Saturday, May 23, 2015

ദൈവം പിടിച്ച പുലിവാല്‍



ദൈവമേ, നീ പറയൂ...
ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്?
വെറുതെയിരിക്കാന്‍ എനിക്കാകില്ല.....
എന്റെ പ്രായവും അതല്ല.

അപ്പോഴേ പറഞ്ഞതല്ലേ
വെറുതെ എന്നെ കൂട്ടികൊണ്ടുവരല്ലേയെന്ന്

ദാ നോക്ക്.......
വീടിന്നു മുന്‍പില്‍
ഒരു ആള്‍ക്കൂട്ടം കണ്ടോ???
കടക്കരാകും.

കുട്ടികള്‍ കരയുന്നത് കേട്ടോ?????
വിശന്നിട്ടാകും.

അമ്മയുടെ ശ്വാസംമുട്ടല്‍ ഇങ്ങോട്ടു കേള്‍ക്കാം
അച്ഛന് ഇരിപ്പുറക്കുന്നില്ല.........
വൈകിയാലും ഞാന്‍ ചെല്ലാമെന്നു പറഞ്ഞതല്ലേ

എന്റെ പെണ്ണുമ്പിള്ള, ദാ നിങ്ങളുടെ
ഫോട്ടോക്ക് മുന്നിലാണ്
അതെപ്പോഴും അങ്ങനെയല്ലേ????
എല്ലാം നിങ്ങളുടെ പണിയാണെന്ന്
അവള്‍ക്കറിയാം........

എന്നാലും നിങ്ങള്‍ക്കെങ്ങനെ തോന്നി
എന്നോടിത് ചെയ്യാന്‍?????
കുറച്ചു കൂടി സാവകാശം ഞാന്‍ ചോദിച്ചതല്ലേ????

നാട്ടില്‍ തന്നെ വേണമെന്നില്ലെന്നും
ദൂരെ മരുഭൂമിയില്‍
ആരെയും കാണാത്തൊരിടത്തു 
കഴിയാമെന്നും കെഞ്ചിപ്പറഞ്ഞതല്ലേ???
എന്റെ കുടുംബമെങ്കിലും അന്നത്തിനു
മുട്ടില്ലാതെ കഴിഞ്ഞേനെ

എന്‍റെ ജീവിതം നിങ്ങള്‍ക്കൊരു തുറന്ന പുസ്തകമല്ലേ 
ഒന്ന് തുറന്നു നോക്കൂ??
ഞാന്‍ ഇതുവരെ ചിരിച്ചിട്ടുണ്ടോ?
സുഖിച്ചിട്ടുണ്ടോ?  എന്തിനു....
കരഞ്ഞിട്ടുണ്ടോ??
ഒരു പരാതിയെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇനി പറയൂ...എന്താണ് ഞാന്‍ ചെയ്ത തെറ്റ്???

കുറ്റങ്ങളും കുറവുകളും സഹിച്ച്
കടിച്ചുപിടിച്ചു കാലം കഴിച്ചു കൂട്ടിയതോ???

ഇനി എന്താണ് കണ്ടേക്കുന്നത്????
നീ തന്നെ വേണം എല്ലാത്തിനും....

എന്റെ കുടുംബം അനാഥമായി!!!!!

എനിക്കൊന്നിനുമാവില്ലല്ലോ.............


ഹരീഷ് ചാത്തക്കുടം




Monday, May 18, 2015

കളിവീട്



വടിയെടുക്കാതെയിന്നാദ്യമായെന്നമ്മ
ചൊല്ലിയതാണിന്നവിടേയ്ക്കു പോകുവാന്‍.
അമ്പരന്നെങ്കിലും പിന്നെ നാണിച്ചു ഞാന്‍
കുട്ടിയല്ലല്ലോ കളിച്ചു നടക്കുവാന്‍.

കൂടുകള്‍ മാറി ഞാന്‍ കൂട്ടരും മാറിയെന്നോര്‍-
മ്മയില്‍ പോലും പലതും കലര്‍ന്നു പോയ്‌.
ആദ്യമായ് ഞാന്‍ കണ്ടയെന്റെ കലാലയം
പേരിനു മാത്രം നിലനിന്നിടുന്നു.

കൂടെ പഠിച്ചൊരു നാല് പേരെങ്കിലും
ഓര്‍ക്കാഓര്‍ക്കുവാനായാലതെങ്കിലും ഭാഗ്യം.
നാണുവും കേളുവും എന്നോ മരിച്ചു പോയ്‌
ഓര്‍മ്മയില്‍ പാതിയും കൂടെ മറഞ്ഞു പോയ്‌.

പോകണമെങ്കില്‍ ഞാന്‍ തിരികെയിന്നോടണം
ബാല്യകാലങ്ങളിന്നൊരുപാട് ദൂരമായ്.
കീറിയ തുണിസ്സഞ്ചി തുന്നാന്‍ കൊടുക്കണം
ചിതലരിക്കാത്തൊരെന്നോര്‍മ്മകള്‍ തേടണം.

ഉണങ്ങിയ മഷിത്തണ്ട് സൂക്ഷിച്ചതുണ്ട് ഞാന്‍
തിരികെയാ പടികളിന്നോടിക്കയറുവാന്‍.
തിരുകി വെക്കാനായ് തുണിക്കീശ തേടി ഞാന്‍
പഴയൊരെന്നോര്‍മ്മയാം വള്ളി ട്രവസറില്‍.

അഴുകിയതെങ്കിലും പഴമയില്‍ തെളിയുന്നു
സ്ലേറ്റുകള്‍ പോലൊരെന്‍ പോട്ടിയോരോര്‍മ്മകള്‍.
കൂട്ടിഞാന്‍ വായിച്ച വാക്കുകള്‍ക്കുള്ളിലും
തേടി ഞാന്‍, കണ്ടില്ല കൂട്ടരേയൊന്നുപോല്‍.

മൂക്കൊലിക്കുന്നില്ല, ചെളിയും പുരണ്ടില്ല
ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടിയതുമില്ല.
ഉപ്പുമാവിന്‍ പാത്രമെങ്ങോ കളഞ്ഞുപോയ്
മൂവാണ്ടനെങ്കിലോ പൂക്കുവാറില്ല...

കുത്തിക്കുറിക്കുവാന്‍ പെന്സിലുമില്ലിനി 
മുറിപെന്സില്‍ തേടുവാന്‍ സാവിത്രിയില്ല.
തല്ലുപിടിക്കുവാന്‍ “ കുട്ടനു” മില്ലിനി -
ഗോട്ടി കളിക്കുവാന്‍ കൂട്ടെനിക്കാര്??

നല്ലമ്മയാകുന്ന പൊന്നമ്മ ടീച്ചറി-
ന്നീണം മുഴങ്ങുന്ന പാട്ടു കേള്‍ക്കില്ല.
ഗുണനത്തില്‍ ഹരണങ്ങളിട കലര്ത്തുമ്പോള്‍
ചെവിക്കല്‍ തിരുമ്മുവാന്‍ വാസുമാഷില്ല....

അസംബ്ലിയില്‍ തിക്കിത്തിരുകാതെ നില്‍ക്കുകില്‍  
പ്രാര്‍ത്ഥന ചൊല്ലിയാല്‍ എന്തൊരു മോശം.
എന്തൊക്കെയെങ്കിലും “ വാടാ കുരുവി ”
യെന്നെന്നെ വിളിക്കുകില്‍ വന്നിടാം ഞാനും.

എവിടെയോ കൈവിട്ടയെന്‍ വിളിപ്പേരിനായ്
കാതോര്‍ത്തു നില്‍പ്പു ഞാനീകളിത്തട്ടില്‍....
ഞാനിതാ വന്നൂ കളിക്കൂട്ടുകാരേ........
തിരികെ വന്നീടുക “ ബാല്യകാലത്തിനായ് “.

അരയണയ്ക്കല്ല ഞാന്‍ പത്തുരൂപക്കിന്നു
വാങ്ങി നിറച്ചിടാം തേന്‍ നിലാ ഭരണികള്‍......
മധുരം നിറച്ചിന്നു കണ്ടു പിരിഞ്ഞിടാം
ഒരുപാട് നാഴിക താണ്ടുവാന്‍ പ്രാപ്തരായ്.

                ഹരീഷ് കാക്കനാട്ട്.