Sunday, March 1, 2015

കോമരം - മിനിക്കഥ



ഇത്തവണയും പതിവ് തെറ്റിയില്ലെന്ന് മാത്രമല്ല, സര്‍വ്വതും മുടിക്കത്തക്കവിധം നാടൊട്ടുക്കും പരന്നും കഴിഞ്ഞിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചെമ്മണ്‍പാതകളില്‍ വസൂരിക്കലകള്‍ തിളച്ചുപൊന്തുന്നു. സ്വയം ദാഹം ശമിയ്ക്കാതെ പുഴയും വറ്റിക്കൊണ്ടിരിക്കുന്നു. ശാഖകളെല്ലാം ഒടിഞ്ഞു തൂങ്ങിയ വൃക്ഷങ്ങള്‍ കബന്ധങ്ങളെപ്പോലെ നിലകൊള്ളുന്നു.
 

"എന്റെമ്പ്രാ....തമ്പ്രാന്‍ വന്നു കലി തുള്ള്യാലേ ഭഗോതി കനിയൂ. ക്ടാവൊരുത്തി ഒരിറ്റു കഞ്ഞിവെള്ളം മോന്തീട്ടു കണ്ണടച്ചാ മതീന്നായി അടിയന്. ഏറെ നാളായ്ട്ട് ന്റെ കൊച്ചിന് മിണ്ടാട്ടല്ല്യാമ്പ്രാ.... അവിടുന്നിന് അടിയന്റെ കുടീല് വരെ വരാന്‍ കനിവുണ്ടാകണം...."
 

എന്റെ ഭഗവതീ, ഞാനെന്തായീ കാണണേ..... ഈ കരയ്ക്ക്‌ പുറത്തു വേറെ ഒരു ലോകമുണ്ടന്നല്ലേ ആളോള് പറയണേ; അവിടെ പേരുകേട്ട വൈദ്യന്മാരും. പക്ഷേങ്കില്, അവടന്ന് ആരെങ്കിലുമൊക്കെ ഇത്രടം വരെ വരാന്‍ തരപ്പെടില്ല്യാന്നു വെച്ചാ......അവിടത്തെ ഇഷ്ടം എന്താച്ചാ, അത് നടക്കട്ടെന്റെ ഭഗവതീ.....
 

ഇത്ര നാളും ഭാര്യയുടെ കല്പനയല്ലാതെ ഭഗവതിയുടെ കല്പന മാത്രം അനുസരിച്ച് ശീലിച്ച ആ വയോവൃദ്ധന്‍ വാളും ചിലങ്കയുമായി ഇറങ്ങി നടന്നു.
 

"നാട്ടുകാര്‍ക്ക് വയ്യാണ്ടാകുമ്പോള്‍ ഏനക്കേട് മുഴുവന്‍ ഇങ്ങേര്‍ക്കാണല്ലോ ന്റെ ഭഗവതീ.... നെറ്റി മുറിച്ചു ചോര വരുത്തണത് എന്തിനാന്നാ എനിക്ക് പിടികിട്ടാത്തെ....."
 

"ദേ!!! കണ്ടന്‍ വൈദ്യര് പറഞ്ഞത്, ഈ പ്രായത്തിലിനി നെറ്റീലെ മുറിവെല്ലാം ഉണങ്ങാന്‍ പാടാണ്, മറിച്ച് പഴുക്കേള്ളൂന്നാണേ!!!!!! കണ്ട കുടിലുകളില് മുഴുവന്‍ കയറിയിട്ട്, അവരുടെ ശാപം (വസൂരി)മുഴുവന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുമെന്നാ തോന്നണെന്റെ ഭഗവതീ.....

" നാട്ടാര് വസൂരി വന്നു ചാകുമ്പോള്‍ എന്റെ കെട്ടിയോന്‍ സ്വന്തം നെറ്റീല് വാളോണ്ട് വെട്ടി വെട്ടി ചോര വാര്‍ന്നു ചാകുമെന്നാ തോന്നണേ.....!!!!!"
അന്നേരം, വസൂരി കുടിയേറിയ ഏതോ ഒരു കുടിയില്, ഒരു പാവത്തിന്റെ കൂടി മരണത്തിനായി; തന്‍റെ അരയില്‍ പൊന്തിയ വസൂരിയുടെ ചെറു തടിപ്പിനെ ഭഗവതിയുടെ ചുവന്നപട്ടിനാല്‍ മറച്ചുകൊണ്ട് അരമണി കെട്ടുകയായിരുന്നു; അന്നാട്ടിലെ ഭഗവതിയെ ആവാഹിക്കുന്ന കോമരം.
 

ശുഭം
ഹരീഷ് കാക്കനാട്ട്