദിയും, ഹൌറ ബ്രിഡ്ജും, ചുവന്ന തെരുവും എന്നാ നാമമാത്രമായ ദൃശ്യങ്ങളായിരിക്കും നമ്മുടെ അറിവുകളില്‍ ആദ്യം ഉണ്ടാവുക. എന്നാല്‍ അതിലുപരിയായി ബംഗാള്‍ സംസ്കാരത്തെക്കുറിച്ച് വായിച്ചറിഞ്ഞവര്‍ക്ക്, അവിടുത്തെ ജനങ്ങളുടെ ഉദ്ദിഷ്ട കാര്യസിദ്ധിപ്രദായകമായ " ബ്ലാക്ക് മാജിക്" ലോകത്തെ (അവിശ്വസനീയമാണെങ്കിലും) തെല്ലൊരു ഭയത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ......
എന്റെ വിചിത്രമായ ഒരു അനുഭവം ഞാന്‍ പങ്കുവെക്കട്ടെ......
ജോലിസംബന്ധമായി ഒട്ടേറെ ഇന്ത്യന്‍ ബംഗാളികളുമായും ബംഗ്ലാദേശികളുമായും എനിക്കും സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതിലൊരു ഇന്ത്യന്‍ ബംഗാളിക്കു കഴിഞ്ഞ ദിവസം മേലാകെ ചിക്കന്‍പോക്സ് പൊന്തിവന്നു. സംഭവം അവന്‍ രണ്ടു ദിവസമായി കാര്യമാക്കാതെ കൊണ്ട് നടന്നതായിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ അസ്കിതകള്‍ കൂടുതലായപ്പോള്‍ എന്നെ വന്നു കണ്ട് ഏഴ് ദിവസത്തെ അവധി വേണം എന്നപേക്ഷിച്ചു. ചിക്കന്‍ പോക്സ് കുരുക്കളാല്‍ ഭീകരമായ അവന്റെ ശരീരം എനിക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാന്‍ തല ചുറ്റി വീണില്ല എന്നത് സത്യം. അത്രയ്ക്ക് ഭീകരമായ അവസ്ഥ.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്ന ശേഷം പുതിയത് കിട്ടാഞ്ഞതിനാല്‍ ഞങ്ങളെല്ലാം ആകെ പരിഭ്രാന്തിയിലായിരുന്നു. UAE നിയമപ്രകാരം ഇത്തരക്കാരെ വളരെ ദൂരെ മാറ്റി പാര്‍പ്പിക്കണം. അല്ലെങ്കില്‍ പോലീസു വന്നു പുലിവാലാക്കും. അതിന്റെ നൂലാമാലകളില്‍ നിന്നുണ്ടായേക്കാവുന്ന തലവേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് തന്നെ ഇവനെ നാട്ടിലേയ്ക്ക് കയറ്റിവിടാന്‍ ഞാന്‍ കാര്യങ്ങള്‍ നീക്കി. അവനോടു സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ ഞാന്‍ പറഞ്ഞപ്പോള്‍, അവന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്നെ ചൊടിപ്പിച്ചു. അവനു നാട്ടിലേയ്ക്ക് പോകാന്‍ സമ്മതമായിരുന്നില്ല.
ബംഗാളിലെ ഏതോ ഗോത്ര ഭാഷ സംസാരിക്കുന്ന അവനോടു ഞാന്‍ വേറെ ഒരുത്തന്റെ സഹായത്തോടെ സംസാരിച്ചപ്പോള്‍ അവനു ഇപ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റില്ല, സാമ്പത്തികം ആണ് വില്ലന്‍ എന്നൊക്കെ അറിയാന്‍ സാധിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുടെ കല്യാണം ഈയിടെ കഴിഞ്ഞതിനാല്‍ ചുരുങ്ങിയത് നാലുകൊല്ലം കഴിഞ്ഞേ നാട്ടിലേയ്ക്ക് പോകുന്നത് തന്നെ ചിന്തിക്കാനാകൂ, ആ ബംഗാളിക്ക്.....പക്ഷെ ഞാന്‍ നിര്‍ബന്ധം പിടിച്ചു കൊണ്ടിരുന്നു....
ഞൊടിയിടയില്‍ അവര്‍ നാലഞ്ചു പേര്‍ കൂട്ടം കൂടി എന്തൊക്കെയോ തീരുമാനമെടുത്തു. രോഗിയായ ഈ ബംഗാളി നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ചുകൊണ്ടു കരയുന്നതോടൊപ്പം എന്തൊക്കെയോ കാര്യമായി ബോധിപ്പിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ആ ബംഗാളിക്കൂട്ടങ്ങള്‍ അവരുടെ മുറിയില്‍ കയറി വാതിലടച്ചു. അരമണി നേരം ആ മുറിയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. ചെറുതായി മണിയടിയുടെയും മറ്റും ശബ്ദങ്ങള്‍ പുറത്തുവന്നു. ഞാനത് കാര്യമാക്കാതെ എന്റെ മുറിയിലേയ്ക്ക് തിരികെ പോന്നു.
ഏകദേശം രണ്ടു രണ്ടര മണിക്കൂര്‍ പിന്നിട്ട ശേഷം ഒരു ബംഗാളി വളരെ സന്തോഷത്തോടെ എന്നെ വന്നു കാണുകയുണ്ടായി. അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടു വിശ്വാസം വരാതെ ഞാന്‍ അവന്റെ മുറിയിലേയ്ക്ക് പോയിനോക്കി. അവിടെ കണ്ട കാഴ്ച ചില സിനിമകളിലേക്കാള്‍ അത്ഭുതമുണര്‍ത്തുന്നതായിരുന്നു. കുറച്ചു മണിക്കൂര്‍ മുന്‍പ് ചിക്കന്‍പോക്സ് പൊന്തി വിരൂപനായി നിന്നിരുന്ന ആ ബംഗാളി വളരെ ആരോഗ്യവാനായി കട്ടിലില്‍ ഇരിക്കുന്നു. കട്ടിലില്‍ എന്തൊക്കെയോ പൊടികളും ഇലകളും വിതറിയിട്ടിരിക്കുന്നു. മാത്രമല്ല അവന്റെ ദേഹത്ത് പൊന്തിയിരുന്ന കുരുക്കളില്‍ എഴുപത്തിയഞ്ച് ശതമാനവും ഉള്ളിലേയ്ക്ക് വലിഞ്ഞിരുന്നു എന്നതാണ് നഗ്ന സത്യം.
നാട്ടില്‍ "വേണ്ടപ്പെട്ടവര്‍ക്ക്" അവന്റെ വീട്ടുകാര്‍ വേണ്ടതെല്ലാം എത്തിച്ചു കഴിഞ്ഞു എന്നാണു ഇതിന്റെ രഹസ്യമായി എന്നോടവര്‍ പറഞ്ഞത്. ബാക്കിയുള്ളത് ഇവിടെ നിന്നുകൊണ്ട് പൂജയിലൂടെ അവരും എത്തിച്ചിരുന്നു. അവന്റെ മുറിയിലെ അരണ്ടവെളിച്ചത്തില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും പിന്നെ പേരറിയാത്ത പലതും ചേര്‍ന്നുകൊണ്ട് സൃഷ്ടിച്ച ഗന്ധം എന്റെ സിരകളെ തളര്‍ത്തുന്നതായിരുന്നു....
അതിനാല്‍ത്തന്നെ വളരെ പെട്ടെന്ന് ഭയന്നു വിറച്ചു കൊണ്ട് ഞാനവിടം കാലിയാക്കി.....
ഒരു പനി വന്നാല്‍ ഡോക്ടറെ കാണുന്ന നമ്മള്‍ മണ്ടന്മാര്‍ ആണോ????
Note: ബംഗാളികള്‍ തന്ത്ര വിദ്യ കൊണ്ട് ചിക്കന്‍ പോക്സ് ഭേദമാക്കി എന്ന് മാത്രം എനിക്കിവിടെ കൊടുത്താല്‍ മതിയായിരുന്നു. എന്നാലും ഈ സംഭവങ്ങളുടെ അതിശയോക്തി എനിക്ക് നിങ്ങളോട് കൂടുതല്‍ വെളിപ്പെടുത്തണമെന്നുണ്ടായിരുന്നു.
No comments:
Post a Comment