Saturday, January 31, 2015

ബ്ലാക്ക്‌ മാജിക്ക് - ഒരു അനുഭവം

ഈയിടെയായി മലയാളികള്‍ക്ക് ഏറെ അടുപ്പമുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗമാണ് ബംഗാളികള്‍. ബ്രിട്ടീഷ്‌ ഇന്ത്യയിലെ സുപ്രസിദ്ധ മെട്രോ നഗരമായിരുന്ന ബംഗാളിനെ നമുക്കറിയാമായിരുന്നു എന്നിരുന്നാലും, ബംഗാളികളുമായുള്ള സഹാവാസത്തോടെ അവരുടെ ജീവിതവും സംസ്കാരവും നമ്മെ ഒട്ടേറെ അത്ഭുതപ്പെടുത്തി എന്നുള്ളതാണ് വസ്തുത.

ഹൂഗ്ലി നദിയും, ഹൌറ ബ്രിഡ്ജും, ചുവന്ന തെരുവും എന്നാ നാമമാത്രമായ ദൃശ്യങ്ങളായിരിക്കും നമ്മുടെ അറിവുകളില്‍ ആദ്യം ഉണ്ടാവുക. എന്നാല്‍ അതിലുപരിയായി ബംഗാള്‍ സംസ്കാരത്തെക്കുറിച്ച് വായിച്ചറിഞ്ഞവര്‍ക്ക്, അവിടുത്തെ ജനങ്ങളുടെ ഉദ്ദിഷ്ട കാര്യസിദ്ധിപ്രദായകമായ " ബ്ലാക്ക് മാജിക്" ലോകത്തെ (അവിശ്വസനീയമാണെങ്കിലും) തെല്ലൊരു ഭയത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ......

എന്റെ വിചിത്രമായ ഒരു അനുഭവം ഞാന്‍ പങ്കുവെക്കട്ടെ......

ജോലിസംബന്ധമായി ഒട്ടേറെ ഇന്ത്യന്‍ ബംഗാളികളുമായും ബംഗ്ലാദേശികളുമായും എനിക്കും സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതിലൊരു ഇന്ത്യന്‍ ബംഗാളിക്കു കഴിഞ്ഞ ദിവസം മേലാകെ ചിക്കന്‍പോക്സ് പൊന്തിവന്നു. സംഭവം അവന്‍ രണ്ടു ദിവസമായി കാര്യമാക്കാതെ കൊണ്ട് നടന്നതായിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ അസ്കിതകള്‍ കൂടുതലായപ്പോള്‍ എന്നെ വന്നു കണ്ട് ഏഴ് ദിവസത്തെ അവധി വേണം എന്നപേക്ഷിച്ചു. ചിക്കന്‍ പോക്സ് കുരുക്കളാല്‍ ഭീകരമായ അവന്റെ ശരീരം എനിക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാന്‍ തല ചുറ്റി വീണില്ല എന്നത് സത്യം. അത്രയ്ക്ക് ഭീകരമായ അവസ്ഥ.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്ന ശേഷം പുതിയത് കിട്ടാഞ്ഞതിനാല്‍ ഞങ്ങളെല്ലാം ആകെ പരിഭ്രാന്തിയിലായിരുന്നു. UAE നിയമപ്രകാരം ഇത്തരക്കാരെ വളരെ ദൂരെ മാറ്റി പാര്‍പ്പിക്കണം. അല്ലെങ്കില്‍ പോലീസു വന്നു പുലിവാലാക്കും. അതിന്റെ നൂലാമാലകളില്‍ നിന്നുണ്ടായേക്കാവുന്ന തലവേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് തന്നെ ഇവനെ നാട്ടിലേയ്ക്ക് കയറ്റിവിടാന്‍ ഞാന്‍ കാര്യങ്ങള്‍ നീക്കി. അവനോടു സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ ഞാന്‍ പറഞ്ഞപ്പോള്‍, അവന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്നെ ചൊടിപ്പിച്ചു. അവനു നാട്ടിലേയ്ക്ക് പോകാന്‍ സമ്മതമായിരുന്നില്ല.

ബംഗാളിലെ ഏതോ ഗോത്ര ഭാഷ സംസാരിക്കുന്ന അവനോടു ഞാന്‍ വേറെ ഒരുത്തന്റെ സഹായത്തോടെ സംസാരിച്ചപ്പോള്‍ അവനു ഇപ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റില്ല, സാമ്പത്തികം ആണ് വില്ലന്‍ എന്നൊക്കെ അറിയാന്‍ സാധിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുടെ കല്യാണം ഈയിടെ കഴിഞ്ഞതിനാല്‍ ചുരുങ്ങിയത് നാലുകൊല്ലം കഴിഞ്ഞേ നാട്ടിലേയ്ക്ക് പോകുന്നത് തന്നെ ചിന്തിക്കാനാകൂ, ആ ബംഗാളിക്ക്‌.....പക്ഷെ ഞാന്‍ നിര്‍ബന്ധം പിടിച്ചു കൊണ്ടിരുന്നു....

ഞൊടിയിടയില്‍ അവര്‍ നാലഞ്ചു പേര്‍ കൂട്ടം കൂടി എന്തൊക്കെയോ തീരുമാനമെടുത്തു. രോഗിയായ ഈ ബംഗാളി നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ചുകൊണ്ടു കരയുന്നതോടൊപ്പം എന്തൊക്കെയോ കാര്യമായി ബോധിപ്പിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ആ ബംഗാളിക്കൂട്ടങ്ങള്‍ അവരുടെ മുറിയില്‍ കയറി വാതിലടച്ചു. അരമണി നേരം ആ മുറിയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. ചെറുതായി മണിയടിയുടെയും മറ്റും ശബ്ദങ്ങള്‍ പുറത്തുവന്നു. ഞാനത് കാര്യമാക്കാതെ എന്റെ മുറിയിലേയ്ക്ക് തിരികെ പോന്നു.

ഏകദേശം രണ്ടു രണ്ടര മണിക്കൂര്‍ പിന്നിട്ട ശേഷം ഒരു ബംഗാളി വളരെ സന്തോഷത്തോടെ എന്നെ വന്നു കാണുകയുണ്ടായി. അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടു വിശ്വാസം വരാതെ ഞാന്‍ അവന്റെ മുറിയിലേയ്ക്ക് പോയിനോക്കി. അവിടെ കണ്ട കാഴ്ച ചില സിനിമകളിലേക്കാള്‍ അത്ഭുതമുണര്‍ത്തുന്നതായിരുന്നു. കുറച്ചു മണിക്കൂര്‍ മുന്‍പ് ചിക്കന്‍പോക്സ് പൊന്തി വിരൂപനായി നിന്നിരുന്ന ആ ബംഗാളി വളരെ ആരോഗ്യവാനായി കട്ടിലില്‍ ഇരിക്കുന്നു. കട്ടിലില്‍ എന്തൊക്കെയോ പൊടികളും ഇലകളും വിതറിയിട്ടിരിക്കുന്നു. മാത്രമല്ല അവന്റെ ദേഹത്ത് പൊന്തിയിരുന്ന കുരുക്കളില്‍ എഴുപത്തിയഞ്ച് ശതമാനവും ഉള്ളിലേയ്ക്ക് വലിഞ്ഞിരുന്നു എന്നതാണ് നഗ്ന സത്യം.

നാട്ടില്‍ "വേണ്ടപ്പെട്ടവര്‍ക്ക്" അവന്റെ വീട്ടുകാര്‍ വേണ്ടതെല്ലാം എത്തിച്ചു കഴിഞ്ഞു എന്നാണു ഇതിന്റെ രഹസ്യമായി എന്നോടവര്‍ പറഞ്ഞത്. ബാക്കിയുള്ളത് ഇവിടെ നിന്നുകൊണ്ട് പൂജയിലൂടെ അവരും എത്തിച്ചിരുന്നു. അവന്റെ മുറിയിലെ അരണ്ടവെളിച്ചത്തില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും പിന്നെ പേരറിയാത്ത പലതും ചേര്‍ന്നുകൊണ്ട് സൃഷ്ടിച്ച ഗന്ധം എന്റെ സിരകളെ തളര്‍ത്തുന്നതായിരുന്നു....

അതിനാല്‍ത്തന്നെ വളരെ പെട്ടെന്ന് ഭയന്നു വിറച്ചു കൊണ്ട് ഞാനവിടം കാലിയാക്കി.....

ഒരു പനി വന്നാല്‍ ഡോക്ടറെ കാണുന്ന നമ്മള്‍ മണ്ടന്മാര്‍ ആണോ????

Note: ബംഗാളികള്‍ തന്ത്ര വിദ്യ കൊണ്ട് ചിക്കന്‍ പോക്സ് ഭേദമാക്കി എന്ന് മാത്രം എനിക്കിവിടെ കൊടുത്താല്‍ മതിയായിരുന്നു. എന്നാലും ഈ സംഭവങ്ങളുടെ അതിശയോക്തി എനിക്ക് നിങ്ങളോട് കൂടുതല്‍ വെളിപ്പെടുത്തണമെന്നുണ്ടായിരുന്നു.

Saturday, January 17, 2015

അലക്സാണ്ടര്‍ കൊച്ചുമോന്‍ - മിനിക്കഥ




യാതൊന്നും നേടാതെയായിരുന്നു അവന്‍ തിരിച്ചെത്തിയത്‌. വിധിയെന്ന് വിളിക്കുന്ന തിരിച്ചടികളാല്‍  ജീവിതം എന്ന കളിക്കളത്തില്‍ നിന്നും അവന്‍ സ്വമേധയാ പിന്മാറിയതായിരുന്നു. ഇനി വിശ്രമജീവിതം.........
മടുത്തു തുടങ്ങിയപ്പോള്‍ അമ്മയുടെ മടിയിലേയ്ക്കു അഭയം തേടുകയായിരുന്നു.....
മുറ്റത്തെ മൂവാണ്ടന്‍ പൂത്തുലഞ്ഞപ്പോള്‍ എല്ലാ പഴയ കളിക്കൂട്ടുകാരും ചങ്ങാത്തത്തിനെത്തി.  പൂവാലന്‍ അണ്ണാരക്കണ്ണനും, മടിയന്‍ ചെമ്പോത്തും, കുറിഞ്ഞിപ്പൂച്ചയും, കല്യാണി പൈക്കിടാവും എന്നുവേണ്ടാ; രാമനും, പപ്പനും, മൗലവിയും, രമണിയും പിന്നെ മൂക്കൊലിയന്‍ കൊച്ചൌസേപ്പും അവനെക്കാത്തു ആ തറവാട്ടു മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
ലങ്കയില്‍ പോയി രാവണ വധം കണ്ടു, കണ്ണന്‍റെ വൃന്ദാവനത്തില്‍പ്പോയി മുരളീഗാനം കേട്ടു,  ഇന്ത്യയെ കൊള്ളയടിച്ച വിദേശ രാജാക്കന്മാരെ തിരിച്ചറിഞ്ഞു,  വിക്രാമാദിത്യനെയും വേതാളത്തേയും കണ്ടു, കാളിദാസന്‍റെ ശാകുന്തളം കേട്ടു, ചാണക്യന്‍റെ തന്ത്രങ്ങള്‍ കണ്ടറിഞ്ഞു,  രാജ്യതന്ത്രങ്ങളേയും സാമ്രാജ്യത്വങ്ങളേയും നേരില്‍ കണ്ടു. ഹിറ്റ്ലറെ, മുസ്സോളനിയെ, സ്റ്റാലിനെ, നെപ്പോളിയനെ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ, മണ്ടേലയെ, സദ്ദാം ഹുസ്സൈനെ, ബിന്‍ ലാദനെ.....അങ്ങിനെ ലോകത്തിനെ മൊത്തം ചുറ്റിക്കണ്ടു. വിവിധ ദേശങ്ങളിലൂടെ സംസ്കാരങ്ങളിലൂടെ ഒരു പ്രയാണമായിരുന്നു.
പൊടുന്ന തലയില്‍ തലോടിയിരുന്ന കൈകളുടെ ചലനം നിലച്ചപ്പോള്‍ അവന്‍ ഞെട്ടിയുണര്‍ന്നു. അമ്മ ഉറങ്ങിയിരുന്നു....ഈശ്വരാ...അമ്മ ഉറങ്ങിയാല്‍ ഞാനിനി എന്ത് ചെയ്യും. ആ തണല്‍ നഷ്ടപ്പെട്ടാല്‍ എവിടേയ്ക്ക് പോകും. ഒരിക്കല്‍ വളര്‍ത്തി വലുതാകി  ലോകം കീഴടക്കാന്‍ അലക്സ്സാണ്ടറാക്കി മാറ്റിയതായിരുന്നു ഈ  കൊച്ചുമകനെ.... നഷ്ടങ്ങളെ സ്വമേധയാ തിരിച്ചറിഞ്ഞു തോറ്റു തുന്നംപാടി അവന്‍ തിരിച്ചു വന്നപ്പോള്‍ മറ്റൊരു തീരാ നഷ്ടം കൂടി.....ഇനിയീ ലോകമാകുന്ന - ജീവിതമാകുന്ന കളിക്കളത്തില്‍ അവനെ നിയന്ത്രിക്കാന്‍ ആരുമില്ല. കൂടെക്കളിക്കാന്‍ അവനും ആരുമില്ല.......കളിക്കളം ശൂന്യമാകുന്നുവോ?????

സേതു - പാണ്ഡവപുരം - ഒരു ആസ്വാദനം



കുറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍വായനയുടെ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്....ഓണ്‍ലൈന്‍വായനയുടെ ലോകത്തു നിന്നും രക്ഷപ്പെടാന്‍കൊതിക്കുന്ന ഞാന്‍ഈ പുതുവര്‍ഷത്തില്‍ഇപ്പോള്‍തന്നെ ഒരു നോവല്‍വായിച്ചു കഴിഞ്ഞു.....മറ്റൊരു നോവല്‍വായിച്ചു കൊണ്ടിരിക്കുന്നു.....
എന്റെ ചെറിയ അഭിപ്രായം ഞാന്‍ഇവിടെ കുറിക്കുന്നു........

സേതു - പാണ്ഡവപുരം - ഒരു ആസ്വാദനം

"അസ്വസ്ഥ മനസ്സുകളിലാണ് പാണ്ഡവപുറം സ്ഥിതി ചെയ്യുന്നത്".
സേതു എന്ന നോവലിസ്റ്റ് എന്നും നമ്മെ അമ്പരപ്പിച്ചിട്ടേയുള്ളൂ. തന്റെ രചനകളിലൂടെ താന്‍സൃഷ്ടിച്ചെടുത്ത മാസ്മരികലോകത്തെയ്ക്ക് നമ്മെ കൊണ്ടെത്തിച്ചിട്ട് ആവോളം ആസ്വദിച്ചോളാന്‍പറയും. പക്ഷെ ആ മാന്ത്രിക സ്പര്‍ശം തോട്ടറിയാതെ നമ്മള്‍ആ ലോകത്ത് അമ്പരന്നു നിന്ന് പോയേക്കാം. അപ്പോഴായിരിക്കും മിന്നിമായുന്ന മേഘങ്ങളെപ്പോലെ ആ ലോകം തന്നെ നമുക്ക് സുപരിചിതങ്ങളായി മാറുന്നത് നാം കാണാനിടയാവുക. ഈ ഒരു മാന്ത്രിക സ്പര്‍ശം തന്നെയാണ് എന്നെ അദ്ദേഹത്തിന്‍റെ ആരാധകനാക്കി മാറ്റിയത്.


" മറുപിറവി" യിലൂടെ നമ്മള്‍ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത നമ്മുടെ പൂര്‍വ്വികരുടെ ലോകത്തേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചെങ്കില്‍, " അടയാളങ്ങളിലെ" മീനാക്ഷിപുരവും അതിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തില്‍വലിയൊരളവോളം സ്വാധീനം ചെലുത്താന്‍തക്ക വിധത്തില്‍ആഴത്തില്‍ പതിപ്പിച്ചിരിക്കുന്നു.


പാണ്ഡവപുരം എന്ന പേര് കേള്‍ക്കുമ്പോള്‍പാണ്ഡവന്മാരെക്കുറിച്ചുള്ള കഥയാണോ എന്നാ സംശയം സ്വാഭാവികം. എന്നാല്‍ആണോ എന്ന് ചോദിച്ചാല്‍അല്ലായെന്നും അതെയെന്നും പറയേണ്ടിവരും. ദേവസ്പര്‍ശമുള്ള പാണ്ഡവരുടേയും കുന്തിയുടെയും കഥയുടെ പശ്ചാത്തലത്തില്‍ഒരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചെടുത്തു അതില്‍ നമ്മളേയും നമ്മുടെ ഗ്രാമത്തിനെയും പറിച്ചു നട്ട് നമ്മുടെ ജീവിതത്തിന്റെ ഉള്‍വഴികളിലേക്ക് കണ്ണോടിക്കാന്‍നമ്മെ പ്രേരിപ്പിക്കുന്നു.

കഥയിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് വ്യസനപൂര്‍വ്വം ഒരു സത്യം അറിയിച്ചോട്ടെ!!!! സദാചാരം പണ്ടത്തെ കാലങ്ങളിലും ഒരു മഹാ പ്രശ്നമായിരുന്നു. ഒരു പക്ഷെ ഇന്നത്തെക്കാള്‍പണ്ടായിരുന്നേക്കാം അതിന്റെ ഭീകരമായ അവസ്ഥ എന്നത് ഈ നോവല്‍ചൂണ്ടിക്കാണിക്കുന്നു.....


ജീവിതത്തിന്റെ തുടക്കത്തിലേ താളം നഷ്ടപ്പെട്ട "ദേവി" എല്ലാ തെറ്റുകളും തന്റേതാണെന്ന് വൃഥാ അംഗീകരിച്ചു കൊണ്ട് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുന്ന ഒരു അദ്ധ്യാപികയാണ്. എനാലും തന്‍റെ നിരപരാധിത്വം തെളിയുക്കന്നതിനേക്കാള്‍ അവള്‍ക്ക് താല്‍പ്പര്യം തനിക്ക് ഇല്ലാതിരുന്ന ഒരു ഭൂതകാലം സൃഷ്ടിച്ചെടുക്കാനായിരുന്നു. ആ ഭൂതകാലത്തില്‍അവള്‍പാണ്ഡവപുരം എന്ന ഗ്രാമം സൃഷ്ടിച്ചെടുത്തു. അവിടെ പണ്ടത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ പിന്തുടര്‍ച്ചക്കാര്‍എന്ന അവകാശവാദം ഉന്നയിക്കത്തക്ക വിധത്തിലുള്ള " ജാരന്മാര്‍" എന്നാ സമൂഹത്തെ സൃഷ്ടിച്ചെടുത്തു. ആന്നത്തെ സമൂഹത്തിന്റെ നികൃഷ്ടജന്മങ്ങളായിരുന്ന "ജാരന്മാരെ" എല്ലാ സ്ത്രീകളുടെയും മാനം അപഹരിച്ചു ആ കുടുംബം ശിഥിലമാക്കുന്നവരാക്കി ചിത്രീകരിച്ചു. അതിനുവേണ്ടി നോമ്പുനോറ്റു കാത്തിരിക്കുക എന്നൊക്കെ പറയുന്നപോലെ വര്‍ഷങ്ങളോളം കാത്തിരിക്കുന്നു. അതിനു കൂടുതല്‍നിറം പകരുവാന്‍ആ കൊച്ചുഗ്രാമത്തിലെ വിജനമായ റെയില്‍വേ സ്റ്റേഷനില്‍എന്ന് ഒരേ സമയത്ത് അത് വര്‍ഷങ്ങളോളം കാത്തിരുന്നു.

ഒരു പക്ഷെ തനിക്കുണ്ടായിരുന്നില്ലാത്ത അത്തരം ഒരു ഭൂതകാലം  സൃഷ്ടിച്ചെടുക്കുമ്പോള്‍അതിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍വേണ്ടി അവള്‍ക്കു ഒരു ജാരനെ പുനര്‍സൃഷ്ടിക്കുക അത്യാവശ്യമായിരുന്നു. ഭാരത സ്ത്രീകളുടെ ത്യാഗമാനോഭാവത്തെയാണ് ഇവിടെ കഥാകൃത്ത്‌വെളിപ്പെടുത്തുന്നത്. തന്റെ ദുഷിച്ച ഭൂതകാലത്തിന് കൂടുതല്‍ഫലം കൊടുക്കാന്‍അവളെ ആദ്യമായി പെണ്ണ് കാണാന്‍വരുന്ന അവസരത്തില്‍അവളുടെ വീട്ടില്‍വെച്ച് നടത്തപ്പെടുന്ന ഒരു പൂജയെപ്പറ്റി പ്രതിപാദിക്കുന്നു. കാരണം അവള്‍ക്കു വശീകരണ മന്ത്രം ഉപയോഗിച്ച് ജാരന്മാരെ വരുത്താന്‍കഴിയാം എന്ന് ചിത്രീകരിക്കണം. പക്ഷെ അവള്‍ക്കാണെങ്കിലോ തന്‍റെ അദൃശ്യ ലോകങ്ങളിലെ ജാരന്മാരെ വിളിച്ചു വരുത്തി പകരം ചോദിക്കാന്‍ഉള്ള വ്യഗ്രതയായിരുന്നു. അതിനു വേണ്ടി കാതിരിക്കെയാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ്‌വരുന്നത്. അത് കൂടുതല്‍ വെളിപ്പെടുത്തിയാല്‍പിന്നെ ഈ പുസ്തകം വായിക്കുന്നതിനുള്ള താല്പ്പര്യം നഷ്ടമാകും. എങ്കിലും ഒരു ചെറിയ വിവരണം ഞാന്‍നല്‍കാം.
അവള്‍തന്റെ മനസ്സിലും പറഞ്ഞു പഠിപ്പിച്ചു തന്റെ വീട്ടുകാരുടെ മനസ്സിലും പ്രതിഷ്ഠിച്ചിരുന്ന ആ സാങ്കല്‍പ്പിക ലോകത്തില്‍നിന്നും ഒരാള്‍അവളുടെ വീട്ടിലേയ്ക്ക് വന്നു ചേരുന്നു. അതും അവളുടെ ജാരനായിരുന്നു എന്നാ അവകാശവാദത്തോടെ. ആദ്യമാദ്യം കാത്തിരുന്ന കിട്ടിയ ഭൂതകാലത്തിന്റെ പ്രതീകത്തിനോട് അവള്‍ക്കു പറഞ്ഞറിയിക്കാനാകാത്ത അഭിനിവേശം തോന്നുമെങ്കിലും പതിയെപ്പതിയെ അവളിലെ പ്രതികാരാഗ്നി ഉണരുകയായിരുന്നു. അനേകായിരം കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞ ജാരന്മാര്‍എന്ന വര്ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍അവള്‍ തയ്യാറെടുക്കുന്നു. തന്‍റെ ചിലന്തിവലയില്‍വന്നണഞ്ഞ ജാരനെ അവള്‍തന്‍റെ പതിവ്രത തപശ്ശക്തിയെ പോലും കുരുതി കൊടുത്ത് തോല്‍പ്പിക്കുന്നു.

ഒടുവില്‍തന്നെ വിട്ടു ഓടിപ്പോയ തന്‍റെ പതിയെ തന്റേതായ ലോകത്തിലേയ്ക്ക് വിളിച്ചു വരുത്തിക്കൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതോടൊപ്പം, അവുടെ ജീവിതത്തിലെ കരിനിഴളുകളായിരുന്ന ജാരവര്‍ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍തയ്യാറായതും പറഞ്ഞു കൊടുക്കുന്നു. അസ്വസ്ഥമായ ജീവിതം നയിച്ചിരുന്ന കുന്തിയോട് ഈ കഥാനായികയെ ഉപമിച്ചിരിക്കുന്നതായി കാണാം. മത്സരിച്ചു സ്നേഹിക്കുക അതും സ്വാര്‍ത്ഥതയോടെ എന്നതില്‍ ജാഗരൂകരായിരുന്ന പാണ്ഡവന്‍മാരെ മൊത്തം പുരുഷസമൂഹമായി ചിത്രീകരിക്കുന്നു. ജാരന്മാരുടെ ഉത്ഭവം കാണിക്കുന്ന രണ്ടു പശ്ചാത്തലങ്ങളും അതിമനോഹരം എന്ന് പറയാം. ജാരന്മാരുടെ ഉള്ളിലും കിടന്നു പുകയുന്ന പ്രതികാരാഗ്നി എന്താണെന്ന് അത് മനസ്സിലാക്കിത്തരുന്നു. പാണ്ഡവന്മാര്‍സ്വര്‍ഗാരോഹണം ചെയ്യുന്ന സമയം അവര്‍ചിലവഴിച്ചിരുന്ന കാടും മേടും മലകളുമാണ് പിന്നീടു പാണ്ഡവപുരമായും അവിടെ കുന്ത്ക്കായി പണിത അമ്പലം പിന്നീടു പാണ്ഡവപുറത്തെ നിരാലംബരായ സ്ത്രീകളുടെ ശരണാഗതയായ ദുര്‍ഗ്ഗയുടെ അമ്പലമായും ചിത്രീകരിക്കുന്നു.

വായനയുടെ ലോകത്ത് പിച്ചവെക്കുന്ന എനിക്ക് ഉള്‍ക്കൊള്ളനാവുന്നതിലും എത്രയോ അര്‍ത്ഥവത്താണ് നോവലിസ്റ്റ് ഈ രചന എന്നത് ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു പഠനം നമുക്ക് വെളിപ്പെടുത്തുന്നു. ഇന്ദുലേഖയില്‍ തുടങ്ങി പാണ്ഡവപുറം വരെ എന്ന് സൂചിപ്പിച്ചു കൊണ്ട് തുടങ്ങുന്ന പഠനം നടത്തിയിരിക്കുന്നത് " അര്‍ച്ചനാ സാഹ്നി" യെന്ന കാനഡയിലെ ഒരു പഞ്ചാബി പ്രോഫസ്സറാണ്......... ഈ നോവല്‍ഒരു വായന എന്നതിനേക്കാള്‍നമ്മുടെ സമൂഹത്തിലെ സാംസ്കാരിക തലങ്ങളുടെ വൈകാരികതയെ നമുക്ക് തന്നെ വെളിപ്പെടുത്തി തരുന്നു എന്ന് ഞാന്‍നിസ്സംശയം പറയും.............

ഹരീഷ് ചാത്തക്കുടം