Saturday, June 27, 2015

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

 മുറിയുടെ ചുറ്റും കൂടിനിന്നവരില്‍ ഭൂരിഭാഗവും ഹൃദയം തകര്‍ന്നു നില്‍ക്കുകയായിരുന്നു. വളരെ ചുരുക്കം ചിലരാകട്ടെ മുഖത്ത് സഹതാപം പറ്റിപ്പിടിപ്പിച്ചു കാഴ്ച കാണാന്‍ വന്നവരും. രണ്ടുകയ്യും കുത്തി, നാക്ക് പുറത്തേക്കു നീട്ടി, വലിയ ഒച്ചയോടെ കുരച്ചുകൊണ്ട് ജനലഴികളിലേക്ക് എടുത്തു ചാടുന്ന സേതുവിനെക്കാണാന്‍ വന്നവര്‍ക്ക്; ദയനീയമായി നിലവിളിക്കുന്ന, വായ നിറഞ്ഞു ഒലിച്ചിറങ്ങുന്ന പത ദേഹത്താകെ പടര്‍ന്ന ഒരു സാധുരൂപത്തെയാണ് കാണാന്‍ സാധിച്ചത്.

"ആരും അടുത്തേക്ക് വരല്ലേ.....അറിയാതെയെങ്ങാനും എന്റെ കൈയ്യോ നഖമോ കൊണ്ടാല്‍ നിങ്ങള്‍ക്കും പേയിളകും" എന്ന് ആ പാവം ഇടക്കിടെ വരുന്ന ബോധാവസ്ഥയില്‍ വിളിച്ചു പറയുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഏതു കഠിനഹൃദയരുടേയും കണ്ണുനിറയും.

" വൈദ്യം കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി പട്ടിണിക്കിട്ട് കൊല്ലുകയെ നിവൃത്തിയുള്ളൂ...." തലമുതിര്‍ന്ന ഒരു കാരണവര്‍ തന്റെ അനുഭവജ്ഞാനം വിളമ്പി....

ഈയൊരവസ്ഥക്ക് എന്തെങ്കിലും ഒരു അറുതി ഉണ്ടാകുമോ എന്ന് വ്യഥാ തിരയുവാന്‍ സേതുവിന്‍റെ അമ്മാവനും കൂട്ടരും പ്രസിദ്ധനായ ജ്യോത്സന്റെ അടുക്കല്‍ പോയതായിരുന്നു.

" കര്‍മ്മഫലം "....അല്ലാതെന്താ പറയാ....ഗണിച്ചു നോക്കിയിട്ട് മുജ്ജന്മ ശാപമോ മറ്റോ കാണാന്‍ കഴിയുന്നില്ല. അല്ല!!! കാലം കലികാലമല്ലേ!!!!! ചെയ്തുകൂട്ടിയതൊക്കെ ഇവിടെ തന്നെ അനുഭവിച്ചു പോണം എന്ന് കൂട്ടിക്കോളൂ....!!! അത്രയ്ക്ക്ണ്ട് ദോഷങ്ങള്‍!!!!!!അല്ലാ...ഒന്ന് ചോദിച്ചോട്ടെ????ഇത്രകണ്ട് മോശക്കാരനാണോ ഇയാള്....????

വിദേശങ്ങളില്‍ തിരക്കേറിക്കൊണ്ടിരിക്കുന്ന ആ ജോത്സ്യന്റെ ചുറ്റും ഇരുന്നുകൊണ്ട് എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍.

"ഇനിയിപ്പോ അയാള് മരിക്കുന്നതിനു മുന്‍പായിട്ട് പറ്റുമെങ്കില്‍; ഞാന്‍ എഴുതിത്തരുന്ന മന്ത്രം അയാളുടെ ചെവിട്ടില് രണ്ട് വട്ടം ഉരുവിടുക. പറ്റുമെങ്കില്‍ അയാളോട് തന്നെ ഉരുവിടാന്‍ പറയുക. ആത്മാവിനെങ്കിലും ശാന്തി ലഭിച്ചോട്ടെ......."

അത്രയും കേട്ടപ്പോള്‍ തന്നെ ദേഷ്യം കടിച്ചമര്‍ത്താന്‍ വയ്യാതെ സേതുവിന്‍റെ അമ്മാവന്‍ അലറിക്കൊണ്ട്‌ ചാടിയെണീക്കുകയും, ജോത്സ്യന്റെ മുഖത്തേക്ക് ദക്ഷിണ വലിച്ചെറിഞ്ഞു കൊണ്ട് പുറത്തേക്കു പോവുകയും ചെയ്തു.....

സേതുവിന്റെ ഉടമസ്ഥതയില്‍ നടന്നിരുന്ന അനാഥാലയത്തിലെ കുരുന്നുകള്‍ വരിവരിയായി (ഭയത്തോടെ ), അവസാന നോട്ടത്തിനായി പ്രദിക്ഷണം ചെയ്യുമ്പോഴും; അവന്‍റെ കണ്ണുകള്‍ ആ കുരുന്നുകള്‍ക്ക് നേരെ സ്വാന്തനം ചൊരിയുകയായിരുന്നു......

കണ്ണു നിറഞ്ഞതിനാല്‍ രാമായണത്തില്‍ വരികള്‍ പരതുകയായിരുന്ന അനാഥാലയത്തിലെ അവന്‍റെ പ്രിയ മുത്തശ്ശി; അത്രയും നാള്‍ തങ്ങളുടെ തണലായിരുന്ന, ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത സേതു ചെയ്തുകൂട്ടിയ തെറ്റുകള്‍ എന്താണെന്ന് പരതുകയായിരുന്നു.....................
ഹരീഷ് ചാത്തക്കുടം

Saturday, May 23, 2015

ദൈവം പിടിച്ച പുലിവാല്‍



ദൈവമേ, നീ പറയൂ...
ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്?
വെറുതെയിരിക്കാന്‍ എനിക്കാകില്ല.....
എന്റെ പ്രായവും അതല്ല.

അപ്പോഴേ പറഞ്ഞതല്ലേ
വെറുതെ എന്നെ കൂട്ടികൊണ്ടുവരല്ലേയെന്ന്

ദാ നോക്ക്.......
വീടിന്നു മുന്‍പില്‍
ഒരു ആള്‍ക്കൂട്ടം കണ്ടോ???
കടക്കരാകും.

കുട്ടികള്‍ കരയുന്നത് കേട്ടോ?????
വിശന്നിട്ടാകും.

അമ്മയുടെ ശ്വാസംമുട്ടല്‍ ഇങ്ങോട്ടു കേള്‍ക്കാം
അച്ഛന് ഇരിപ്പുറക്കുന്നില്ല.........
വൈകിയാലും ഞാന്‍ ചെല്ലാമെന്നു പറഞ്ഞതല്ലേ

എന്റെ പെണ്ണുമ്പിള്ള, ദാ നിങ്ങളുടെ
ഫോട്ടോക്ക് മുന്നിലാണ്
അതെപ്പോഴും അങ്ങനെയല്ലേ????
എല്ലാം നിങ്ങളുടെ പണിയാണെന്ന്
അവള്‍ക്കറിയാം........

എന്നാലും നിങ്ങള്‍ക്കെങ്ങനെ തോന്നി
എന്നോടിത് ചെയ്യാന്‍?????
കുറച്ചു കൂടി സാവകാശം ഞാന്‍ ചോദിച്ചതല്ലേ????

നാട്ടില്‍ തന്നെ വേണമെന്നില്ലെന്നും
ദൂരെ മരുഭൂമിയില്‍
ആരെയും കാണാത്തൊരിടത്തു 
കഴിയാമെന്നും കെഞ്ചിപ്പറഞ്ഞതല്ലേ???
എന്റെ കുടുംബമെങ്കിലും അന്നത്തിനു
മുട്ടില്ലാതെ കഴിഞ്ഞേനെ

എന്‍റെ ജീവിതം നിങ്ങള്‍ക്കൊരു തുറന്ന പുസ്തകമല്ലേ 
ഒന്ന് തുറന്നു നോക്കൂ??
ഞാന്‍ ഇതുവരെ ചിരിച്ചിട്ടുണ്ടോ?
സുഖിച്ചിട്ടുണ്ടോ?  എന്തിനു....
കരഞ്ഞിട്ടുണ്ടോ??
ഒരു പരാതിയെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇനി പറയൂ...എന്താണ് ഞാന്‍ ചെയ്ത തെറ്റ്???

കുറ്റങ്ങളും കുറവുകളും സഹിച്ച്
കടിച്ചുപിടിച്ചു കാലം കഴിച്ചു കൂട്ടിയതോ???

ഇനി എന്താണ് കണ്ടേക്കുന്നത്????
നീ തന്നെ വേണം എല്ലാത്തിനും....

എന്റെ കുടുംബം അനാഥമായി!!!!!

എനിക്കൊന്നിനുമാവില്ലല്ലോ.............


ഹരീഷ് ചാത്തക്കുടം




Monday, May 18, 2015

കളിവീട്



വടിയെടുക്കാതെയിന്നാദ്യമായെന്നമ്മ
ചൊല്ലിയതാണിന്നവിടേയ്ക്കു പോകുവാന്‍.
അമ്പരന്നെങ്കിലും പിന്നെ നാണിച്ചു ഞാന്‍
കുട്ടിയല്ലല്ലോ കളിച്ചു നടക്കുവാന്‍.

കൂടുകള്‍ മാറി ഞാന്‍ കൂട്ടരും മാറിയെന്നോര്‍-
മ്മയില്‍ പോലും പലതും കലര്‍ന്നു പോയ്‌.
ആദ്യമായ് ഞാന്‍ കണ്ടയെന്റെ കലാലയം
പേരിനു മാത്രം നിലനിന്നിടുന്നു.

കൂടെ പഠിച്ചൊരു നാല് പേരെങ്കിലും
ഓര്‍ക്കാഓര്‍ക്കുവാനായാലതെങ്കിലും ഭാഗ്യം.
നാണുവും കേളുവും എന്നോ മരിച്ചു പോയ്‌
ഓര്‍മ്മയില്‍ പാതിയും കൂടെ മറഞ്ഞു പോയ്‌.

പോകണമെങ്കില്‍ ഞാന്‍ തിരികെയിന്നോടണം
ബാല്യകാലങ്ങളിന്നൊരുപാട് ദൂരമായ്.
കീറിയ തുണിസ്സഞ്ചി തുന്നാന്‍ കൊടുക്കണം
ചിതലരിക്കാത്തൊരെന്നോര്‍മ്മകള്‍ തേടണം.

ഉണങ്ങിയ മഷിത്തണ്ട് സൂക്ഷിച്ചതുണ്ട് ഞാന്‍
തിരികെയാ പടികളിന്നോടിക്കയറുവാന്‍.
തിരുകി വെക്കാനായ് തുണിക്കീശ തേടി ഞാന്‍
പഴയൊരെന്നോര്‍മ്മയാം വള്ളി ട്രവസറില്‍.

അഴുകിയതെങ്കിലും പഴമയില്‍ തെളിയുന്നു
സ്ലേറ്റുകള്‍ പോലൊരെന്‍ പോട്ടിയോരോര്‍മ്മകള്‍.
കൂട്ടിഞാന്‍ വായിച്ച വാക്കുകള്‍ക്കുള്ളിലും
തേടി ഞാന്‍, കണ്ടില്ല കൂട്ടരേയൊന്നുപോല്‍.

മൂക്കൊലിക്കുന്നില്ല, ചെളിയും പുരണ്ടില്ല
ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടിയതുമില്ല.
ഉപ്പുമാവിന്‍ പാത്രമെങ്ങോ കളഞ്ഞുപോയ്
മൂവാണ്ടനെങ്കിലോ പൂക്കുവാറില്ല...

കുത്തിക്കുറിക്കുവാന്‍ പെന്സിലുമില്ലിനി 
മുറിപെന്സില്‍ തേടുവാന്‍ സാവിത്രിയില്ല.
തല്ലുപിടിക്കുവാന്‍ “ കുട്ടനു” മില്ലിനി -
ഗോട്ടി കളിക്കുവാന്‍ കൂട്ടെനിക്കാര്??

നല്ലമ്മയാകുന്ന പൊന്നമ്മ ടീച്ചറി-
ന്നീണം മുഴങ്ങുന്ന പാട്ടു കേള്‍ക്കില്ല.
ഗുണനത്തില്‍ ഹരണങ്ങളിട കലര്ത്തുമ്പോള്‍
ചെവിക്കല്‍ തിരുമ്മുവാന്‍ വാസുമാഷില്ല....

അസംബ്ലിയില്‍ തിക്കിത്തിരുകാതെ നില്‍ക്കുകില്‍  
പ്രാര്‍ത്ഥന ചൊല്ലിയാല്‍ എന്തൊരു മോശം.
എന്തൊക്കെയെങ്കിലും “ വാടാ കുരുവി ”
യെന്നെന്നെ വിളിക്കുകില്‍ വന്നിടാം ഞാനും.

എവിടെയോ കൈവിട്ടയെന്‍ വിളിപ്പേരിനായ്
കാതോര്‍ത്തു നില്‍പ്പു ഞാനീകളിത്തട്ടില്‍....
ഞാനിതാ വന്നൂ കളിക്കൂട്ടുകാരേ........
തിരികെ വന്നീടുക “ ബാല്യകാലത്തിനായ് “.

അരയണയ്ക്കല്ല ഞാന്‍ പത്തുരൂപക്കിന്നു
വാങ്ങി നിറച്ചിടാം തേന്‍ നിലാ ഭരണികള്‍......
മധുരം നിറച്ചിന്നു കണ്ടു പിരിഞ്ഞിടാം
ഒരുപാട് നാഴിക താണ്ടുവാന്‍ പ്രാപ്തരായ്.

                ഹരീഷ് കാക്കനാട്ട്.

Sunday, March 1, 2015

കോമരം - മിനിക്കഥ



ഇത്തവണയും പതിവ് തെറ്റിയില്ലെന്ന് മാത്രമല്ല, സര്‍വ്വതും മുടിക്കത്തക്കവിധം നാടൊട്ടുക്കും പരന്നും കഴിഞ്ഞിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചെമ്മണ്‍പാതകളില്‍ വസൂരിക്കലകള്‍ തിളച്ചുപൊന്തുന്നു. സ്വയം ദാഹം ശമിയ്ക്കാതെ പുഴയും വറ്റിക്കൊണ്ടിരിക്കുന്നു. ശാഖകളെല്ലാം ഒടിഞ്ഞു തൂങ്ങിയ വൃക്ഷങ്ങള്‍ കബന്ധങ്ങളെപ്പോലെ നിലകൊള്ളുന്നു.
 

"എന്റെമ്പ്രാ....തമ്പ്രാന്‍ വന്നു കലി തുള്ള്യാലേ ഭഗോതി കനിയൂ. ക്ടാവൊരുത്തി ഒരിറ്റു കഞ്ഞിവെള്ളം മോന്തീട്ടു കണ്ണടച്ചാ മതീന്നായി അടിയന്. ഏറെ നാളായ്ട്ട് ന്റെ കൊച്ചിന് മിണ്ടാട്ടല്ല്യാമ്പ്രാ.... അവിടുന്നിന് അടിയന്റെ കുടീല് വരെ വരാന്‍ കനിവുണ്ടാകണം...."
 

എന്റെ ഭഗവതീ, ഞാനെന്തായീ കാണണേ..... ഈ കരയ്ക്ക്‌ പുറത്തു വേറെ ഒരു ലോകമുണ്ടന്നല്ലേ ആളോള് പറയണേ; അവിടെ പേരുകേട്ട വൈദ്യന്മാരും. പക്ഷേങ്കില്, അവടന്ന് ആരെങ്കിലുമൊക്കെ ഇത്രടം വരെ വരാന്‍ തരപ്പെടില്ല്യാന്നു വെച്ചാ......അവിടത്തെ ഇഷ്ടം എന്താച്ചാ, അത് നടക്കട്ടെന്റെ ഭഗവതീ.....
 

ഇത്ര നാളും ഭാര്യയുടെ കല്പനയല്ലാതെ ഭഗവതിയുടെ കല്പന മാത്രം അനുസരിച്ച് ശീലിച്ച ആ വയോവൃദ്ധന്‍ വാളും ചിലങ്കയുമായി ഇറങ്ങി നടന്നു.
 

"നാട്ടുകാര്‍ക്ക് വയ്യാണ്ടാകുമ്പോള്‍ ഏനക്കേട് മുഴുവന്‍ ഇങ്ങേര്‍ക്കാണല്ലോ ന്റെ ഭഗവതീ.... നെറ്റി മുറിച്ചു ചോര വരുത്തണത് എന്തിനാന്നാ എനിക്ക് പിടികിട്ടാത്തെ....."
 

"ദേ!!! കണ്ടന്‍ വൈദ്യര് പറഞ്ഞത്, ഈ പ്രായത്തിലിനി നെറ്റീലെ മുറിവെല്ലാം ഉണങ്ങാന്‍ പാടാണ്, മറിച്ച് പഴുക്കേള്ളൂന്നാണേ!!!!!! കണ്ട കുടിലുകളില് മുഴുവന്‍ കയറിയിട്ട്, അവരുടെ ശാപം (വസൂരി)മുഴുവന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുമെന്നാ തോന്നണെന്റെ ഭഗവതീ.....

" നാട്ടാര് വസൂരി വന്നു ചാകുമ്പോള്‍ എന്റെ കെട്ടിയോന്‍ സ്വന്തം നെറ്റീല് വാളോണ്ട് വെട്ടി വെട്ടി ചോര വാര്‍ന്നു ചാകുമെന്നാ തോന്നണേ.....!!!!!"
അന്നേരം, വസൂരി കുടിയേറിയ ഏതോ ഒരു കുടിയില്, ഒരു പാവത്തിന്റെ കൂടി മരണത്തിനായി; തന്‍റെ അരയില്‍ പൊന്തിയ വസൂരിയുടെ ചെറു തടിപ്പിനെ ഭഗവതിയുടെ ചുവന്നപട്ടിനാല്‍ മറച്ചുകൊണ്ട് അരമണി കെട്ടുകയായിരുന്നു; അന്നാട്ടിലെ ഭഗവതിയെ ആവാഹിക്കുന്ന കോമരം.
 

ശുഭം
ഹരീഷ് കാക്കനാട്ട്




Wednesday, February 18, 2015

വിളപ്പില്‍ശാല



പതിവ് പോലെ അവിടെ വര്ണ്ണക്കൊടികള്‍ പാറിച്ചു കൊണ്ട് എല്ലാ പാര്‍ട്ടികളും ഒത്തുകൂടിയിരുന്നു. ഏതോ മന്ത്രി വരുന്നുണ്ട് പോലും വിളപ്പില്‍ ശാലയുടെ ദയനീയാവസ്ഥ കേന്ദ്രത്തില്‍ അറിയിക്കാന് വേണ്ടിപോകുന്ന വഴിയാണ്; അതിനുമുന്‍പ്‌ ആ സ്ഥലം ഒന്ന് കണ്ടേച്ചു പോയേക്കാമെന്നു കരുതി. നല്ലൊരു ജനക്കൂട്ടം ദുര്‍ഗന്ധമെല്ലാം സഹിച്ചു കൊണ്ട് അവിടെ കൂടിയിരുന്നെങ്കിലും അങ്ങ് ഒരു മൂലയില്‍ കിടക്കുന്ന ഈ മൃതുദേഹത്തിന്റെ അടുത്തേയ്ക്ക് ആരും വന്നെത്തി നോക്കിയില്ല. ഈച്ചകള്‍ അല്ലാതെ പിന്നെ മേരിയും പിന്നെയവളുടെ കൊച്ചന്‍ എസ്തപ്പാനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരാണെങ്കില്‍ എന്തുചെയ്യണം എന്നറിയാതെ ഈശോയെ വിളിച്ചു മാനം നോക്കി കരഞ്ഞുകൊണ്ടേയിരിക്കുന്നു. 

എസ്തപ്പാനു ഇടയ്ക്കിടെ അകലെയുള്ള ലഹളകളില്‍ പോയി എത്തി നോക്കിവരണം എന്നുണ്ട്; പക്ഷെ അമ്മച്ചി ഇടയ്ക്കിടെ കരച്ചില്‍ നിര്‍ത്തി ചീത്ത പറയുന്ന കാരണം അവന്‍ ചുറ്റുവട്ടങ്ങളില്‍ കറങ്ങി നടന്നു
പഞ്ചായത്ത് മെമ്പറെ വിളിച്ചുകൊണ്ടുവരാം എന്ന് പറഞ്ഞ പോയ അപ്പനെത്തെടി മേരി ഇടയ്ക്കിടെ അകലെയെങ്ങോട്ടോ നോക്കി മൂക്ക് ചീറ്റുന്നുണ്ടായിരുന്നു. അവളുടെ വീട്ടിലെ ടി വിയും, തുന്നല്‍ മഷീനും, ഇടയ്ക്കെ വാര്‍ക്കാകുന്ന മിക്സിയുമെല്ലാം കൊണ്ട് വന്നു തന്നിരുന്ന അവളുടെ കേട്ടിയോനാണ് ദാ മരിച്ചു കിടക്കുന്നത്. കച്ചറ പറക്കുന്ന കൂട്ടത്തില്‍ കിട്ടിയ മദ്യക്കുപ്പി ആര്‍ത്തിയോടെ മോന്തിയപ്പോള്‍ വിഷം കലര്‍ന്ന കുപ്പിയാണെന്ന് അറിഞ്ഞില്ലായിരുന്നു.

നേരം കുറെ കഴിഞ്ഞപ്പോള്‍ ഏതോ ചിലര്‍ ഒരു കൂട്ടമായി അവരുടെയടുത്തെയ്ക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ എസ്തപ്പാന്‍ മരിച്ചു കിടക്കുന്ന അപ്പച്ചന്റെ മേത്തു കയറി കളി തുടങ്ങി. ആ കൂട്ടങ്ങള്‍ അടുത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു വലിയ കാര്യം ലഭിച്ച സന്തോഷമയിരുന്നു എല്ലാവരുടെയും കണ്ണുകളില്‍. തൊണ്ടയിടറി പൊട്ടുമാറുച്ഛത്തില്‍ അവര്‍ മുദ്രാവാക്യം വിളിതുടങ്ങി. ഒന്നും മനസ്സിലാകാതെ കുട്ടിയെ എടുക്കാന്‍ തുനിഞ്ഞ മേരി കണ്ടതോ; ഏതോ ഒരു തുണിക്കഷണം കൊണ്ട് അച്ഛന്റെ വായിലെ ചോര തുടക്കാന്‍ നോക്കുന്ന മകനെയാണ്.....ആ തുണിയുടെയും വന്ന പാര്‍ട്ടിയുടെ കോടിയുടെയും നിറം ഒന്നായിരുന്നു......

പിന്നെ എല്ലാം പെട്ടെന്നായിരുന്നു....വിലാപയാത്രയ്ക്ക് ശേഷം പൊതു ദര്‍ശനവും കഴിഞ്ഞു അവര്‍ വീണ്ടും വിളപ്പു ശാലയില്‍ മറവു ചെയ്തു കടന്നു പോയി.

വസന്തം കാത്തിരുന്ന പെണ്‍കുട്ടി




ഇത്തവണ അവധിയ്ക്ക് വീട്ടിലേയ്ക്ക് പോകുന്നില്ല. ഇത് അവസാനത്തെ അവധിക്കാലമാണ്. ഇനി കോളേജ് തുറക്കുന്നത് തന്നെ പരീക്ഷാ ചൂടിലേയ്ക്കായിരിക്കും. പരീക്ഷയും മറ്റുമെല്ലാം പെട്ടെന്ന് തീര്‍ന്നു പോകും. പിന്നെ ഞാന്‍ വിട പറയണം, ഹോസ്റ്റല്‍ മുറിയോടും എന്റെ കലാലയത്തിനോടും. കഴിഞ്ഞ രണ്ടു കൊല്ലവും ഇതായിരുന്നു അവസ്ഥയെങ്കിലും; അത് താല്ക്കാലികം മാത്രമായിരുന്നുവല്ലോ. ഇത്തവണയെന്തോ ഇതവസാനമായതിനാലാകാം എന്റെ മനസ്സ് ഇവിടുന്നു വിട്ടു പോകുന്നില്ല. വരാനിരിക്കുന്നത് വലിയിരു വേദനയാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഇക്കൊല്ലമെങ്കിലും വൈകി വരുന്ന വസന്തത്തെ ആരും കാണാതെ സ്വന്തമാക്കണം. അതിനുവേണ്ടി ഒരു പക്ഷെ എനിയ്ക്ക് ഇവിടെ ഹോസ്റ്റലിന്റെ നാല് ചുമരുകള്‍ക്കുള്ളിലും അതിനു പുറമെയുള്ള കോളേജിന്റെ വിശാലമായ പരിസരങ്ങളിലും ഒറ്റയ്ക്ക് കഴിഞ്ഞു കൂടേണ്ടിവരുമായിരിക്കാം. എന്നാലും, ഒരു അനുഭൂതി....അതിലൂടെ ലഭിക്കുന്ന നിര്‍വൃതി......അത് തന്നെയാണ് എനിയ്ക്ക് വേണ്ടതും.
ഇത്രയും നാള്‍ കാത്തിരുന്ന അനുഭൂതി ഒരു പക്ഷെ ജീവിതത്തിലെ അവസാനമാകാം, അത് എനിക്ക് സ്വന്തമാക്കണം. ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് ഞാന് വീണ്ടും, ആദ്യമായി ഋതുമതിയായോ എന്ന്. കാരണം പണ്ട് ആദ്യമായി അങ്ങനെ ഒരനുഭവം വന്നപ്പോഴും ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു എന്റെ മനോവിചാരങ്ങള്‍.

നിനച്ചിരിക്കാതെ ഭൂമിയില്‍ വസന്തം വിരുന്നെത്തിയമാതിരിയായിരുന്നു എനിക്കന്നു തോന്നിയത്. അതും എനിയ്ക്ക് വേണ്ടി മാത്രം. പൂക്കളുടെയും മറ്റു പൂത്തു തളിര്‍ത്തു നില്ക്കുന്ന ചെടികളുടെയും സുഗന്ധങ്ങള്‍ എന്നെ മത്തു പിടിപ്പിച്ചിരുന്നു. തൊടിയില്‍ അത് വരെ ഞാന്‍ ശ്രദ്ധിക്കാത്ത ചില പൂക്കളുടെ ഭംഗി എന്നെ ആകര്‍ഷിച്ചിരുന്നു. പൂമ്പാറ്റകള്‍ പറന്നു വന്നു തേന്‍ നുകരുമ്പോള്‍ എന്റെ മനം നിറയുമായിരുന്നു. തള്ളപ്പൂച്ച കുഞ്ഞുങ്ങള്ക്ക് മുലയൂട്ടുന്നത് ഒളിഞ്ഞു നിന്ന് ആസ്വദിക്കുമായിരുന്നു. മാത്രമല്ല ഇന്നലെകളിള്‍ എന്നോ ഞാന്‍ ഉപേക്ഷിച്ചുപോയ ചില കാര്യങ്ങളും സാധനങ്ങളും തേടുക. കിട്ടിയില്ലെങ്കില്‍ നിരാശ പൂണ്ടിരിക്കുക. എപ്പോഴും കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുക. പകല്‍ സമയങ്ങളില്‍ ആകാശത്തില്‍ സൂര്യന്റെ മറവില്‍ നിന്ന് കൊണ്ട് ഒളിച്ചു നോക്കുന്ന ഗന്ധര്‍വ്വന്മാരെ ഓര്‍ത്ത് നാണം പൂണ്ടിരിക്കുക. അവരെ പകല്‍ക്കിനാവിലെ നായകന്മാരായി സങ്കല്‍പ്പിക്കുക. മാത്രമല്ല എന്നോട് ദേഷ്യപ്പെടുന്നവരോട് പോലും നല്ല കുട്ടിയായി പെരുമാറുക. ഇത്തരം സംഭവങ്ങള്‍ എന്നില്‍ അരങ്ങേറുമ്പോള്‍ എന്റെ കൂട്ടുകാരി പറഞ്ഞതായിരുന്നു ശരി എന്ന് എനിയ്ക്ക് തോന്നിയിരുന്നു. "പ്രകൃതി നമ്മില് പ്രണയം കുത്തിവെക്കുന്ന നിമിഷങ്ങളിലാണ് നാം ഋതുമതിയാകുന്നതത്രേ..... "

.
അത് വരെ എന്റെ വീടിന്റെ ചുറ്റുവട്ടത്തും തൊടികളിലും പാടവരമ്പുകളിലും ഞാന്‍ പടുത്തുയര്‍ത്തിയ എന്റേതുമാത്രമായ ലോകവും നട്ടുച്ച നേരത്ത് എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ ആസ്വദിച്ചിരുന്ന എന്റെ സ്വകാര്യമായ സ്വാതന്ത്ര്യവും എനിക്കത് നഷട്പ്പെടുത്തി..........
ഒരു കാര്യം നിങ്ങള് ശ്രദ്ധിച്ചിരിക്കുമോ എന്നെനിക്കറിയില്ല. എകാന്തതകളാണ് ഏറ്റവും മനോഹരമായത്; ജീവിക്കുവാന്‍ അനുയോജ്യവും. മറ്റുള്ളവര്‍ കാണുമോ, എന്ത് വിചാരിക്കുമോ, ശല്യപ്പെടുത്തുമോ, ഉപദേശിക്കുമോ, കുറ്റം പറയുമോ, നമ്മളില്‍ സ്വാധീനം ചെലുത്തുമോ എന്നൊക്കെയുള്ള ചിന്തകള് നമ്മുടെ ആസ്വാദനത്തിനു വിലങ്ങു തടികളാകില്ല എന്ന് ഞാന്‍ ഉറപ്പു തരാം.

അന്ന്, അപരിചിതമായ മുറ്റത്ത് എന്നെ വരവേല്ക്കുന്നത് കുറെ ബോര്‍ഡുകളും തോരണങ്ങളുമായിരുന്നു. എനിക്കൊരിക്കലും സമാധാനം കിട്ടില്ല എന്ന് അപ്പോള്‍ തന്നെ മനസ്സിലാക്കിത്തന്നുകൊണ്ട് കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചെത്തുന്ന അപരിചിതങ്ങളായ രാഷ്ട്രീയക്കോമാരങ്ങളും മുദ്രാവാക്യങ്ങളും എന്നെ വന്നു പൊതിഞ്ഞു. ഭയത്തിനാലേറെ വിരക്തിയുടെ മുഖഭാവവുമായി ഞാന്‍ അച്ഛനെ ഒന്ന് നോക്കിയപ്പോള്‍, കൈയ്യിലെ പിടുത്തം മുറുക്കിയിട്ട് സധൈര്യം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു അച്ഛനെന്നെ. ഏതാണ്ട് കയ്യിലിരിക്കുന്ന ഒരു ബാധ ഒഴുപ്പിക്കാന്‍ കൊണ്ട് പോകുന്ന പോലെ.
കോളേജിന്റെ ഓരോ മുക്കിലും മൂലയിലും വലിയ വലിയ കമാനങ്ങളും ബോര്‍ഡുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ഒന്നിലും അറിവിന്റെ അക്ഷരങ്ങളെക്കുറിച്ച് എഴുതിയിരുന്നില്ല. എല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടക്കുരുതികളുടെ അടയാള വാക്യങ്ങള്‍. നടക്കുന്ന വഴികളില്‍ ഞങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കുന്ന ചുമരെഴുത്തുകള്‍ എന്നില് വിദ്വേഷമാണ് ഉണ്ടാക്കിയത്. ക്ലാസ്സ് മുറികളിലെ കറുത്ത ബോര്ഡുകളില്‍ അറിവുകള്‍ വിരിയേണ്ടുന്നിടത്ത് വിപ്ലവങ്ങള്‍ കയ്യേറിയപ്പോള്‍ത്തന്നെ എന്റെ ഡിഗ്രിയ്ക്ക് ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം എന്ന് ഞാന് ഉറപ്പാക്കി. മാത്രമല്ല നൂറ്റാണ്ടുകളെ താങ്ങി നിര്ത്തിയിരുന്ന എന്റെ ഹോസ്റ്റല് മുറിയിലെ പൂതലിച്ച ഉത്തരങ്ങളിലും ചില കയ്യക്ഷരങ്ങള് എന്നെ നോക്കി ചിരിച്ചു; അതിന്റെയും ലക്ഷ്യം ചരിത്രങ്ങളില് ഇടം നേടുകയാണത്രേ. എന്തോ എനിക്കും വീണ്ടും അത്തരം ശ്രമങ്ങളോട് പുച്ഛം തോന്നുകയാണുണ്ടായത്.
പല നിറത്തിലും രൂപത്തിലും മേലങ്കികളണിഞ്ഞ മനുഷ്യക്കോലങ്ങള്‍ തിങ്ങി നിറഞ്ഞു വിഹരിക്കുന്ന പടുവൃക്ഷങ്ങളുടെ കൂറ്റന്‍ തണലുകള്‍ പോലും ഒരു വേള എന്നില് മനം പുരട്ടലുണ്ടാക്കി.കാരണം അവിടെയൊന്നും കാര്യമാത്ര പ്രസക്തമായ നിശ്വാസങ്ങള്‍ എനിക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാറ്റിലും നിന്നകന്നു കഴിയുവാന്‍ കൊതിച്ചു. സങ്കടകരമായ ഒരു വസ്തുത ഞാന്‍ പറയട്ടെ; എനിയ്ക്കെന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്നു എന്ന തോന്നലുകളാണ് എന്നെ ശക്തമായി പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ വൈകാതെ തന്നെ മനസ്സിലാക്കി.

മനസ്സ് കൂടുതല്‍ മുരടിപ്പിക്കുവാന്‍ കാരണമായ ഒരു സംഭവം ഞാന്‍ പറയട്ടെ.......മുതിര്ന്ന ക്ലാസ്സിലെ ചേട്ടന്മാരില് ഒരുവന്‍ ആദ്യ ദിനം തന്നെ കൊഞ്ചിക്കുഴഞ്ഞു വന്നു പ്രേമാഭ്യര്ത്ഥന നടത്തിയപ്പോള്‍, എന്തോ; നാണത്താല് ഉപരി എന്റെ ഗതികേടിനെ പഴിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. എന്റെ നിസ്സഹകരണം മൂലം എന്നെ പിടിവിട്ടു വേറെ ഒരുത്തിയെ അവന് തേടിപ്പോയപ്പോള്‍ അത്രയും കാലം മനസ്സിലെ മണിച്ചെപ്പില്‍ ഞാന്‍ കാത്തു സൂക്ഷിച്ച പ്രേമം എന്ന അതിലോലവും അനിര്‍വ്വചനീയവുമായ അനുഭൂതിയുടെ ചാരിത്ര്യം തന്നെ കളങ്കപ്പെടുകയായിരുന്നു. കാരണം ഒരിക്കല് എനിക്കായി മാത്രം വസന്തം വിരിയുമ്പോള്‍, ഞാനതില്‍ മുഴുകിയിരിക്കുമ്പോള്‍ നിനച്ചിരിക്കാതെ ഒരു ചാറ്റല് മഴ വിരുന്നെത്തുകയും അതിലൂടെ ഭൂമിയില് പതിച്ച ആയിരം നക്ഷത്രങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെടികളെയും മരങ്ങളെയും, നിഷ്കളങ്കമായ സകല ചരാചരങ്ങളെയും സാക്ഷി നിര്ത്തി തുറക്കാന്‍ വേണ്ടി ഞാന് കാത്തു സൂക്ഷിച്ച എന്റെ മനസ്സിലെ മണിച്ചെപ്പാണ് കശ്മലന്‍ ഇന്ന് കുത്തിപ്പൊളിച്ചത്.

മറ്റൊരു രസകരമായ വസ്തുത, സൗഹൃദം ഒരു വഴിവാണിഭം പോലെയായിരുന്നു ഇവിടെ എന്നതാണ്. ആര്ക്കും വഴിയില്‍ നിന്നും വാങ്ങാം. കുറെ നേരം അതുംകൊണ്ട് ചുറ്റി നടക്കാം. വേണമെങ്കില്‍ കാന്റീനിലെ ഭക്ഷണത്തോടൊപ്പം കൂടെക്കൂട്ടാം. അതുമല്ലെങ്കില്‍ കൂടെക്കൊണ്ടുപോയി ലൈബ്രറിയിലെ നിശബ്ദതയെ ആട്ടിയോടിക്കുകയുമാകാം. കൂടിവന്നാല് കോളേജിനു പുറത്തു സിനിമാ തീയറ്റര്‍ വരെ കൊണ്ടുപോകാം. അതിനുമപ്പുറം ബന്ധങ്ങളുടെയോ ഹൃദയവികാരങ്ങളുടെയോ ആത്മാര്ഥത ഞാന്‍ എവിടെയും കണ്ടില്ല.

ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു പ്രഹസനം മാത്രമല്ലേ ജീവിതം എന്ന്. മറ്റുള്ളവരെ കാണിക്കാനും ബോധിപ്പിയ്ക്കാനും വേണ്ടി മാത്രം ജീവിക്കുക. അതും കുറെ നിയമത്തിന്റെ നൂലാമാലകള്ക്കിടയില്‍ കിടന്നു നരകിച്ചു കൊണ്ട്. കുറെയേറെപ്പേര്‍ ഒന്നിച്ചിരുന്നു പഠിക്കുന്നു. അതില്‍ കുറച്ചു പേര്‍ മാത്രം ഒന്നിച്ചിരുന്നു സംസാരിക്കുന്നു. അതിലും പകുതി പേര്‍ മാത്രം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. അതും കെട്ടുപാടുകള്ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രം. അതിലുപരി ഒരു സ്ഥായിയായ സ്ഥാനമോ ലക്ഷ്യമോ ആര്ക്കുമാര്ക്കുമില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇതില്‍നിന്നെല്ലാം മാറി നില്ക്കാന്‍ ശ്രമിക്കാറുണ്ട്. കൂടുതലും എന്റേതായ ലോകത്ത് ഞാന്‍ ഒതുങ്ങി നില്ക്കാറുണ്ട്. ഒരു പക്ഷെ നിങ്ങള്ക്ക് തോന്നിയേക്കാം ഞാന് ഒറ്റപ്പെട്ടു പോയിരുന്നു എന്ന്; എന്നാല് അത് തന്നെയായിരുന്നു എന്റെ ഉദ്ദേശം. പക്ഷെ മിക്കവാറും അത് നടന്നില്ല എന്ന് വേണം പറയാന്‍.
കോളേജിന്റെ ഉള്ളില് തന്നെ നിലനിന്നിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലെ ജീവിതത്തില്‍, ആദ്യദിവസങ്ങളിലെ ചില പോരായ്മ്മകള്‍ ഒഴിച്ചാല്‍ എനിക്കൊരു വിഷമവും ഉണ്ടായിരുന്നില്ല. കാരണം എവിടെയായിരുന്നാലും എനിക്ക് എന്റേതു മാത്രാമായ ലോകം സൃഷ്ടിക്കാന്‍ സാധിക്കും എന്നത് തന്നെയായിരുന്നു. പക്ഷെ പഥ്യമായിരുന്ന ദിനചര്യകള്‍ എന്നെ കൂടുതല് വേദനിപ്പിച്ചു എന്ന് വേണം പറയാന്‍. പുലര്‍കാലങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ടമാതിരിയുള്ള ജീവിതം എനിക്കതിലൂടെ നഷ്ടമായി എന്നതായിരുന്നു ഏറ്റവും വലിയ വിഷമം. വലിയ ഒച്ചയോടെയുള്ള മണിമുഴക്കങ്ങള്‍ എന്റെ പകല്‍ക്കിനാവുകളെ ആട്ടിയോടിപ്പിച്ചു. ഉണര്‍വ്വിന്റെ നിറമുള്ള വസ്ത്രങ്ങള്ക്കും, ഹൃദയത്തിന്റെ ഭാഷകളെ നിയന്ത്രിക്കാന്‍ കെല്പ്പുള്ള ഒച്ചയുള്ള സംഗീതങ്ങള്‍ക്കും, എന്തിനു പ്രകൃതിയെ വേള്ക്കുവാന്‍ കഴിയാറുള്ള രാത്രിയുടെ സ്വകാര്യതകള്‍ക്കു പോലും വിലക്കുകള്‍ നിലവില്‍ വന്നു. ആരൊക്കെയോ ചേര്‍ന്ന് എന്നെ തടവിലിട്ടപോലെ തോന്നിയെനിക്ക്.

ജാലകങ്ങള്‍ പഴുതിലൂടെ മാത്രം കടത്തി വിടുന്ന ഇളം മഞ്ഞ വെയിലുകള്‍ എന്നെ ഇക്കിളിപ്പെടുത്തുന്നതേയില്ല. മറിച്ച് അതുവരെ ആര്ദ്രവും നേര്ത്ത നനവുമുള്ളതായിരുന്ന എന്റെ ഹൃദയവിചാരങ്ങളെ ചൂട് പിടിപ്പിക്കുന്നു. ഭ്രാന്തു പിടിക്കുമായിരുന്ന എന്റെ മനസ്സ് ഒരുവേള അമ്മയ്ക്ക് കത്തെഴുതുമ്പോള്‍ തൊടിയില് നിന്നും അണ്ണാരക്കണ്ണന്മാറെയും, അതിരാവിലെ തന്നെ ചിലച്ചു കൊണ്ട് എന്റെ മനസ്സിനെ ഉണര്‍ത്താറുണ്ടായിരുന്ന പേരറിയാത്ത കിളികളെയും മറ്റും കൊടുത്തയക്കണം എന്ന് വരെ എഴുതുകയുണ്ടായി. മധ്യാഹ്നങ്ങള് തണലുകള് പൊഴിക്കുന്നതായിരുന്നു ഇതുവരെയുള്ള എന്റെ ജീവിതത്തില്‍. ഇപ്പോഴിതാ മധ്യാഹ്നങ്ങളില്‍ അച്ചടക്കങ്ങള്‍ ഞങ്ങളെ ബന്ധനസ്ഥരാക്കിയപ്പോള്‍, വിരസമായ നേരങ്ങളുമായി ഞാന്‍ തല്ലു കൂടുന്നു.
കുറച്ചെങ്കിലും സമാധാനം ക്ലാസുകള് തുടങ്ങിയപ്പോള്‍ ലഭിക്കും എന്ന് ഞാന്‍ കരുതി. അത് കൊണ്ട് തന്നെ ആദ്യ ദിവസങ്ങള്‍ എല്ലാം കുറച്ചൊക്കെ ആകാംക്ഷകളുടേതായിരുന്നു. സത്യം പറഞ്ഞാല് അമ്മയുടെ ഓര്മ്മപ്പെടുത്തലുകളിലെ പാലിക്കേണ്ട അകല്‍ച്ചകളെല്ലാം അടുപ്പങ്ങളായി മാറുന്നതിന്റെ ആശങ്കകളും ഉണ്ടായിരുന്നു. ആണ്കുട്ടികളെ ഒരകലത്തില്‍ നിര്ത്തണം. കൂട്ടുകൂടുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാവരെയും വിശ്വസിക്കരുത്. ക്ലാസുകള് എല്ലാം അറ്റന്ഡ് ചെയ്യണം, നന്നായി പഠിക്കണം, ഉഴപ്പരുത് എന്നിങ്ങനെ ലിസ്റ്റില് ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം അക്ഷരംപ്രതി ലംഘിക്കപ്പെട്ടപ്പോള്‍ എന്നില്‍ അത്ഭുതമാണ് ഉണ്ടായത്. എന്ത് കൊണ്ടാണ് ഇതെല്ലാം അകറ്റി നിര്ത്തണം എന്ന് അമ്മ പറഞ്ഞത്????????????? ഇതെല്ലാം ഇവിടെ സാധാരണമെന്ന പോലെ നടന്നു പോകുന്നു.

അസാധാരണമായത് എന്തോ ഒന്ന് സംഭവിക്കും എന്നുള്ള ഒരു തോന്നലാണ് എപ്പോഴും എന്നുള്ളില് കിടന്നു വീര്പ്പു മുട്ടിയിരുന്നത്. അതൊരു പക്ഷെ എന്താണെന്ന് കണ്ടെത്താന് കഴിഞ്ഞാല് നേരത്തെ തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്താമായിരുന്നു എന്ന് ഞാന് ചിന്തിച്ചുനോക്കി അപ്പോഴൊക്കെ. ദിവസങ്ങള്‍ കഴിയവേ എല്ലാത്തിനോടും ഞാന്‍ പൊരുത്തപ്പെട്ടപ്പോഴും കൂട്ട് കൂടലില്‍ കുറച്ചൊക്കെ ആനന്ദം കണ്ടെത്തിയപ്പോഴും പോലും ഞാന്‍ എന്റേതായ സ്വകാര്യ നിമിഷങ്ങള്‍ കണ്ടെത്താന് ശ്രമിച്ചിരുന്നു. അവിടെയ്ക്ക് മറ്റുള്ളവര്ക്കെല്ലാം പ്രവേശനം നിഷിദ്ധമാക്കി.

ഹോസ്റ്റല്‍ വാര്ഡന്‍ എന്റെ ഒഴിഞ്ഞു മാറലുകളെ സംശയത്തോടെ നോക്കിയപ്പോഴും മറ്റു പെണ്കുട്ടികള്‍ എന്നെക്കുറിച്ച് പിറുപിറുത്തപ്പോഴും അസാധാരണമായ വേദന എന്നില് വന്നു നിറഞ്ഞു. ഞാന് പതിയെ പതിയെ മാറിക്കൊണ്ടിരിക്കുകയാണോ എന്നതായിരുന്നു എനിക്കുള്ള പേടി. അതെനിക്ക് സഹിക്കാന് പറ്റുന്നതായിരുന്നില്ല. സത്യം പറഞ്ഞാല് ചുറ്റുപാടുകളില് എന്തോ ഒന്ന് തേടുകയായിരുന്നു ഞാന്. അതെന്താണെന്നോ അതിന്റെ നിര്വ്വചനം എന്താണെന്നോ എനിക്കറിയില്ല. പക്ഷെ അതിലൂടെയായിരിക്കും ഞാന് അനുഭൂതിയുടെ മാസ്മരികത സ്വായത്തമാക്കുക എന്നത് മാത്രം എന്റെ മനസ്സ് തീര്ച്ചപ്പെടുത്തിയിരുന്നു. അതിനിടയില്‍ മറ്റുള്ളവര്‍ ചില പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വിഷാദചിത്തയാകുന്നു. പലപ്പോഴും ഞാന് തെറ്റിദ്ധരിച്ചിരുന്നു, എന്നിലെ മാറ്റങ്ങളാണോ പ്രണയം എന്ന് പറയുന്നത് എന്ന്.അത് ഒരു പക്ഷെ ഇങ്ങനെയായിരിക്കുമോ?? എങ്കില് ആരോടാണ് എനിയ്ക്ക് പ്രണയം????അതിനു ഇത് വരെ ഒരു ആണ്‍കുട്ടിയെപ്പോലും എനിയ്ക്ക് കൂട്ട് കിട്ടിയിട്ടില്ല. അതോ; കോളേജ് വരാന്തകളില് ഞങ്ങളെ കാണുമ്പോള് തലമുടി ചീകുന്ന കൌമാരത്തിനോടാകുമോ, അല്ലെങ്കില്‍ വരികളില് പ്രണയം നിറച്ചു കവിതകള് മൊഴിയുന്ന യുവാക്കാളോടാകുമോ.............ആരോടെങ്കിലുമായിക്കൊള്ളട്ടെ; എനിക്കതില് വിശ്വാസമില്ല എന്നതാണ് സത്യം. കാരണം മനുഷ്യനെ പ്രണയിക്കുവാനും കുറെ നിയമങ്ങള് സ്വായത്തമാക്കണം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭയക്കുകയും ചെയ്യുന്നു.

കാലങ്ങള് പെട്ടെന്ന് തന്നെ കൊഴിഞ്ഞു കൊണ്ടേയിരുന്നു. അതിനിടയില്‍ ഓരോ അവധിക്കാലത്തും ഞാന് എന്റെ മനസ്സിനെ സ്വമേധയാ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇതിനിടയില്‍ പരീക്ഷകള്‍, കലോത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ എന്റെ കോളേജ് ജീവിതത്തില്‍ അരങ്ങേറി. പക്ഷെ അതൊന്നും എന്നെ കാര്യമായി ബാധിച്ചില്ല. സദാസമയവും കോളേജിന്റെ ഏതെങ്കിലും പരിസരങ്ങളില്‍ ഞാന്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിയ്ക്കുമായിരുന്നു. ചില ചെടികള്‍‍ക്കിടയിലും വലിയ മരങ്ങളുടെ വേരുകളുടെ പുറത്തും ഞാന്‍ കൂടുതല്‍ സമയം ഒറ്റയ്ക്ക് ചിലവഴിക്കും. കാരണം എന്റെ മൌനങ്ങളെ അവര്‍ ചോദ്യം ചെയ്യാറില്ലായിരുന്നു. മടുത്തു കൊണ്ട് തിരികെ മുറിയില്‍ ചെല്ലുമ്പോള്‍ ജാലകത്തിലൂടെ ഞാന്‍ കിന്നരിക്കാറുള്ള പേരറിയാത്ത കിളികളോട് ഞാന്‍നിരന്തരം ആവശ്യപ്പെടാറുണ്ട്, അങ്ങ് ദൂരെ അവര്‍ പറന്നു ചെല്ലാറുള്ള ഏതെങ്കിലും മേടുകളില്‍ വസന്തം വിരുന്നെത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും ചെറിയ ഒരു അംശം കൊത്തിയെടുത്തുവന്ന് ഇവിടെയും പരാഗണം നടത്തുവാന്‍. അത്രമേല്‍ ദാഹിച്ചിരിയ്ക്കുകയാണ് ഞാന്‍.
മൂന്നു കൊല്ലം കടന്നു പോയെങ്കിലും ഇന്നും ഞാന് അനുഭൂതി തേടുകയാണ്. ഇന്നിതാ അവസാന നിമിഷങ്ങളില് ഞാന് വന്നു നില്ക്കുമ്പോള് ഒരിറ്റു പ്രതീക്ഷ കൂടി എന്നില് ബാക്കി നില്ക്കുന്നു. എന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കാറുള്ളത് പോലെ.

മനസ്സു ധൃതി കൂട്ടുന്നു.......ഇതാ, സുദിനം അടുത്തിരിക്കുന്നു എന്ന്. അവധിക്കാലത്ത് കോളേജും ഹോസ്റ്റലും പരിസരവുമെല്ലാം വിജനമാകുമ്പോള് ഇവിടെ ഞാന്‍ ഉണ്ടായിരിക്കണം. അതിനു മുന്‍പ് ഇത് വരെ കണ്ട കിനാവുകള്‍ വീണ്ടും കാണണം. ഇതുവരെ ഞാന് നടന്നു തീര്ത്ത വഴിത്താരകളിലെല്ലാം ഒന്ന് കൂടി തേടണം. ഇത്ര നാള് ജീവിതത്തില് ഇനിയും ഞാന്‍ എത്തിച്ചേര്ന്നിട്ടില്ലാത്ത മരത്തണലുകളും ക്ലാസ്മുറികളും ഒട്ടേറെയുണ്ട്. അതിലൂടെയെല്ലാം പെട്ടെന്ന് സഞ്ചരിക്കണം. ഒരു വേള ഞാന്‍ കേള്‍ക്കാഞ്ഞ ചില വാക്കുകള്‍, ചില കവിതകള്‍ അല്ലെങ്കിള്‍ നിറം മങ്ങിക്കിടന്ന ചുമരിലെ കുത്തിക്കുറിക്കലുകള്‍ അതുമല്ലെങ്കില്‍ ഞാന് പുച്ചിച്ചു തള്ളിയ സൗഹൃദക്കൂട്ടങ്ങള്‍ എന്നിവടങ്ങളില്‍ എവിടെയെങ്കിലും നിന്ന് ഒരു തുണ്ട് എനിക്ക് ലഭിച്ചേക്കാം. അത് മതി, അത്രമാത്രം മതി; എനിക്ക് അതിലൂടെ പിടിച്ചു കയറി പടര്ന്നു പന്തലിക്കാന് കഴിയും. ഒരായുസ്സിന്റെ മുഴുവന് വസന്തം അവിടെ സ്വയം വിരിയിക്കുവാനും കഴിയും. തേടിത്തേടി അത്രയ്ക്ക് പരവശയായിരിക്കുന്നു ഇന്ന് ഞാന്‍.

ഇനി സമയം ഒട്ടുമില്ല പാഴാക്കുവാന്‍. തയ്യാറെടുപ്പുകള്‍ നടത്തണം. മാനസികമായും ശാരീരികമായും. ഒരു പക്ഷെ ഒഴിവു ദിവസങ്ങളില് ഇവിടെ ആരുടേയും ശല്യമില്ലത്തപ്പോള് എനിക്കതിനു സാധിച്ചേക്കാം. ആര്‍ക്കും വേണ്ടാതെ അവധിക്കാലങ്ങളില്‍ വിജനമായ ക്യാമ്പസ്സിനുള്ളില്‍ വിരുന്നെത്തുന്ന വസന്തത്തെ ഞാന്‍ ഒറ്റയ്ക്ക് എതിരേല്‍ക്കും. അതിലൂടെ ഭൂമിയിലെയ്ക്കിറങ്ങി വരുന്ന അദൃശ്യമായ അനുഭൂതികള്‍ നുകരുവാന്‍ മരങ്ങളും ചെടികളും എന്ന് വേണ്ട ഭൂമി മുഴുവനുമായും നിറക്കൂട്ടുകള് എടുത്തണിഞ്ഞ് തയ്യാറാകുമ്പോള് എനിക്കും തയ്യാറെടുക്കണം, പുഷ്പ്പിക്കണം; എന്റെ മനസ്സില് ഇതുവരെ ഞാന് മൂടിവെച്ച ഒരുപാട് പ്രതീക്ഷകള് നെഞ്ചോടു ചേര്‍ത്തു കൊണ്ട് വാനോളമുയരണം. പേരറിയാത്ത അനുഭൂതിയുടെ ആദ്യസ്പര്ശനത്തിന്റെ ആത്മനിര്‍വൃതിയില്‍ സ്വയം മറന്നു കൊണ്ട്മയങ്ങിക്കിടക്കണം.

അതെ, എന്റെ മനസ്സു പറയുന്നു ...... ഇതിലൂടെയാകാം എന്റെ ജീവിതത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകുക. അനുഭൂതി .....ഇനിയും പേരറിയാത്ത ......അര്ത്ഥമറിയാത്ത ...... അദൃശ്യ ശക്തി എന്റെ മോഹങ്ങളെ പൂവണിയിക്കും. അതിലൂടെ എന്റെ ജീവിതം ധന്യമാകും.
ശുഭം
ഹരീഷ് കാക്കനാട്ട്