Thursday, November 11, 2021

മനുഷ്യരിലേയ്ക്കിറങ്ങിച്ചെല്ലാൻ പഠിക്കണം

 

മനുഷ്യരിലേയ്ക്കിറങ്ങിച്ചെല്ലാൻ  പഠിക്കണം

 

കൂടെപ്പഠിച്ച ഒരു കുട്ടി, അത്രമാത്രമായിരുന്നു സജിത.  ഓർക്കൂട്ടിലോ ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ അവളില്ലായിരുന്നു എന്നാണ് എന്റെയറിവ്. അതിനാൽത്തന്നെ പത്താംക്ലാസ്സിനു  ശേഷം വളരെ കൊല്ലം കഴിഞ്ഞു സജിതയെ അവിചാരിതമായി കണ്ടപ്പോൾ,  നമ്മുടെ യാന്ത്രിക ജീവിതത്തെപ്പറ്റി ആലോചിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. സജിത മാത്രമല്ല അങ്ങനെ നിറയെപ്പേരുണ്ടാകും നമുക്കെല്ലാം പറയാൻ; ഒരിക്കൽ ആത്മമിത്രങ്ങളായിരുന്നവർ, സ്നേഹഭാജനങ്ങൾ എന്നിങ്ങനെ.

 സജിതയെക്കണ്ടശേഷം മറ്റു പല പഴയ കൂട്ടുകാരുടെയും വിശേഷങ്ങളും അറിയാൻ സാധിച്ചു. വളരെ വൈകാതെ തന്നെ രമ എന്ന ഞങ്ങളുടെ മറ്റൊരു കൂട്ടുകാരി  ഒരു വാട്ട്സ് ആപ് കൂട്ടായ്  ഉണ്ടാക്കുകയുണ്ടായി. ആദ്യമൊക്കെ ഭയങ്കര ബഹളമായിരുന്നു ഗ്രൂപ്പിൽ. പലരും പരസ്പരം സംസാരിക്കുന്നതു തന്നെ പതിനഞ്ചു കൊല്ലത്തിനു ശേഷം. പതിയെപ്പതിയെ ഗ്രൂപ്പ് നിർജീവമായെങ്കിലുംഞങ്ങൾ നാലഞ്ചുപേർ ചില സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു. രമയും സജിതയും അജയനും അഭിലാഷും പീറ്ററും ഞാനുമെല്ലാം കൂടുതൽ ഉഷാറായി പ്രവര്ത്തിച്ചു.

 പ്രളയസമയത്ത് പലതും ചെയ്യാനായി. ഓൺലൈൻ പഠനസഹായി ആയി ടിവിയും മൊബൈലും പല കുട്ടികൾക്കും നൽകാനായി. പലരുടെയും വീട്ടിലെ നിസ്സഹായാവസ്ഥകൾ കണ്ട് മറ്റു സഹപാഠികളെയും കൂടെ ചേർത്ത് പലതും ചെയ്യാനായി.

അങ്ങനെ പ്രവർത്തിക്കുമ്പോഴാണ് സങ്കടകരമായ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. അത് തന്നെയാണ് എൻറെ മുന്നോട്ടുള്ള കാഴ്ചപ്പാടിനെ മാറ്റിമറച്ചതും.  സഹായം ലഭിക്കേണ്ടുന്ന കൈകൾ അതിനുമാത്രം യോഗ്യതയുള്ളവരാണോ എന്ന് നാം ശരിക്കും വിശകലനം ചെയ്യുന്നില്ല എനിക്ക് തോന്നി.

ആരോടും എൻറെ സംശയം പ്രകടിപ്പിച്ചില്ലെങ്കിലും  പലതും നേരിട്ട് കണ്ടും നാട്ടുകാരോട് ചോദിച്ചും മനസ്സിലാക്കിയും വ്യക്തമായ അന്വേഷണത്തിനൊടുവിൽ മാത്രം ഏറ്റെടുത്തു സഹായം നൽകാൻ തുടങ്ങി. വീടുകളിലേക്ക് നേരിട്ടിറങ്ങിചെല്ലുന്നതിനാൽ മുൻപന്തിയിൽ രമയേയും  സജിതയേയും നിർത്തിയാണ് ഞങ്ങൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്.

രമയാണെങ്കിൽ എവിടെച്ചെന്നാലും അടുക്കളയിലേയ്ക്ക് ധൈര്യത്തോടെ കയറിച്ചെല്ലും. ആദ്യമേ തന്നെ അവസ്ഥകൾ മനസ്സിലാക്കാൻ അടുക്കള കണ്ടാൽ മതിയത്രെ. സജിതയാണെങ്കിൽ സംസാരിച്ചു പാവം തോന്നിയവരെ കെട്ടിപ്പിടിക്കും പിന്നീടത് കരച്ചിലിലേക്കെത്തും. ചുറ്റുപാടുകളും പ്രശ്നങ്ങളും ദുരിതങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ ആദ്യം തന്നെ അടുക്കളയിലേക്കുള്ള  സാധനങ്ങൾ വാങ്ങിക്കൊടുക്കും. പിന്നെ..വസ്ത്രങ്ങൾ...മരുന്നുകൾ....ചികിത്സകൾ  എന്നിങ്ങനെ പോകും.

 ഒരിക്കൽ പതിവുപോലെ ഞങ്ങളെ പുറത്തുനിർത്തി  സജിതയും രമയും  വെറുമൊരു  ചായ്പു പോലുള്ള വീട്ടിലേയ്ക്കു കയറിപ്പോയി. പൊടുന്നനെ ഉച്ചത്തിൽ  കരഞ്ഞുകൊണ്ട് പുറത്തേയ്‌ക്കോടിവന്ന സജിതയെക്കണ്ട് ഞങ്ങളാകെ ഭയന്നു.

 അവൾ ഞങ്ങൾക്കരികിൽ വന്നു ഉള്ളിലേയ്ക്ക് കൈചൂണ്ടി വാവിട്ടു കരയുകയാണ്.

അവിടെ....കണ്ടുനില്ക്കാൻ സാധിക്കില്ല !!! എന്ന് പറഞ്ഞുകൊണ്ട് അവൾ ഞങ്ങളെ ചേർന്ന് നിന്ന് കരയുകയാണ്.

അജയനും അഭിലാഷും ഉള്ളിലേയ്ക്കോടിപ്പോയെങ്കിലും ഞാൻ സജിതയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തു നിന്നു.

ബഹളം കേട്ട ഓടിയെത്തിയ അയല്പക്കക്കാർ എന്നോട് കാര്യങ്ങൾ തിരക്കിയപ്പോൾ; ഞങ്ങൾ എല്ലാവേരയും വീണ്ടും ഞെട്ടിച്ചു കൊണ്ട് വളരെ ഉച്ചത്തിൽ അവരോട് ദേഷ്യപ്പെടുകയാണ് സജിത ചെയ്തത്.

 നിങ്ങളൊക്കെ മനുഷ്യരാണോ??? ഇതാണോ അയല്പക്കകാരോടുള്ള സ്നേഹം???

വീട്ടിലുള്ളവർ മൃഗങ്ങളല്ല. നിങ്ങള്ക്ക് പറ്റില്ലെങ്കിൽ പഞ്ചായത്തിലോ  പോലീസിലോ അറിയിച്ചു കൂടായിരുന്നോ???

ദേഷ്യപ്പെടുന്നതിനിടയിലും അവൾ ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു!!! ഈശ്വരാ....എന്താണ് നീ ഇങ്ങനെ പാവപ്പെട്ടവരെ സൃഷ്ടിക്കുന്നത്????

 കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ,   അവിടേയ്ക്കു വന്ന അടുത്ത വീട്ടിലെ ഒരു അമ്മാവനോട് അന്വേഷിച്ചപ്പോൾ; രമയുടെ പെരുമാറ്റത്തിലെ അമർഷം അയാൾക്ക്‌ അപ്പോഴുമുണ്ടായിരുന്നു.

ദേ...ഒരു കാര്യം പറഞ്ഞേക്കാം. വക നാടകങ്ങൾ കുറെ കണ്ടിട്ടുള്ളതാ.

ആദ്യം കുറെ ഗൾഫ് പണക്കാര് വരും, പിന്നെ സംഘടനകൾ വരും...പിന്നാലെ പോലീസാകും പട്ടാളമാകും.

ഒന്ന് രണ്ടാഴ്ചയ്ക്കുള്ള സാധങ്ങൾ എല്ലാം കിട്ടും. പിന്നെ ആരെയൊക്കെയോ ബോധിപ്പിക്കാൻ എന്തൊക്കെയോ കാണിച്ചുകൂട്ടിയിട്ട് അയൽവക്കക്കാരായ ഞങ്ങൾക്ക് കുറെ ക്ലാസ്സെടുത്തിട്ടു പോകും.

 അതുകൊണ്ടു മക്കള് വന്നിട്ട് രണ്ടു ഫോട്ടോ എടുത്തിട്ട് പോകാൻ നോക്ക്. അതാണല്ലോ ഇവിടത്തെ പതിവ്??

എന്ന്നിട്ടു പോയിട്ട് "കിറ്റ്" കൊണ്ടുവാ!!!!

പിന്നേയ് ... അധികം നേരമിവിടെ  നിൽക്കണ്ട.

എന്റെ മകൻ ഇപ്പൊ വരും.

നിങ്ങളെപ്പോലെ വന്ന ചില കൂട്ടരെ  അവൻ കഴിഞ്ഞയാഴ്ച ആട്ടിയോടിച്ചതേയുള്ളൂ.  കാരണമെന്താണെന്നറിയോ...!!

അവനാണ് ആരോരുമില്ലാത്ത ആ വീട്ടിലുള്ളവരെ കഴിഞ്ഞ രണ്ടുകൊല്ലമായി മൂന്നുനേരം ഭക്ഷണം നൽകി പോറ്റണത്.

സർക്കാരിനും പോലീസിനും പറ്റാത്തത് നിങ്ങൾക്കെങ്ങനെ സാധിക്കാനാ???

അദ്ദേഹത്തിൻറെ വികാരപ്രകടനങ്ങൾക്ക് മുന്നിൽ ഞങ്ങൾ പകച്ചു നിന്നു.

 ബുദ്ധിമാന്ത്യമുള്ള രണ്ടമ്മമാർ ചങ്ങലയിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു. അവരെ ഇതുവരെ സംരക്ഷിച്ചിരുന്ന ഒരു അമ്പതു വയസ്സ് പ്രായം തോന്നിക്കുന്നയാൾ കാൻസറിന്റെ അവസാന സ്റ്റേജിൽ മരണം കാത്തുകൊണ്ട് അവരുടെ കട്ടിലിനു താഴെ പായയിൽ കിടക്കുന്നു. മനുഷ്യവിസർജ്ജം കൊണ്ട് ദുർഗന്ധം വമിക്കുന്ന ഒറ്റമുറിചായ്പ്പിൽ എച്ചിലുകൾ ബാക്കിയായ രണ്ടു സ്റ്റീൽ പ്ലെയ്റ്റുകളും പഴയ ഒരു ട്രങ്ക് പെട്ടിയും മാത്രം കാണാം.

 ഞങ്ങളോട് കയർത്ത അമ്മാവന്റെ അനുഭവങ്ങൾ ശരിവെയ്ക്കും വിധത്തിൽ ഞങ്ങൾ അവിടെ നിന്നും ഒന്നും മിണ്ടാതെ ഇറങ്ങി. അപ്പോഴേയ്ക്കും രമയും സജിതയും അജയനും കൂടി  അവരുടെ മുറി ഒന്ന് വൃത്തിയാക്കികഴിഞ്ഞിരുന്നു.

ആരോഗ്യവകുപ്പിലും, പഞ്ചായത്തിലുമൊക്കെ കയറി ഇറങ്ങി ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൂടുതലതിന്റെ പിന്നാലെ നടക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.  പതിയെപ്പതിയെ ഓരോ തിരക്കുകളിൽപ്പെട്ട് ഞങ്ങളും അവരെ വിസ്മൃതിയിലാഴ്ത്തി.

 ഏകദേശം ഒരു കൊല്ലത്തിനുശേഷം മറ്റൊരു മഴക്കാലവും കൊറോണയുമെല്ലാം ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടുമൊന്നു ഒത്തുചേർന്നു വ്യക്തമായ ഒരു ആസൂത്രണമൊക്കെ നടത്തി.

 പലരും പല മേഖലയിൽ പലയിടത്തും ജോലി ചെയ്യുന്നതിനാൽ മുഴുവൻ സമയം ഇതിനായി ചിലവഴിക്കാൻ പറ്റുന്നില്ല. എങ്കിലും ഇനി വരുന്ന ഓണക്കാലം പാവപ്പെട്ട ചിലർക്കൊക്കെ എന്തെങ്കിലുമൊക്കെ നൽകുവാൻ ഞങ്ങൾ തീരുമാനിച്ചു

 പത്തുവീടുകളിലേയ്ക്ക് കുറച്ചധികം പൈസയും പിന്നെ പലചരക്ക് സാധനങ്ങളും ഞങ്ങൾ  തയ്യാറാക്കി. രമയും സജിതയും അജയനും നാട്ടിൽ തന്നെ എന്നുമുള്ളവരായതുകൊണ്ട് ആളുകളെ തിരഞ്ഞെടുക്കുന്നതു അവർക്ക് വിട്ടുകൊടുത്തു. 

അതിരാവിലെത്തന്നെ ഞാൻ കാറുമെടുത്തിറങ്ങി. ആദ്യം അഭിലാഷിനെയും പിന്നെ രമയേയും പിക്ക് ചെയ്തതശേഷം സജിതയുടെ വീട്ടിലേയ്ക്കു പോകാനായിരുന്നു പ്ലാൻ. അവിടെ അപ്പോഴേയ്ക്കും അജയനും പീറ്ററും എത്തിക്കോളും.

 കൊറോണയും ആളുകളുടെ നിസ്സഹായാവസ്ഥയുമെല്ലാം സംസാരിച്ചുകൊണ്ടു എസിയുടെ കുളിർമയിൽ  ഞങ്ങൾ മൂന്നുപേരും അരമണിക്കൂറിനുള്ളിൽ  സജിതയുടെ വീട്ടിലേയ്ക്കെത്തിച്ചേർന്നു. കോരിച്ചൊരിയുന്ന മഴ നനഞ്ഞുകൊണ്ടു അവളുടെ വീടിൻറെ ഉമ്മറത്തേക്ക് കയറിയപ്പോൾ; അവിടുത്തെ അന്തരീക്ഷം ആകെ പന്തിയല്ലാത്തപോലെ തോന്നി.

 അകത്താരോ ഉച്ചത്തിൽ ദേഷ്യപ്പെടുന്നുണ്ട്.

പീറ്റർ വേഗം മഴ നനഞ്ഞുകൊണ്ട് എൻറെയടുത്തേയ്ക്കു വന്നു. എന്റെ കൈപിടിച്ചു കൊണ്ട് എന്തൊക്കെയോ പറയാൻ എന്നപോലെ തിരികെ ഞങ്ങളുടെ കാറിലേക്ക് തന്നെ എല്ലാവരും കയറി.

 ഡാ...അവിടെയാകെ കൊഴപ്പമാണ്.

സജിത വരുന്നുണ്ടാകില്ല.

അവളെ ഭർത്താവ് വിടില്ല!!!

പതിവില്ലാതെ...പീറ്റർ ഇത്രയും പറഞ്ഞുകൊണ്ട് വിതുമ്പാൻ തുടങ്ങിയിരുന്നു.

 ഡാ.. ലോകവും മനുഷ്യരും ദൈവവും ഒന്നും നമ്മൾ കരുതുന്നപോലെയല്ല.

എല്ലാം കള്ളമാണ്.

 “അല്ലെങ്കിൽ അവൾക്ക് ... സജിതയ്ക്ക് നമ്മളോടൊന്നു പറയാമായിരുന്നില്ലേ”.

 അവളുടെ ഭർത്താവിന് കാൻസറാണ്. അവസാന സ്റ്റേജിലേക്കെത്തിയിരിക്കുന്നു.

ആകെയുള്ള ഒരു മകൾ ഓട്ടിസം എന്നയവസ്ഥയിലുള്ളവളും.

അവർ രണ്ടുപേരും കിടന്ന കിടപ്പിൽ തന്നെയാണ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത്.

 ഈശ്വരാ ...അവളെന്നോടൊന്നും പറഞ്ഞിരുന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയിരുന്നു രമയപ്പോഴേയ്ക്കും.

 രമയുടെ കരച്ചിലിനിടയിലും കാറിനുള്ളിൽ ഞങ്ങളെല്ലാം മൂകരായിരുന്നു.

 സജിതയ്ക്ക് ജോലിക്കൊന്നും പോകാൻ സാധിക്കുമായിരുന്നില്ല.

പ്രേമ വിവാഹമായതിനാൽ കുടുംബം സഹായിക്കില്ല.

ഭർത്താവിന് കാൻസർ വന്നതിൽപിന്നെ കൂലിവേലയ്ക്കും പോകാൻ സാധിച്ചില്ല.

ആകെയുള്ള വീട് പണയം വെച്ചിട്ടു ജപ്തി ഭീഷണി നേരിടുകയാണ് പോലും.

 അജയനും അഭിലാഷും  കൂടി ഞങ്ങൾ വിതരണം ചെയ്യാനിരുന്നത് അവിടങ്ങളിൽ കൊടുക്കാനായിപ്പോയി. ഞങ്ങൾ ബാക്കിയുള്ളവർ സജിതയുടെ വീട്ടിലേയ്ക്കും കയറിച്ചെന്നു.

മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞുപോയവന്റെ വിറളിയാണ് അയാളുടെ ബഹളത്തിന് കാരണം. സജിതയാണെങ്കിലോ ഇതിനിടയിൽക്കൂടി  ഞങ്ങളുടെകൂടെയും കൂടുന്നു. 

അസുഖക്കാരിയായ മകൾ,  അച്ഛന്റെ മുടികളില്ലാത്ത തലയിൽ ഒരു കമ്പു കൊണ്ട് കൊട്ടിക്കളിക്കുന്നതും കണ്ട്  അവളെ സ്നേഹത്തോടെ പിന്തിരിപ്പിക്കാൻ വന്ന സജിത;  "കട്ടൻകാപ്പി  ഇപ്പൊ തയ്യാറാകും എല്ലാവര്ക്കും കുടിച്ചിട്ടിറങ്ങാം"  എന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാം കരയാൻ തുടങ്ങിയിരുന്നു.

എത്രപേരുടെ കണ്ണീരൊപ്പിയ അവളെ ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നത് മനസ്സിനെ വേദനിപ്പിക്കുന്നു. തൊട്ടടുത്ത് നിന്നിട്ടും ഇത്ര നാൾ അടുത്തിടപഴകിയിട്ടും അവൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. 

 അല്ലെങ്കിലും  അവളെപ്പോലുള്ളവർക്കേ പാവങ്ങളുടെ അടുക്കളയിൽ കയറാനും അവരെ കെട്ടിപ്പിടിക്കാനും അവരുടെ വിഷമങ്ങളിൽ അവരോടൊത്തു കരയാനും വൃത്തികേടുകൾ അടിച്ചുവാരിക്കളയാനും ധൈര്യം കാണൂ....

 അവൾക്കായി ഞങ്ങൾ ഒരുക്കിയ എല്ലാ സൗകര്യങ്ങളുമുള്ള പുതിയൊരു വാടകവീട്ടിൽ ഞങ്ങളെല്ലാവരും വീട്ടുകാരുമൊത്തുകൂടി  ഓണം ആഘോഷിക്കുമ്പോഴും; അവൾ ഫോണിലൂടെ ആരെയോ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു....ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്.

 ഞങ്ങൾ ഞങ്ങളുടെ പ്രൊഫൈലിൽ അഭിമാനസ്തംഭം പോലെ പോസ്റ്റ് ചെയ്തിരുന്ന "സഹായ ഹസ്ത ദാന യജ്ഞങ്ങളുടെ" എല്ലാ പോസ്റ്റുകളും നീക്കം  ചെയ്തശേഷം പതിവ് തിരക്കുകളിലേക്ക് ഒളിവിൽപ്പോയി.

 അവളെപ്പോലെയാകാൻ...മനുഷ്യരിലേയ്ക്കിറങ്ങിച്ചെല്ലാൻ...സുരക്ഷിതലോകത്തിന്റെ സുഖലോലുപതകൾ എത്രയും പെട്ടെന്ന് വേണ്ടെന്നുവെയ്ക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ഞങ്ങളുടെ മുന്നിൽ സജിതയുണ്ട്.

ശുഭം.

 

 

 

 

Saturday, June 27, 2015

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

 മുറിയുടെ ചുറ്റും കൂടിനിന്നവരില്‍ ഭൂരിഭാഗവും ഹൃദയം തകര്‍ന്നു നില്‍ക്കുകയായിരുന്നു. വളരെ ചുരുക്കം ചിലരാകട്ടെ മുഖത്ത് സഹതാപം പറ്റിപ്പിടിപ്പിച്ചു കാഴ്ച കാണാന്‍ വന്നവരും. രണ്ടുകയ്യും കുത്തി, നാക്ക് പുറത്തേക്കു നീട്ടി, വലിയ ഒച്ചയോടെ കുരച്ചുകൊണ്ട് ജനലഴികളിലേക്ക് എടുത്തു ചാടുന്ന സേതുവിനെക്കാണാന്‍ വന്നവര്‍ക്ക്; ദയനീയമായി നിലവിളിക്കുന്ന, വായ നിറഞ്ഞു ഒലിച്ചിറങ്ങുന്ന പത ദേഹത്താകെ പടര്‍ന്ന ഒരു സാധുരൂപത്തെയാണ് കാണാന്‍ സാധിച്ചത്.

"ആരും അടുത്തേക്ക് വരല്ലേ.....അറിയാതെയെങ്ങാനും എന്റെ കൈയ്യോ നഖമോ കൊണ്ടാല്‍ നിങ്ങള്‍ക്കും പേയിളകും" എന്ന് ആ പാവം ഇടക്കിടെ വരുന്ന ബോധാവസ്ഥയില്‍ വിളിച്ചു പറയുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഏതു കഠിനഹൃദയരുടേയും കണ്ണുനിറയും.

" വൈദ്യം കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി പട്ടിണിക്കിട്ട് കൊല്ലുകയെ നിവൃത്തിയുള്ളൂ...." തലമുതിര്‍ന്ന ഒരു കാരണവര്‍ തന്റെ അനുഭവജ്ഞാനം വിളമ്പി....

ഈയൊരവസ്ഥക്ക് എന്തെങ്കിലും ഒരു അറുതി ഉണ്ടാകുമോ എന്ന് വ്യഥാ തിരയുവാന്‍ സേതുവിന്‍റെ അമ്മാവനും കൂട്ടരും പ്രസിദ്ധനായ ജ്യോത്സന്റെ അടുക്കല്‍ പോയതായിരുന്നു.

" കര്‍മ്മഫലം "....അല്ലാതെന്താ പറയാ....ഗണിച്ചു നോക്കിയിട്ട് മുജ്ജന്മ ശാപമോ മറ്റോ കാണാന്‍ കഴിയുന്നില്ല. അല്ല!!! കാലം കലികാലമല്ലേ!!!!! ചെയ്തുകൂട്ടിയതൊക്കെ ഇവിടെ തന്നെ അനുഭവിച്ചു പോണം എന്ന് കൂട്ടിക്കോളൂ....!!! അത്രയ്ക്ക്ണ്ട് ദോഷങ്ങള്‍!!!!!!അല്ലാ...ഒന്ന് ചോദിച്ചോട്ടെ????ഇത്രകണ്ട് മോശക്കാരനാണോ ഇയാള്....????

വിദേശങ്ങളില്‍ തിരക്കേറിക്കൊണ്ടിരിക്കുന്ന ആ ജോത്സ്യന്റെ ചുറ്റും ഇരുന്നുകൊണ്ട് എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍.

"ഇനിയിപ്പോ അയാള് മരിക്കുന്നതിനു മുന്‍പായിട്ട് പറ്റുമെങ്കില്‍; ഞാന്‍ എഴുതിത്തരുന്ന മന്ത്രം അയാളുടെ ചെവിട്ടില് രണ്ട് വട്ടം ഉരുവിടുക. പറ്റുമെങ്കില്‍ അയാളോട് തന്നെ ഉരുവിടാന്‍ പറയുക. ആത്മാവിനെങ്കിലും ശാന്തി ലഭിച്ചോട്ടെ......."

അത്രയും കേട്ടപ്പോള്‍ തന്നെ ദേഷ്യം കടിച്ചമര്‍ത്താന്‍ വയ്യാതെ സേതുവിന്‍റെ അമ്മാവന്‍ അലറിക്കൊണ്ട്‌ ചാടിയെണീക്കുകയും, ജോത്സ്യന്റെ മുഖത്തേക്ക് ദക്ഷിണ വലിച്ചെറിഞ്ഞു കൊണ്ട് പുറത്തേക്കു പോവുകയും ചെയ്തു.....

സേതുവിന്റെ ഉടമസ്ഥതയില്‍ നടന്നിരുന്ന അനാഥാലയത്തിലെ കുരുന്നുകള്‍ വരിവരിയായി (ഭയത്തോടെ ), അവസാന നോട്ടത്തിനായി പ്രദിക്ഷണം ചെയ്യുമ്പോഴും; അവന്‍റെ കണ്ണുകള്‍ ആ കുരുന്നുകള്‍ക്ക് നേരെ സ്വാന്തനം ചൊരിയുകയായിരുന്നു......

കണ്ണു നിറഞ്ഞതിനാല്‍ രാമായണത്തില്‍ വരികള്‍ പരതുകയായിരുന്ന അനാഥാലയത്തിലെ അവന്‍റെ പ്രിയ മുത്തശ്ശി; അത്രയും നാള്‍ തങ്ങളുടെ തണലായിരുന്ന, ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത സേതു ചെയ്തുകൂട്ടിയ തെറ്റുകള്‍ എന്താണെന്ന് പരതുകയായിരുന്നു.....................
ഹരീഷ് ചാത്തക്കുടം

Saturday, May 23, 2015

ദൈവം പിടിച്ച പുലിവാല്‍



ദൈവമേ, നീ പറയൂ...
ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്?
വെറുതെയിരിക്കാന്‍ എനിക്കാകില്ല.....
എന്റെ പ്രായവും അതല്ല.

അപ്പോഴേ പറഞ്ഞതല്ലേ
വെറുതെ എന്നെ കൂട്ടികൊണ്ടുവരല്ലേയെന്ന്

ദാ നോക്ക്.......
വീടിന്നു മുന്‍പില്‍
ഒരു ആള്‍ക്കൂട്ടം കണ്ടോ???
കടക്കരാകും.

കുട്ടികള്‍ കരയുന്നത് കേട്ടോ?????
വിശന്നിട്ടാകും.

അമ്മയുടെ ശ്വാസംമുട്ടല്‍ ഇങ്ങോട്ടു കേള്‍ക്കാം
അച്ഛന് ഇരിപ്പുറക്കുന്നില്ല.........
വൈകിയാലും ഞാന്‍ ചെല്ലാമെന്നു പറഞ്ഞതല്ലേ

എന്റെ പെണ്ണുമ്പിള്ള, ദാ നിങ്ങളുടെ
ഫോട്ടോക്ക് മുന്നിലാണ്
അതെപ്പോഴും അങ്ങനെയല്ലേ????
എല്ലാം നിങ്ങളുടെ പണിയാണെന്ന്
അവള്‍ക്കറിയാം........

എന്നാലും നിങ്ങള്‍ക്കെങ്ങനെ തോന്നി
എന്നോടിത് ചെയ്യാന്‍?????
കുറച്ചു കൂടി സാവകാശം ഞാന്‍ ചോദിച്ചതല്ലേ????

നാട്ടില്‍ തന്നെ വേണമെന്നില്ലെന്നും
ദൂരെ മരുഭൂമിയില്‍
ആരെയും കാണാത്തൊരിടത്തു 
കഴിയാമെന്നും കെഞ്ചിപ്പറഞ്ഞതല്ലേ???
എന്റെ കുടുംബമെങ്കിലും അന്നത്തിനു
മുട്ടില്ലാതെ കഴിഞ്ഞേനെ

എന്‍റെ ജീവിതം നിങ്ങള്‍ക്കൊരു തുറന്ന പുസ്തകമല്ലേ 
ഒന്ന് തുറന്നു നോക്കൂ??
ഞാന്‍ ഇതുവരെ ചിരിച്ചിട്ടുണ്ടോ?
സുഖിച്ചിട്ടുണ്ടോ?  എന്തിനു....
കരഞ്ഞിട്ടുണ്ടോ??
ഒരു പരാതിയെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇനി പറയൂ...എന്താണ് ഞാന്‍ ചെയ്ത തെറ്റ്???

കുറ്റങ്ങളും കുറവുകളും സഹിച്ച്
കടിച്ചുപിടിച്ചു കാലം കഴിച്ചു കൂട്ടിയതോ???

ഇനി എന്താണ് കണ്ടേക്കുന്നത്????
നീ തന്നെ വേണം എല്ലാത്തിനും....

എന്റെ കുടുംബം അനാഥമായി!!!!!

എനിക്കൊന്നിനുമാവില്ലല്ലോ.............


ഹരീഷ് ചാത്തക്കുടം